Sunday, November 3, 2013

തമ്മിലടിയില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ആര്‍എസ്എസ് സംഘര്‍ഷത്തിന് ശ്രമിക്കുന്നു: പി ജയരാജന്‍

ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കം പരസ്യമായ അക്രമത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ബോധപൂര്‍വം പാര്‍ടിയുമായി സംഘര്‍ഷമുണ്ടാക്കാനുള്ള ആര്‍എസ്എസ് ക്രിമിനലുകളുടെ നീക്കം കരുതിയിരിക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇങ്ങനെ സംഘര്‍ഷമുണ്ടാക്കുന്നതിന്റെ പ്രത്യക്ഷതെളിവാണ് വെള്ളിയാഴ്ച രാവിലെ പൊയിലൂരിലുണ്ടായത്. ആര്‍എസ്എസ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയ പൊയിലൂരിലെ പവിത്രന്‍ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പൊയിലൂര്‍ ടൗണില്‍ ഉയര്‍ത്തിയ പാര്‍ടി കൊടികളും തോരണങ്ങളും പരസ്യമായി ചുട്ടുകരിച്ചാണ് ആര്‍എസ്എസ്സിലെ ഒരു വിഭാഗം ക്രിമിനലുകള്‍ പ്രകോപനം സൃഷ്ടിച്ചത്. രാവിലെ പുഷ്പാര്‍ച്ചനക്കെത്തുന്ന സിപിഐ എം പ്രവര്‍ത്തകരുടെ മുന്നില്‍നിന്ന് കൊടിയും മറ്റും കത്തിച്ചാല്‍ നേരിട്ട് സംഘര്‍ഷം ഉണ്ടാക്കാം എന്നാണ് ഇവര്‍ കരുതിയത്. മാര്‍ക്സിസ്റ്റ് അക്രമ മുറവിളി ഉയര്‍ത്തി ശത്രുപാളയത്തില്‍ നില്‍ക്കുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ഒന്നിപ്പിക്കാമെന്നായിരുന്നു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ആര്‍എസ്എസ്സിന്റെ ദുഷ്ടലാക്ക് മനസിലാക്കിയ സിപിഐ എം പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാലാണ് സംഘര്‍ഷം ഇല്ലാതായത്.

രാവിലെ 7.30ന് പാര്‍ടി കൊടിയും മറ്റും ചുട്ടുകരിക്കാന്‍ നേതൃത്വം നല്‍കിയത് വടക്കേയില്‍ പ്രമോദ്, പരുന്ത് ബാലന്‍, അര്‍ജുന്‍ തുടങ്ങിയ ആര്‍എസ്എസ് ക്രിമിനലുകളാണ്. ഒക്ടോബര്‍ 29ന് പാനൂരില്‍ ഒരു വിഭാഗം യോഗം ചേര്‍ന്നു കൊണ്ടിരിക്കെ ആര്‍എസ്എസ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഒരു പറ്റം ക്രിമിനലുകള്‍ ബിജെപി നേതാക്കളായ ഒ കെ വാസുവിനെയും എ അശോകനെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. ഇതോടെ പാനൂരിലും പരിസരങ്ങളിലും ബിജെപിക്കാര്‍ രണ്ടു ചേരിയായിരിക്കുകയാണ്. ഈ ചേരിതിരിവ് ഇല്ലാതാക്കാനുള്ള ആര്‍എസ്എസ് നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് പൊയിലൂര്‍ സംഭവത്തിലൂടെ വെളിവായത്. അകാരണമായി സംഘര്‍ഷമുണ്ടാക്കാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment