Monday, November 4, 2013

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സത്യപ്രതിജ്ഞ ലംഘിക്കുന്നു: കോടിയേരി

കണ്ണൂര്‍: നടി ശ്വേതാ മേനോന്‍ അപമാനിക്കപ്പെട്ട സംഭവം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൈകാര്യംചെയ്തത് നിയമപരമായല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തന്നെ അപമാനിച്ചതെന്ന് ആരാണെന്ന് ശ്വേത വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും, തങ്ങളുടെ പാര്‍ടിക്കാരനായ ആരോപണവിധേയനെ രക്ഷിക്കാനാണ് ശ്രമം. ഇതിലൂടെ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. എല്‍ഡിഎഫ് ഉത്തരമേഖലാ ജാഥയുടെ പര്യടനത്തോടനുബന്ധിച്ച് കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് സിആര്‍പിസി 156 മുതല്‍ 173 വരെയുള്ള വകുപ്പുകളില്‍ വരുന്ന ഏതെങ്കിലും കുറ്റകൃത്യം നടന്നാല്‍ പൊലീസ് സ്വമേധയാ കേസ് എടുക്കണം. സ്ത്രീസുരക്ഷാ നിയമത്തില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത ഐപിസി 354 (എ) വകുപ്പു പ്രകാരം സ്ത്രീയെ അശ്ലീലച്ചുവയോടെ നോക്കുന്നതുപോലും രണ്ടുവര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇത്രയും ഗൗരവമായ കുറ്റകൃത്യം നടന്നിട്ട് പൊലീസ് പ്രാഥമികാന്വേഷണംപോലും നടത്താത്തത് ഉന്നതങ്ങളില്‍നിന്നുള്ള രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണ്. സംഭവം ആദ്യം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും ശ്വേത പറഞ്ഞു. നിയമപ്രകാരം നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ കലക്ടര്‍ക്കെതിരെയും നടപടി വേണം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ 26837 സ്ത്രീപീഡനസംഭവങ്ങളാണ് ഉണ്ടായത്. ഈ കാലയളവിനിടയില്‍ അഞ്ചു വയസ്സിനു താഴെയുള്ള 31 കുഞ്ഞുങ്ങളും 1234 പെണ്‍കുട്ടികളുമാണ് പീഡിപ്പിക്കപ്പെട്ടത്. ട്രെയിന്‍ യാത്രക്കിടെ 124 സ്ത്രീകള്‍ അപമാനിക്കപ്പെട്ടു. ഇതെല്ലാം കാണിക്കുന്നത് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതത്വമില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നാണ്. എറണാകുളത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസിനെ യാത്രക്കാരന്‍ തട്ടിക്കൊണ്ടുപോകുന്ന സ്ഥിതിയുണ്ടായി. സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ എല്‍ഡിഎഫ് പ്രക്ഷോഭം തുടരുമെന്ന് കോടിയേരി വ്യക്തമാക്കി. കേരളത്തിലെ എല്ലാവിധ തട്ടിപ്പുകളുടെയും രക്ഷാധികാരിയായി ഉമ്മന്‍ചാണ്ടി മാറി. എംബിബിഎസ് തട്ടിപ്പിനുപിന്നിലും മുഖ്യമന്ത്രിയുടെ ഓഫീസുണ്ട്. കവിതാ പിള്ളയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം ഇടതുപക്ഷത്തെ എതിര്‍ക്കുന്ന ക്രൈം നന്ദകുമാറാണ് വെളിപ്പെടുത്തിയത്. ഫായിസിന്റെ നേതൃത്വത്തിലുള്ള സ്വര്‍ണക്കടത്ത് കേസ്, സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് സംബന്ധിച്ച കേസ് എന്നിവയില്‍ മുഖ്യമന്ത്രിയുമായുള്ള ബന്ധം തന്നെയാണ് അന്വേഷണത്തിനു തടസ്സം- കോടിയേരി പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളായ സി എന്‍ ചന്ദ്രന്‍, സി കെ നാണു, കോവൂര്‍ കുഞ്ഞുമോന്‍, വി സുരേന്ദ്രന്‍പിള്ള, മാമ്മന്‍ ഐപ്പ്, ഇ പി ആര്‍ വേശാല, കെ പി സഹദേവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കുറുപ്പിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നാണംകെട്ടു

കൊല്ലം: പൊതുപരിപാടിക്ക് ക്ഷണിച്ചുവരുത്തിയശേഷം നടി ശ്വേതാമേനോനെ അപമാനിച്ച കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പ് എംപിയെ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നാണംകെട്ടു. നടിയെ അപമാനിച്ച സംഭവം നാട്ടില്‍ വിവാദമായി കത്തിപ്പടരുകയാണ്. വിവിധ സംഘടനകള്‍ സംഭവത്തില്‍ സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനിടയിലാണ് ജനങ്ങളുടെ പ്രബുദ്ധതയെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് അപഹസ്യമായ നിലപാട് എടുത്തത്.

ഞായറാഴ്ച കൊല്ലം ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാന്‍ കുറുപ്പിന്റെ "സ്ഥാനാര്‍ഥിത്വം" പ്രഖ്യാപിച്ചത്. ലോക്സഭാ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലാണ് പ്രഖ്യാപിക്കുക. ഇവിടെ സംഘടനാരീതി ലംഘിക്കുകയായിരുന്നു ഡിസിസി പ്രസിഡന്റ്. ശ്വേത മേനോന്‍ ദുഷ്ടലാക്കോടെ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നും പ്രതാപവര്‍മ ആരോപിച്ചു. സംഭവദിവസം വൈകിട്ട് നാലരയോടെ "നടന്നു" എന്നു പറയുന്ന കാര്യം രാത്രി 10.30 വരെ എന്തിനു മൂടിവച്ചു എന്നും തമ്പാന്‍ ചോദിച്ചു. വലിയൊരു പരിപാടി നടക്കുമ്പോള്‍ അതിന്റെ ആവേശം തല്ലിക്കെടുത്താന്‍ ആഗ്രഹിക്കാത്തതിനാലാണ് സംഭവസ്ഥലത്തു പ്രതികരിക്കാതിരുന്നത് എന്നു ശ്വേത വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചപോലും കോണ്‍ഗ്രസില്‍ തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വിവാദമായ കേസില്‍ ഒന്നാംപ്രതിയായ പീതാംബരക്കുറപ്പിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പീഡനക്കേസ് പ്രതിയുടെ സംരക്ഷണം ഏറ്റെടുത്തത്.

deshabhimani

No comments:

Post a Comment