Friday, November 1, 2013

ജനസമ്പര്‍ക്കം വോട്ടിന് വേണ്ടിയുള്ള തട്ടിപ്പ്: കോടിയേരി

കാസര്‍കോട്/കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി വോട്ടിന് വേണ്ടിയുള്ള തട്ടിപ്പാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെട്ടെന്ന് മനസിലായപ്പോഴാണ് ജനസമ്പര്‍ക്കവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. കേരളം നിലവില്‍ തട്ടിപ്പ് സംഘങ്ങളുടെ കേന്ദ്രമാണെന്നും ഇവര്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് മുഖ്യമന്ത്രിയാണെന്നും കോടിയേരി പറഞ്ഞു. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ തുറന്നുകാട്ടിയും പര്യടനം നടത്തുന്ന വടക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ കോടിയേരി.

വടക്കന്‍മേഖല ജാഥ വൈകിട്ട് നാലരയ്ക്ക് ഉപ്പളയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരന്റെ നേതൃത്വത്തിലുള്ള തെക്കന്‍മേഖലാ ജാഥ വൈകിട്ട് എറണാകുളം തൃക്കാക്കര പാട്ടുപുരയ്ക്കലില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

കണ്ണൂരില്‍ മുഖ്യമന്ത്രിയ്ക്ക് കല്ലേറ് കൊണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനാണെന്ന് കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയെ രക്ഷിക്കാനെന്ന വ്യാജേന നിന്നവരാണ് കല്ലെറിഞ്ഞതെന്ന് ആഭ്യന്തര മന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമായ സുരക്ഷാവീഴ്ചയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഗണ്‍മാന്റെ സ്ഥാനത്ത് കെപിസിസി സെക്രട്ടറി സിദ്ദിഖാണ് ഇരുന്നത്. ഗണ്‍മാന് പരിക്ക് പറ്റാതെ പിന്നിലിരിക്കുന്ന വിവിഐപിയ്ക്ക് പരിക്ക് പറ്റിയ സംഭവം ആദ്യമായിട്ടായിരിക്കും ഉണ്ടായത്. മുഖ്യമന്ത്രിയുടെ സുരക്ഷാസേനയിലെ ഒരു പൊലീസുകാരനും കല്ലേറില്‍ പരിക്കേറ്റിട്ടില്ല. കോണ്‍ഗ്രസുകാരുടെ തിരക്കഥയ്ക്കനുസരിച്ചാണ് കല്ലേറ് നടന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

കല്ലേറിന് ശേഷം ഇടത് മുന്നണി ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതും ഇതിനെ തുടര്‍ന്നാണ്. വിഐപി വാഹനങ്ങള്‍ക്ക് കല്ലെറിയുന്ന പതിവ് തുടങ്ങി വച്ചത് യൂത്ത് കോണ്‍ഗ്രസുകാരാണ്. ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ എത്രതവണയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമണം നടത്തിയതെന്നും കോടിയേരി ചോദിച്ചു. എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ക്ലിഫ് ഹൗസ് ഉപരോധം ഇതിന് മുന്‍പ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. 1968ല്‍ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന്റെ വസതി അന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ആഹ്വാനപ്രകാരം ഉപരോധിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സമാധാനപരാമയാണ് ക്ലിഫ് ഹൗസ് ഉപരോധം സംഘടിപ്പിക്കുകയെന്നും കോടിയേരി പറഞ്ഞു.

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ കേരളത്തിലേയും കേന്ദ്രത്തിലേയും രാഷ്ട്രീയ സാഹചര്യം മാറും. കേരളത്തിലെ കോണ്‍ഗ്രസ് ഭരണത്തിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരേയേ കൂടിവന്നാല്‍ ആയുസുള്ളൂ. കേന്ദ്രത്തില്‍ കഴിഞ്ഞദിവസം നടന്ന മതേതര കണ്‍വെന്‍ഷനില്‍ അണിനിരന്ന 16 കക്ഷികള്‍ക്ക് മുന്നൂറിലധികം സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന് ചാനല്‍ സര്‍വേകള്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് ഭരണമാണെന്ന് കരുതി കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നത് നന്നാവുമെന്നും കോടിയേരി വ്യക്തമാക്കി.

സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ ചന്ദ്രന്‍, ആര്‍എസ്പി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍, ജനതാദള്‍-എസ് നേതാവ് സി കെ നാണു, കോണ്‍ഗ്രസ-എസ് നേതാവ് ഇ പി ആര്‍ വേശാല, കേരള കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്‍പിള്ള, എന്‍സിപി നേതാവ് മാമ്മന്‍ ഐപ്പ് എന്നിവരാണ് വടക്കന്‍ മേഖലാജാഥാംഗങ്ങള്‍.

തെക്കന്‍മേഖലാ ജാഥയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, ആര്‍എസ്പി കേന്ദ്രസെക്രട്ടറിയറ്റ് അംഗം എന്‍ കെ പ്രേമചന്ദ്രന്‍, ജനതാദള്‍ എസ് നേതാവ് ജമീല പ്രകാശം എംഎല്‍എ, എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ്, കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ കാഞ്ഞിലി എന്നിവരാണ് അംഗങ്ങള്‍. ജാഥ രണ്ടിന് പകല്‍ 10ന് കൊച്ചിയില്‍നിന്ന് പര്യടനം തുടങ്ങും. വടക്കന്‍ മേഖലാ ജാഥ തൃശൂരിലും തെക്കന്‍ മേഖലാജാഥ തിരുവനന്തപുരത്തുമാണ് സമാപിക്കുക.

deshabhimani

No comments:

Post a Comment