സംസ്ഥാനത്ത് കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും അടക്കമുള്ള വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് സൗജന്യ സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു. സെക്രട്ടറിയറ്റ് ഉള്‍പ്പെടെയുള്ള ഓഫീസുകളില്‍ ഹാജര്‍നില പേരിനു മാത്രമായി. ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നതിനാല്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല. റെയില്‍വേ സ്റ്റേഷനുകളിലും കാര്യമായ തിരക്കുണ്ടായില്ല. രാവിലെ ഹര്‍ത്താല്‍ ആരംഭിച്ചതോടെ നഗര-ഗ്രാമ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രകടനം നടത്തി.
കാര്‍ഷിക മേഖലകളില്‍ കേന്ദ്ര- സംസ്ഥാന മന്ത്രിമാരുടെയും ഭരണകക്ഷി എംപിമാരുടെയും കോലങ്ങളേന്തിയായിരുന്നു പ്രകടനം. ഇടുക്കിയില്‍ നിരവധി കേന്ദ്രങ്ങളില്‍ പി ടി തോമസ് എംപിയുടെ കോലംകത്തിച്ചു. തലസ്ഥാനത്ത് സെക്രട്ടറിയറ്റിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തി. തൃശൂരില്‍ കോര്‍പറേഷന്‍ ഓഫീസ് പരിസരത്തു ചേര്‍ന്ന പൊതുയോഗം ചെന്നായ്പാറ ദിവ്യഹൃദയ ആശ്രമം ഡയറക്ടര്‍ ഫാ. ജോര്‍ജ് കണ്ണന്‍പ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. പൊലീസിനെ ഉപയോഗിച്ച് ഹര്‍ത്താല്‍ നേരിടാനുള്ള സര്‍ക്കാരിന്റെ ശ്രമം ചിലയിടങ്ങളില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി. വന്‍ പൊലീസ് സന്നാഹം പലയിടത്തും പ്രശ്നം സൃഷ്ടിച്ചു. തൊടുപുഴയില്‍ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തിയ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ചെറുതോണി അണക്കെട്ടിലേക്ക് നടത്തിയ പ്രകടനത്തിനിടെയും പൊലീസുമായി സംഘര്‍ഷമുണ്ടായി. മലയോരതെരുവുകളിലിറങ്ങിയ കുട്ടികള്‍ അടക്കമുള്ള ജനസഞ്ചയത്തിന്റെ പ്രതിഷേധത്തിനു നേരെയും പൊലീസ് ബലപ്രയോഗത്തിന് ശ്രമിച്ചു.
മറയൂര്‍ കാന്തല്ലൂരില്‍ കര്‍ഷക-തോട്ടം തൊഴിലാളി സ്ത്രീകള്‍ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ഉപരോധിച്ചു. മലപ്പുറം എടവണ്ണയില്‍ പൊലീസ് സഹായത്തോടെ സിപിഐ എം ഓഫീസ് മുസ്ലിംലീഗുകാര്‍ തകര്‍ത്തു. ഹര്‍ത്താലിനൊപ്പം ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ആഹ്വാനംചെയ്ത 48 മണിക്കൂര്‍ തെരുവുവാസ സമരം തുടരുകയാണ്. ചൊവ്വാഴ്ച രാത്രിവരെയാണ് സമരം. കീരിത്തോടു മുതല്‍ കുമളിവരെയുള്ള റോഡില്‍ ഹൈറേഞ്ച് ജനത ഒന്നിച്ചു. വീട്ടമ്മമാരും കുട്ടികളും വൈദികരും കന്യാസ്ത്രീകളുമടക്കം ആബാലവൃദ്ധമാണ് റോഡരികില്‍ ഭക്ഷണം പാകംചെയ്ത് ഉപരോധസമരം നടത്തുന്നത്. കേരളത്തില്‍ അതിശക്തമാകുന്ന പ്രതിഷേധം തണുപ്പിക്കാനുള്ള കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ വൃഥാ ശ്രമം തിങ്കളാഴ്ചയും തുടര്‍ന്നു.
ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി ജയന്തി നടരാജന്‍ ഡല്‍ഹിയില്‍ ആവര്‍ത്തിച്ചു. ഹര്‍ത്താലിനുള്ള പിന്തുണ മനസിലാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെപ്രാളപ്പെട്ട് വാര്‍ത്താസമ്മേളനം വിളിച്ചെങ്കിലും പതിവ് കസര്‍ത്തില്‍ ഒതുങ്ങി. പ്രക്ഷോഭത്തിന്റെ പേരില്‍ എല്‍ഡിഎഫിനെതിരെ തിരിഞ്ഞ മുഖ്യമന്ത്രിക്ക് ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ നിര്‍ദേശങ്ങളൊന്നുമുണ്ടായില്ല.
deshabhimani
No comments:
Post a Comment