സോളാര്‍ തട്ടിപ്പിലൂടെ പ്രതി സരിത എസ് നായര്‍ കൈക്കലാക്കിയത് ആറുകോടി രൂപ മാത്രമാണെന്നും ബാങ്ക് അക്കൗണ്ടുകളില്‍ അവശേഷിക്കുന്നത് ഒരുലക്ഷം രൂപയില്‍ താഴെയെന്നും പൊലീസ് ഹൈക്കോടതിയില്‍. പതിനായിരം കോടിയുടെ തട്ടിപ്പാണ് അരങ്ങേറിയതെന്ന സര്‍ക്കാര്‍ ചീഫ് വിപ്പിന്റെയടക്കം വാദം നിലനില്‍ക്കുമ്പോഴാണ്, കേസ് ലഘൂകരിച്ച് സരിതയെ മോചിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കോടതിയില്‍ പൊലീസ് വ്യാജറിപ്പോര്‍ട്ട് നല്‍കിയത്. തട്ടിപ്പുപണം ഭൂരിഭാഗം ചെലവഴിച്ചത് ആര്‍ഭാടജീവിതത്തിനും സോളാര്‍ കമ്പനിയുടെ പരസ്യത്തിന് വേണ്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
തട്ടിപ്പിലൂടെ സമാഹരിച്ച ആറുകോടി രൂപയില്‍ 5.5 കോടി രൂപ പ്രതികള്‍ ചെലവഴിച്ചതിനാല്‍ പണമായി വീണ്ടെടുക്കാനായിട്ടില്ലെന്നും പൊലീസ് അവകാശപ്പെടുന്നു. ഓഫീസുകളുടെ ആവശ്യത്തിനും വാഹനങ്ങള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കുമായി സോളാര്‍ കേസ് പ്രതികളായ സരിതയും ബിജുവും ചെലവഴിച്ചത് 11.99 ലക്ഷം രൂപ. വിനോദയാത്രകള്‍ക്കും തീര്‍ഥാടനത്തിനും വിമാനയാത്രകള്‍ക്കുമായി 18 ലക്ഷം രൂപയും രണ്ടുവര്‍ഷത്തെ വിമാനയാത്രാക്കൂലിയിനത്തില്‍ 12 ലക്ഷവും ചെലവഴിച്ചു. ചികിത്സക്കായി 40,000 രൂപ. ക്ഷേത്ര ഉത്സവങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവയ്ക്ക് സംഭാവനയായി 16 ലക്ഷം രൂപയും മൂന്നുവര്‍ഷത്തെ വീട്ടുചെലവിനായി 20 ലക്ഷം രൂപയും ചെലവഴിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വസ്ത്രങ്ങള്‍ക്കും വേലക്കാരിക്കുമായി സരിത 14.82 ലക്ഷം രൂപ ചെലവഴിച്ചു. സോളാര്‍ കമ്പനിയുടെ പ്രചാരണാര്‍ഥമുള്ള പരിപാടികള്‍ക്കായി വന്‍തുകയും സിനിമാതാരങ്ങള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കാന്‍ 40 ലക്ഷം രൂപയും ചെലവിട്ടു. നടി ശാലുമേനോന് വീടുനിര്‍മിക്കാന്‍ 1.21 കോടി ഉപയോഗിച്ചതായും അന്വേഷണസംഘം പറയുന്നു.
അതേസമയം പ്രതികളുടെ പേരിലുള്ള 16 ബാങ്ക് അക്കൗണ്ടുകളില്‍ കേവലം 96,823 രൂപ മാത്രമാണ് ബാക്കിയുള്ളത്. ടീം സോളാര്‍, വെസ്റ്റ് വിന്‍ഡ് എന്നീ സ്ഥാപനങ്ങളുടെയും പ്രതികളായ ബിജുവിന്റെയും സരിതയുടെയും പേരുകളിലാണ് ബാങ്ക് അക്കൗണ്ടുകള്‍. ഇവയില്‍ മൂന്ന് അക്കൗണ്ടുകളില്‍ ബാക്കിയൊന്നുമില്ല. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കയാണെന്നും സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ നടപടി ആരംഭിച്ചതായും അന്വേഷണസംഘം കോടതിയില്‍ പറഞ്ഞു. കേസിലെ പരാതിക്കാരില്‍ ഭൂരിഭാഗവും സമൂഹത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നവരായതിനാല്‍ വിവാദങ്ങള്‍ ഭയന്ന് ഇവര്‍ പണം സ്വീകരിക്കാതെതന്നെ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അന്വേഷണസംഘം അഭിപ്രായപ്പെട്ടു. പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണനാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
സരിത സാരി വാങ്ങിയത് 13 ലക്ഷം രൂപക്ക്
കൊച്ചി: സോളാര്‍ ഇടപാടിലൂടെ തട്ടിച്ചെടുത്ത പണംകൊണ്ട് സരിത സാരി വാങ്ങിയത് 13 ലക്ഷം രൂപക്ക്. തട്ടിപ്പിലൂടെ സരിതയും ബിജു രാധാകൃഷ്ണനും കൈയടക്കിയ ആറ് കോടി രൂപയുടെ കണക്കുകള്‍ പ്രത്യേക അന്വേഷണ സംഘമാണ് ചൊവ്വാഴ്ച ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. പണത്തിലേറെയും ആഡംബരത്തിനായാണ് ചെലവഴിച്ചതെന്നും പറയുന്നു. കഴിഞ്ഞ ദിവസം സരിതയുടെ ജാമ്യപേക്ഷ പരിഗണിക്കുമ്പോള്‍ ഇവര്‍ തട്ടിച്ചെടുത്ത പണം എന്ത് ചെയ്തുവെന്ന് അറിയിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എങ്ങിനെയാണ് പണംകൊടുത്ത് സരിത കേസുകള്‍ ഒതുക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം കണക്കുകള്‍ കോടതിയെ അറിയിച്ചത്.
തട്ടിച്ചെടുത്ത ആറ് കോടിയില്‍ അഞ്ചരകോടിയും ചെലവഴിച്ചു. 16 അക്കൗണ്ടിലൂലെയാണ് ചിലവഴിച്ചിട്ടുള്ളത്. സരിത സാരി വാങ്ങാന്‍ 13 ലക്ഷം രൂപയും മൂന്ന് വര്‍ഷത്തെ വീട്ടുചെലവിന് ഇരുപത് ലക്ഷം രൂപയും മൂന്ന് ദിവസത്തെ ഊട്ടിയാത്രയ്ക്ക് അഞ്ച് ലക്ഷം രൂപയും ടീം സോളാറിന്റെ പരസ്യത്തിനായി 25 ലക്ഷം രൂപയും നക്ഷത്ര ഹോട്ടലിലെ താമസത്തിന് ആറ് ലക്ഷം രൂപയും പരിസ്ഥിതി അവാര്‍ഡിന് പത്ത് ലക്ഷം രൂപയും ചെലവാക്കി.
പലപ്പോഴായി സിനിമാ താരങ്ങള്‍ക്ക് ഇരുപത് ലക്ഷം രൂപ നല്‍കി. നടി ശാലു മേനോന് വീട് നിര്‍മിക്കാന്‍ ബിജു രാധാകൃഷ്ണന്‍ ഒരു കോടി 20 ലക്ഷം രൂപയും നല്‍കിയതായും പറയുന്നു.
രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി
കോട്ടയം/പുതുപ്പള്ളി: കോട്ടയം ജില്ലയിലെങ്ങും മണിക്കൂറുകള്‍ സരിത കറങ്ങിയതിനെക്കുറിച്ച് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലും തുമ്പുകിട്ടുന്നില്ല. ഭരണപക്ഷത്തെ ഉന്നതനേതാവും ജയിലധികൃതരും സരിതയുടെ സംരക്ഷകരായി പുറത്തുപോകുന്ന പൊലീസ് സംഘവുമായി ചേര്‍ന്നുണ്ടാക്കിയ ധാരണപ്രകാരമാണ് കറക്കമെന്നാണ് സൂചന. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം പൊലീസ് രഹസ്യാന്വേഷണവിഭാഗം സരിത ഉച്ചഭക്ഷണം കഴിച്ച ഹോട്ടലുകളില്‍ അന്വേഷണം നടത്തി. സരിതയ്ക്കൊപ്പം പൊലീസല്ലാതെ ആരൊക്കെ ഉണ്ടായിരുന്നുവെന്നാണ് തിരക്കിയത്. മറ്റു പ്രതികളുമായി പോകുന്നതില്‍നിന്ന് വ്യത്യസ്തമായി പൊലീസിന്റെ ആധുനിക ജീപ്പുകളിലൊന്നിലായിരുന്നു യാത്ര. ഇവയുടെ ചില്ലുകള്‍ കര്‍ട്ടനിട്ട് മറയ്ക്കാനും പൊലീസ് സദാ ശ്രദ്ധിച്ചിരുന്നു. സരിത കോട്ടയം ജില്ലയിലെത്തിയ വെള്ളിയാഴ്ച ഈ ജില്ലയിലും സമീപജില്ലകളിലും അവര്‍ പ്രതിയായ കേസുകള്‍ പരിഗണിച്ചിരുന്നില്ല. സരിതയെ പുറത്താരും കാണാതിരിക്കുംവിധമായിരുന്നു യാത്ര. നാല് വനിതാ പൊലീസുകാരടക്കം ആറുപേരായിരുന്നു സംരക്ഷണം. സരിതയുടെ പണാപഹരണക്കേസ് അന്വേഷിക്കുന്ന സംഘത്തില്‍ കോട്ടയം ഡിവൈഎസ്പി വി അജിത് അംഗമായിരുന്നു. ഇദ്ദേഹം അന്വേഷിച്ച കേസുകളിലെല്ലാം കുറ്റപത്രം സമര്‍പ്പിച്ചതാണ്. എറണാകുളം- തിരുവനന്തപുരം ദേശീയപാതയും കോട്ടയം നഗരത്തിലൂടെ എംസി റോഡും ഒഴിവാക്കിയായിരുന്നു വളഞ്ഞുചുറ്റിയുള്ള സരിതായാത്ര. എറണാകുളത്തുനിന്ന് പുതുപ്പള്ളിയിലെത്തിയശേഷം ചങ്ങനാശേരി വഴി തിരുവനന്തപുരത്തിന് പോയതായാണ് വിവരം. കോടതിക്കു പുറത്ത് ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങളെ കോടതിതന്നെ വിമര്‍ശിച്ച സാഹചര്യത്തിലാണ് പ്രതിയുമായുള്ള ഈ കറക്കം.
സരിതയുടെ ഒരു കേസുകൂടി ഒതുക്കി
കായംകുളം: സോളാര്‍ തട്ടിപ്പുകാരി സരിത ഉള്‍പ്പെട്ട വള്ളികുന്നത്തെ പണാപഹരണക്കേസും മധ്യസ്ഥന്‍ മുഖേന പണം നല്‍കി ഒത്തുതീര്‍ത്തു. താമരക്കുളം കണ്ണനാകുഴി തപോവന്‍ യോഗചികിത്സാ ആശ്രമത്തിലെ യോഗീ നിര്‍മലാനന്ദഗിരി നല്‍കിയ പരാതിയിലായിരുന്നു വള്ളികുന്നം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ആശ്രമം ട്രസ്റ്റായി രൂപീകരിച്ച് അനാഥമന്ദിരം, ആയുര്‍വേദ, അലോപ്പതി ആശുപത്രി എന്നിവ സ്ഥാപിക്കാമെന്നും പറഞ്ഞ് ഗിരിയില്‍ നിന്നും പലതവണ പണം അപഹരിച്ചെടുത്തതായിട്ടാണ് കേസ്. 2003ലാണ് സംഭവം. പലതവണകളായി 80,000ത്തോളം രൂപ സരിത തട്ടിയെടുത്തെന്ന് നിര്‍മലാനന്ദ ഗിരി പറഞ്ഞു. കായംകുളം കോടതിയില്‍ ഹാജരാക്കിയ സരിതയ്ക്ക് ഈ കേസില്‍ ജാമ്യം അനുവദിച്ചു.
തിങ്കളാഴ്ച പകല്‍ 11.30 ഓടെ വന്‍ പൊലീസ് സന്നാഹത്തിലാണ് സരിതയെ അട്ടക്കുളങ്ങര ജയിലില്‍ നിന്നും ഇവിടെ ഹാജരാക്കിയത്. കോടതിയില്‍ സരിതയ്ക്ക് വേണ്ടി അഡ്വ. ഫെനി ബാലകൃഷ്ണന്‍ ഹാജരായി. കേസ് ഒത്തുതീര്‍പ്പാക്കിയതായും ഫെനി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷണം പൂര്‍ത്തീകരിക്കാത്തതിനാല്‍ സരിതയെ ചോദ്യം ചെയ്യുന്നതിനായി വള്ളികുന്നം എസ്ഐക്ക് അനുവാദം നല്‍കി. രാവിലെ 11നും വൈകിട്ട് അഞ്ചിനും ഇടയില്‍ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് എസ്ഐക്ക് അനുവാദം നല്‍കിയത്. കേസില്‍ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലാതിരുന്നതിനാല്‍ ജാമ്യക്കാരില്ലാതെയായിരുന്നു സരിത കോടതിയില്‍ എത്തിയത്.
deshabhimani
No comments:
Post a Comment