Tuesday, January 7, 2014

ആലത്തൂര്‍ നഗരത്തില്‍ ആര്‍എസ്എസ് ഭീകരത

ആലത്തൂര്‍: കോടതിയും പൊലീസ് സ്റ്റേഷനും സ്ഥിതിചെയ്യുന്ന നഗരത്തില്‍ കൊലവിളിയുമായി ആര്‍എസ്എസ് ക്രിമിനല്‍സംഘം. ജീവഭയത്തോടെ ജനക്കൂട്ടം. ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തിന്റെ അക്രമത്തിനു സാക്ഷികളായവര്‍ക്ക് ഭീതിദമായ ആ നിമിഷം മറക്കാനാകില്ല.

താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗികളും മറ്റും എന്തു ചെയ്യണമെന്നറിയാതെ അലമുറയിട്ടു. തിങ്കളാഴ്ച പകല്‍ 11ന് ആശുപത്രി ഒപിയിലേക്ക് ഇരച്ചെത്തിയ അക്രമിസംഘം കോണ്‍ഗ്രസുകാരെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. കൈക്കുഞ്ഞുങ്ങളെയും വൃദ്ധമാതാക്കളെയുംകൊണ്ട് ആശുപത്രിയില്‍ ചികിത്സക്കെത്തിയവര്‍ വാവിട്ടു നിലവിളിച്ചു. ആശുപത്രിയില്‍ എന്തോ ദുരന്തംനടന്നതായി നാട്ടുകാര്‍ ഭയന്നു. അക്രമികളെക്കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചവരെയും വെട്ടിവീഴ്ത്തി. മരുന്നു വാങ്ങാനെത്തിയ വൃദ്ധനെപ്പോലും വെട്ടിവീഴ്ത്തി. പാളയത്തെ ശശി ആശുപത്രിക്കുമുന്നിലെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെങ്കിലും പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. ശിവദാസന്‍ സബ്ട്രഷറിക്കുമുന്നിലൂടെ കോടതിയിലേക്കു ഓടുകയായിരുന്നു. ഓട്ടത്തിനിടയില്‍ വസ്ത്രവും നഷ്ടപ്പെട്ടു. സംഭവമറിഞ്ഞെത്തിയ രോഗികള്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ മാരകായുധങ്ങളുമായി അക്രമിസംഘം അഴിഞ്ഞാടി. കോടതിവളപ്പിലും പൊലീസ്സ്റ്റേഷനുമുന്നിലും നടന്ന ഇത്തരം സംഭവം നാട്ടുകാരെ ചൊടിപ്പിച്ചു.

ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ആര്‍എസ്എസ് അക്രമം: വൃദ്ധനടക്കം 6 പേര്‍ക്ക് പരിക്ക്

ആലത്തൂര്‍: താലൂക്ക് ആശുപത്രിയില്‍ മാരകായുധങ്ങളുമായി ആര്‍എസ്എസ് സംഘം ആക്രമിച്ചു. അക്രമത്തില്‍ വൃദ്ധനടക്കം ആറ്പേര്‍ക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച പകല്‍ 11ന് നാല് ബൈക്കുകളിലായെത്തിയ പത്തോളം പേരാണ് അക്രമം നടത്തിയത്. ഗര്‍ഭിണിയായ മകളെ ചികിത്സിക്കാനെത്തിയ മേലാര്‍ക്കോട് പൈറ്റാംകുന്നം വേലായുധന്‍(65), വടക്കഞ്ചേരി പാളയം സ്വദേശികളായ രാജന്റെ മകന്‍ ശശി(21), കൃഷ്ണന്റെ മകന്‍ ബാബു(29), ഗുരുവായൂരപ്പന്റെ മകന്‍ മനോജ്(22), സുബ്രഹ്മണ്യന്റെ മകന്‍ ശിവദാസന്‍(28), കണ്ണന്റെ മകന്‍ സന്തോഷ്(22)എന്നിവര്‍ക്കാണ് പരിക്കേറ്റത്. വേലായുധന്‍ ഒഴികെയുള്ളവര്‍ പാളയത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.

ഞായറാഴ്ച രാത്രി പാളയത്ത് ആര്‍എസ്എസ്- കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്പ്രവര്‍ത്തകനായ ദേവനെ(17)താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദേവനെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്തുടര്‍ന്നെത്തിയ ആര്‍എസ്എസ്സുകാര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രി ഒപിക്കു മുന്നില്‍വച്ച് കോണ്‍ഗ്രസുകാരെ വടിവാള്‍കൊണ്ട് വെട്ടിയതോടെ ചികിത്സക്കെത്തിയ നൂറുകണക്കിനു പേര്‍ ചിതറിയോടി. അക്രമിസംഘം കോണ്‍ഗ്രസുകാരെ ആശുപത്രിമുറ്റത്തിട്ട് വെട്ടി. രക്ഷപ്പെടാനായി ഓടുന്നതിനിടെ വീണവരേയും പിന്തുടര്‍ന്നു വെട്ടി. പ്രാണരക്ഷാര്‍ഥം ആശുപത്രിക്കുസമീപത്തെ കോടിതിയിലേക്കും പൊലീസ് സറ്റേഷനിലേക്കും ഓടിയവരെ പിന്തുടര്‍ന്ന് വെട്ടിവീഴുത്തുകയായിരുന്നു. മകളെ പരിചരിക്കാനെത്തിയ വേലായുധന് നട്ടെല്ലിനാണ് വെട്ടേറ്റത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വേലായുധന്റെ ശരീരം തളര്‍ന്നു. കൈക്കും കാലിനും തലയ്ക്കും വെട്ടേറ്റ ശശിയുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ക്ക് പുറത്തും കൈകാലുകള്‍ക്കും പരിക്കുണ്ട്. പരിക്കേറ്റവരെല്ലാം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിലാണ്. പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടിയതായി സൂചനയുണ്ട്. നിരവധി ക്രമിനില്‍കേസുകളില്‍ പ്രതികളായ ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പതിനൊന്ന് പേര്‍ക്കെതിരെ കേസെടുത്തു.

വടക്കഞ്ചേരിയില്‍ ആര്‍എസ്എസ് - യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം

വടക്കഞ്ചേരി: വടക്കഞ്ചേരി മേഖലയില്‍ ആര്‍എസ്എസ് യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. വടക്കഞ്ചേരിയിലെ പാളയത്താണ് ഞായറാഴ്ച രാത്രി ആര്‍എസ്എസ് പ്രവര്‍ത്തകരും യൂത്ത്കോണ്‍ഗ്രസുകാരും ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കിഴക്കേ പാളയം ദേവന്(17)പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ്, ബിജെപിപ്രവര്‍ത്തകരായ പുരുഷോത്തമന്‍, കണ്ണന്‍, സുരേഷ്, സുര്‍ജിത് എന്നിവര്‍ക്കെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. പ്രതികള്‍ ഇതിനുമുമ്പും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദേവനെ കാണാനെത്തിയ അഞ്ച് യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകരെയും ഒരു വഴിയാത്രക്കാരനെയും ആര്‍എസ്എസ് സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ കെഎസ്യുþ എംഎസ്എഫ് അക്രമം

ചെര്‍പ്പുളശേരി: ചെര്‍പ്പുളശേരി സിസിഎസ്ടി കോളേജില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള നാമനിര്‍ദേശപത്രിക കോളേജ്അധികൃതര്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സമരം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ കെഎസ്യുþഎംഎസ്എഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് കോളേജിനകത്ത് യുഡിഎസ്എഫുകാര്‍ നടത്തുന്നത്. എന്നാല്‍, എസ്എഫ്ഐ ഇതിനെ ശക്തമായി എതിര്‍ക്കുകയും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ യുഡിഎസ്എഫുകാര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.

എസ്എഫ്ഐ ഏരിയ വൈസ് പ്രസിഡന്റ് സുജിത്, ഏരിയ കമ്മിറ്റി അംഗങ്ങളായ സുജിന്‍, സോനു, സന്ദീപ്, കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി റോഷന്‍, പ്രസിഡന്റ് അനു, യൂണിറ്റ്കമ്മിറ്റി അംഗങ്ങളായ ശ്യാംമോഹന്‍, ആഷിഫ്, ഷെറീഫ് എന്നിവര്‍ക്കുനേരെ കാജാഹുസൈന്‍, മുഹമ്മദ്ഷാഫി, മുഹമ്മദ് അസ്ലാം, ജിഷില്‍, ഫായിസ് എന്നിവരാണ് അക്രമിച്ചത്. പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരെ കോþഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെര്‍പ്പുളശേരി പൊലീസ് കേസെടുത്തു.

അക്രമം അവസാനിപ്പിക്കണം: എസ്എഫ്ഐ

പാലക്കാട്: ചെര്‍പ്പുളശേരി സിസിഎസ്ടി കോളേജില്‍ കെഎസ്യുþഎംഎസ്എഫ് അക്രമം അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ബുധനാഴ്ച നടക്കുന്ന കോളേജ്യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രിക സമര്‍പ്പണസമയം ജനുവരി മൂന്നിനാണ് അറിയിച്ചത്. എന്നാല്‍, കെഎസ്യുþഎംഎസ്എഫ് സ്ഥാനാര്‍ഥികള്‍ രണ്ടിന് പത്രിക സമര്‍പ്പിച്ചയുടന്‍ കോളേജ്അധികൃതര്‍ വിദ്യാര്‍ഥികളെ അറിയിക്കാതെ പത്രികാസമര്‍പ്പണസമയം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് എസ്എഫ്ഐ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക സ്വീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ക്യാമ്പസില്‍ നടത്തിയ പ്രകടനത്തെ കെഎസ്യു þഎംഎസ്എഫ് ക്രിമിനലുകള്‍ ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച വിദ്യാര്‍ഥികളുടെ മുന്നിലിട്ട് എസ്എഫ്ഐ പ്രവര്‍ത്തകരെ വീണ്ടും മര്‍ദിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ് ഏരിയ വൈസ്പ്രസിഡന്റ് സുജിത്, ഏരിയ കമ്മിറ്റി അംഗം സുജിന്‍, സന്ദീപ്, സോനു, ഷെരീഫ്, ശ്യാം, ആഷിഫ് എന്നിവര്‍ ചികിത്സയിലാണ്. അക്രമം ഉടന്‍ അവസാനിപ്പിച്ച് ക്യാമ്പസില്‍ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment