Monday, September 23, 2013

വാഗ്ദാനം കട്ടപ്പുറത്ത്; പിടിച്ചുവാങ്ങുന്നത് 19 കോടി

കെഎസ്ആര്‍ടിസി ഡീസലടിക്കുമ്പോള്‍ പ്രതിമാസം നികുതിയിനത്തില്‍ സര്‍ക്കാരിന് നല്‍കുന്നത് 19 കോടി രൂപ. ലിറ്റര്‍ ഒന്നിന് 14.20 രൂപയാണ് നികുതി. ഇത്രയും തുക സര്‍ക്കാരിലേക്ക് കിട്ടുമ്പോഴാണ് വെറും 10 കോടി രൂപ പ്രതിസന്ധി പരിഹരിക്കാന്‍ തരാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. എന്നാല്‍, പ്രഖ്യാപിച്ച പണംപോലും ഇതുവരെ നല്‍കിയിട്ടില്ല. ഡീസല്‍സബ്സിഡി എടുത്തുകളഞ്ഞദിവസം മുതല്‍ ഡീസലടിക്കാന്‍ അധികച്ചെലവായി വന്ന 6.23 കോടി രൂപ കെഎസ്ആര്‍ടിസി സ്വന്തം കൈയില്‍നിന്നെടുക്കുകയായിരുന്നു. പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും പ്രഖ്യാപനങ്ങളല്ലാതെ അടിയന്തരമായി ഉണ്ടാകേണ്ട ക്രിയാത്മക നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.

അതേസമയം തകര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്ന ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കല്‍ തുടരുകയുംചെയ്യുന്നു. തിരക്കുപരിഗണിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തേണ്ടിയിരുന്ന ഞായറാഴ്ച ജന്‍റത്തിന്റെ ഉള്‍പ്പടെ 1508 ഷെഡ്യൂള്‍ വെട്ടിക്കുറച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. തിരക്കുണ്ടാകുമെന്നതിനാല്‍ കൂടുതല്‍ സര്‍വീസുകള്‍ ഓടിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ഇതു വിശ്വസിച്ച് കെഎസ്ആര്‍ടിസിയെ ആശ്രയിക്കാമെന്നു കരുതിയെത്തിയ യാത്രക്കാരെ കബളിപ്പിക്കുകയാണ് അധികൃതര്‍ ചെയ്തത്. കെഎസ്ആര്‍ടിസിയുടെ പമ്പുകള്‍ സപ്ലൈകോയ്ക്ക് വാടകയ്ക്കു നല്‍കി ചില്ലറവിലയ്ക്ക് ഡീസലടിച്ച് പ്രതിസന്ധിപരിഹരിക്കാമെന്നാണ് എണ്ണക്കമ്പനികളുമായി നടത്തിയ വിഫലമായ ചര്‍ച്ചയ്ക്കുശേഷം സര്‍ക്കാര്‍ പറഞ്ഞിരുന്നത്. അതിന് കേന്ദ്രസര്‍ക്കാരിന്റേതടക്കം അനുമതി നേടിയെടുക്കണമെന്നിരിക്കെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പുറത്തുനിന്ന് ഡീസലടിക്കാനും അനുമതി ലഭിച്ചിട്ടില്ല. കണ്ടക്ടറുടെ കൈയില്‍ പണം നല്‍കണമോ, ചെക്കായി പമ്പുകള്‍ക്കു നല്‍കണമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. അതേസമയം, കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി ചാകരയായിക്കണ്ട് സ്വകാര്യ പമ്പുടമകള്‍ ഡീസലടിച്ചു നല്‍കാമെന്ന വാഗ്ദാനവുമായി ഇറങ്ങിയിട്ടുണ്ട്. വന്‍തുക കമീഷന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണിത്. മന്ത്രിമാരുടെയടക്കം ശുപാര്‍ശക്കത്തുകളുമായാണ് സ്വകാര്യ പമ്പുടമകള്‍ ഇറങ്ങിയിട്ടുള്ളത്.
(വി ഡി ശ്യാംകുമാര്‍)

deshabhimani

No comments:

Post a Comment