Saturday, September 21, 2013

കെഎസ്ആര്‍ടിഇഎ സംസ്ഥാന സമ്മേളനം 23ന് തുടങ്ങും

കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) 39-ാം സംസ്ഥാന സമ്മേളനം 23, 24, 25 തീയതികളില്‍ കോട്ടയത്ത് ചേരുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

22ന് വൈകിട്ട് നാലിന് "കെഎസ്ആര്‍ടിസിയുടെ സമകാലിക പ്രതിസന്ധി" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. 23ന് രാവിലെ അഴീക്കോടന്‍ അനുസ്മരണത്തോടെ സമ്മേളനനടപടികള്‍ ആരംഭിക്കും. പ്രതിനിധിസമ്മേളനം 10ന് മാമ്മന്‍ മാപ്പിള ഹാളില്‍ സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന്‍ അധ്യക്ഷനാകും. പകല്‍ 2.30ന് ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ് റിപ്പോര്‍ട്ടും ട്രഷറര്‍ എസ് വിദ്യാനന്ദകുമാര്‍ വരവുചെലവ് കണക്കും അവതരിപ്പിക്കും. വൈകിട്ട് നാലിന് മന്ത്രി ആര്യാടന്‍ മുഹമ്മദ് സംസാരിക്കും.

24ന് വൈകിട്ട് നാലിന് "പൊതുഗതാഗതം പ്രതിസന്ധിയും പരിഹാരമാര്‍ഗങ്ങളും" എന്ന സെമിനാര്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരംകരിം ഉദ്ഘാടനം ചെയ്യും. 25ന് പ്രതിനിധിസമ്മേളനത്തില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് ട്രേഡ്യൂണിയന്‍ പ്രഭാഷണം നിര്‍വഹിക്കും. തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ വിവിധ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ നേതാക്കള്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. ഉച്ചകഴിഞ്ഞ് പൊലീസ് പരേഡ് ഗ്രൗണ്ടില്‍നിന്ന് പ്രകടനം ആരംഭിക്കും. പൊതുസമ്മേളനം വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 23,000 അംഗങ്ങളെ പ്രതിനിധീകരിച്ച് 550 പേര്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഭാരവാഹികള്‍, 35 വനിതാ പ്രതിനിധികള്‍, സൗഹാര്‍ദ്ദ പ്രതിനിധികള്‍ അടക്കം 650 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സ്വാഗതസംഘം ചെയര്‍മാന്‍ വി എന്‍ വാസവന്‍, കണ്‍വീനര്‍ എസ് വിനോദ്, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ്, ദേശാഭിമാനി യൂണിറ്റ് മാനേജര്‍ സി ജെ ജോസഫ്, അസോ. ജില്ലാ സെക്രട്ടറി പി കെ പ്രസാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment