വിവാഹപ്രായം കുറയ്ക്കണമെന്നാവശ്യപ്പെട്ട് സമുദായ സംഘടനകളെ മുസ്ലിംലീഗ് തെരുവിലിറക്കുന്നു. ശരീഅത്തും മതസ്വാതന്ത്ര്യവും ഉയര്‍ത്തി സമുദായ സംഘടനകളെ കുടക്കീഴിലാക്കുന്നതിന് ലീഗ് നേതൃത്വത്തില്‍ കോഴിക്കോട്ട് യോഗം ചേര്‍ന്നു. ജമാഅത്തെ ഇസ്ലാമിയടക്കമുള്ളസംഘടനകള്‍ പങ്കെടുത്തു. തീവ്രവാദ സംഘടനയായ എന്‍ഡിഎഫിന്റെ (പോപ്പുലര്‍ഫ്രണ്ട്) രഹസ്യപിന്തുണയുമുണ്ട്. എന്നാല്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ നയിക്കുന്ന സുന്നിവിഭാഗം പങ്കെടുത്തില്ല. വിവാഹപ്രായം കുറയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് യോഗതീരുമാനം. ഇതിനായി നിയമസഹായസമിതി രൂപീകരിച്ചു.
അടുത്തകാലത്ത് വിവാദമായ അറബിക്കല്ല്യാണത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്ലിം സമുദായ സംഘടനകള്‍ ഒന്നിച്ച് ചേര്‍ന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സമുദായധ്രുവീകരണത്തിനാണ് ലീഗ് കളമൊരുക്കുന്നത്. മുസ്ലിംപെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും തകര്‍ത്ത് സമുദായത്തെ ഇരുളിലാഴ്ത്താനും അറബിക്കല്ല്യാണവും ശൈശവവിവാഹവും പെരുകാനും സമുദായക്കൂട്ടായ്മ കാരണമാകുമെന്ന ആശങ്കയുണ്ട്. നേരത്തെ മന്ത്രി എം കെ മുനീര്‍ വിവാഹപ്രായം കുറച്ച് ഉത്തരവിറക്കിയത് വന്‍വിവാദമായിരുന്നു. മുസ്ലിംസമുദായത്തിലെ പുരോഗമന-പരിഷ്കരണ വാദികളും സ്ത്രീസംഘടനകളും എതിര്‍ത്തപ്പോള്‍ ഉത്തരവ് തിരുത്തി. വിവാഹപ്രായം പതിനെട്ടാക്കിയതിനാല്‍ ഒട്ടേറെ വിവാഹങ്ങള്‍രജിസ്റ്റര്‍ ചെയ്യാനായിട്ടില്ല. ഇത് പെണ്‍കുട്ടികളെ ദുരിതത്തിലാക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു. 2006-ലെ ശിശുവിവാഹനിരോധനനിയമം, 2008-ലെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം എന്നിവ പിന്‍വലിക്കണം. 1937-ലെ മുസ്ലിംവ്യക്തിനിയമത്തില്‍ കൈകടത്തുന്നതാണ് ഇവയെന്ന വാദം സുപ്രീംകോടതിയില്‍ ഉന്നയിക്കാനാണ് ആലോചന.
ലീഗ് സംസ്ഥാനസെക്രട്ടറിമാരായ എം സി മായിന്‍ഹാജി, പി എം എ സലാം, ലീഗ് ലോയേഴ്സ്ഫോറം പ്രസിഡന്റ് അഡ്വ. യു എ ലത്തീഫ് എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി. ഇ കെ വിഭാഗം സമസ്തയുടെ ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ല്യാര്‍ അധ്യക്ഷനായി. ഇരുവിഭാഗം മുജാഹിദുകള്‍, ജമാഅത്തെ ഇസ്ലാമി, എംഎസ്എസ്, എംഇഎസ്, ദക്ഷിണകേരള ജംഇയത്തുല്‍ ഉലമ, സംസ്ഥാനകേരള ജംഇയത്തുല്‍ ഉലമ എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. വിവാഹപ്രായം കുറയ്ക്കാനുള്ള സമുദായസംഘടനകളുടെ നീക്കത്തെക്കുറിച്ച് മുസ്ലിംലീഗ് രാഷ്ട്രീയമായി അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് ദേശീയസെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. യോഗത്തില്‍ സംസ്ഥാനസെക്രട്ടറി എം സി മായിന്‍ഹാജി പങ്കെടുത്തത് മതസംഘടനയുടെ പേരിലാണ്. മതസംഘടനകള്‍ക്ക് അവരുടെ അഭിപ്രായമുണ്ട്. ഇക്കാര്യത്തില്‍ സാമൂഹ്യ നീതിവകുപ്പ് അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. സര്‍ക്കാരിന്റെ അഭിപ്രായം മുഖ്യമന്ത്രിയാണ് പറയേണ്ടത്. വിഷയത്തില്‍ ലീഗിനൊന്നും പറയാനില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആവശ്യമായ സമയത്ത് ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
(പി വി ജീജോ)
മതസംഘടനകളുടെ തീരുമാനം പ്രതിലോമകരം: ടി എന്‍ സീമ എംപി
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സെന്ന പ്രായപരിധി കുറയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനുള്ള മതസംഘടനകളുടെ തീരുമാനം പ്രതിലോമകരമാണെന്ന് ടി എന്‍ സീമ എംപി പറഞ്ഞു.
പഠിക്കാനും തങ്ങളുടെ ഭാവി കരുപ്പിടിപ്പിക്കാനുമുള്ള കുട്ടികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിത്. ശൈശവവിവാഹ നിരോധനനിയമത്തെ തിരുത്താനുള്ള ശ്രമങ്ങള്‍ സ്ത്രീകള്‍ക്ക് അവകാശസംരക്ഷണം ഉറപ്പാക്കുന്ന ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അറബികല്യാണം പോലെയുള്ള സാമൂഹ്യതിന്മകളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നിലപാടുകള്‍ക്കെതിരെ പുരോഗമനകേരളം ശക്തമായി പ്രതിഷേധിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment