Saturday, September 21, 2013

കാര്‍ഷിക സര്‍വകലാശാലാ പ്രവര്‍ത്തനം അവതാളത്തില്‍

കാര്‍ഷിക സര്‍വകലാശാലയിലെ ഉന്നതരെ അനധികൃതമായി പുറത്താക്കിയും നിക്ഷിപ്ത താല്‍പ്പര്യക്കാരെ കുടിയിരുത്തിയും സര്‍വകലാശാലയുടെ ഭരണം സര്‍ക്കാര്‍ അവതാളത്തിലാക്കി. നാല് വകുപ്പ് മേധാവികളെ പുറത്താക്കിയാണ് തല്‍പ്പര കക്ഷികളെ തല്‍സ്ഥാനത്ത് നിയമിച്ചത്. നിലവിലുള്ള മേധാവികള്‍ ചുമതല ഒഴിയുന്നതിനുമുമ്പേ പുതിയ ആളുകള്‍ ചുമതലയും ഏറ്റു. നാല് വകുപ്പ് മേധാവികളുടെ നിയമനത്തില്‍ അപാകമില്ലെന്ന് ഹൈക്കോടതിപോലും നിരീക്ഷിച്ചശേഷമാണ് നിയമവിരുദ്ധമായി ഇവരെ പുറത്താക്കിയത്. സര്‍ക്കാരിന്റെയും ഭരണാനുകൂലസംഘടനയുടെയും അനാവശ്യ ഇടപെടല്‍മൂലം സര്‍വകലാശാലയില്‍ ഒരു പ്രവര്‍ത്തനവും നടക്കാത്ത അവസ്ഥയാണ്.

യുഡിഎഫ് അധികാരത്തിലെത്തുമ്പോഴെല്ലാം വകുപ്പ് മേധാവികളെ സ്ഥിരമായി നിയമിക്കാതെ സ്വന്തക്കാരെ നിയമിക്കുകയാണ് പതിവ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് നിയമവിരുദ്ധ നടപടി അവസാനിപ്പിച്ച് വകുപ്പ് മേധാവികളെ സ്ഥിരമായി നിയമിച്ചത്. എന്നാല്‍ ഇത്തവണ യുഡിഎഫ് അധികാരത്തില്‍ വന്നയുടനെ ഈ സംവിധാനം തകര്‍ത്തു. നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ ഒരു അധ്യാപകനെ മുന്‍നിര്‍ത്തിയാണ് യുഡിഎഫ് ഈ നീക്കം നടത്തിയത്. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഫോറം എന്ന ഭരണാനുകൂല സംഘടന സാംസ്കാരിക മന്ത്രിയെ സ്വാധീനിച്ച് സ്വന്തക്കാര്‍ക്ക് വകുപ്പ് മേധാവികളുടെ ചുമതല നല്‍കിയതെന്നാണ് ആക്ഷേപം. ഇതോടൊപ്പം യുഡിഎഫ് നിയമിച്ച വൈസ് ചാന്‍സലറും രജിസ്ട്രാറും തമ്മിലുള്ള പോരും മുറുകി. സര്‍വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതി ഇതര വിഹിതത്തില്‍ 30 ശതമാനം തുക കൂടുതലായി അനുവദിച്ചിരുന്നു. സ്പെഷ്യല്‍ ഗ്രാന്റായി 30 കോടിയും അനുവദിച്ചു. എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വന്നശേഷം ഒരു പൈസപോലും കൂടുതലായി അനുവദിച്ചില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) അനുവദിച്ച നൂറുകോടി രൂപ വിനിയോഗിക്കുന്നതിലും സുതാര്യതയില്ല. സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം ജീവനക്കാരുടെ പെന്‍ഷനും മുടങ്ങി. തൊഴിലാളികളുടെ നിയമനവും നടക്കുന്നില്ല. അധ്യാപകരുടെ കരിയര്‍ അഡ്വാന്‍സ്മെന്റ് പ്രൊമോഷന്‍, ലിസ്റ്റ് അനുസരിച്ച് നടത്തുന്നുമില്ല.
(ഇ എസ് സുഭാഷ്)

deshabhimani

No comments:

Post a Comment