Friday, September 20, 2013

എല്‍ഐസി ജനപ്രിയ പോളിസികള്‍ നിര്‍ത്തി

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ അമ്പതോളം ജനപ്രിയ പോളിസികള്‍ നിര്‍ത്തലാക്കി. ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐആര്‍ഡിഎ)യുടെ നിബന്ധനകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. നിലവില്‍ അംഗങ്ങളായവര്‍ക്ക് പുതിയ നിബന്ധന ബാധകമാകില്ല. ഐആര്‍ഡിഎ മാര്‍ഗനിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഒക്ടോബര്‍ ഒന്നുമുതല്‍ ഐആര്‍ഡിഎ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പോളിസികളാണ് ഉണ്ടാവുക. ഇതോടെ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ പ്രീമിയം തുകയ്ക്ക് ആനുപാതികമായ സര്‍വീസ് ചാര്‍ജ് പോളിസി ഉടമതന്നെ അടയ്ക്കണം. നിലവില്‍ എല്‍ഐസി സ്വന്തം ഫണ്ടില്‍ നിന്നാണ് സര്‍വീസ് ചാര്‍ജ് അടച്ചിരുന്നത്. 1956-ല്‍ എല്‍ഐസി സ്ഥാപിതമായത് മുതലുള്ള പോളിസികളാണ് നിര്‍ത്തലാക്കിയത്. പകരമായി എന്‍ഡോവ്മെന്റ്, ജീവന്‍ ആനന്ദ് എന്നീ രണ്ട് പോളിസികള്‍ ആരംഭിക്കാന്‍ മാത്രമാണ് ഐആര്‍ഡിഎ അനുമതി. ജൂലൈ 31ന് നിര്‍ത്തലാക്കിയ പെന്‍ഷന്‍ ആന്‍ഡ് ഗ്രൂപ്പ് സ്കീമുകള്‍ക്ക് പകരവും പുതിയവ ഇല്ല.

24 സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്‍പ്പെടെ 450 ഓളം പദ്ധതികളാണ് മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുന്നതിന് ഐആര്‍ഡിഎയ്ക്ക് സമര്‍പ്പിച്ചിത്. ഇവയില്‍ 150 എണ്ണത്തിന് മാത്രമാണ് അനുമതി. ഇതില്‍ എല്‍ഐസിയുടെ രണ്ടെണ്ണം മാത്രമാണുള്ളത്. എല്‍ഐസി പോളിസികളുടെ കാലാവധി വരെ ഒരേ പ്രീമിയമാണ് അടയ്ക്കേണ്ടിയിരുന്നത്. സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ ഇതില്‍ മാറ്റം വരും. മൂന്നുവര്‍ഷം മുമ്പുള്ള ജീവന്‍ അങ്കുര്‍ പോളിസിയില്‍ പ്രീമിയത്തിന്റെ 1.5 ശതമാനമാണ് സര്‍വീസ് ചാര്‍ജ്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും നേരിട്ട് പ്രീമിയം അടക്കുന്ന ശമ്പള സമ്പാദ്യ പോളിസികള്‍ക്ക് പുതിയ നിബന്ധന തടസ്സമാകും. സര്‍വീസ് ചാര്‍ജില്‍ വ്യത്യാസം വരുന്നതിനാല്‍ എല്‍ഐസി സോഫ്റ്റ്വെയറും പുതുക്കണം. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ പുതിയ നിബന്ധനകള്‍ കാര്യമായി ബാധിക്കില്ല. ഇവയെല്ലാം 1999ല്‍ ഐആര്‍ഡിഎ നിലവില്‍ വന്നശേഷം രൂപംകൊണ്ടവയാണ്.
(സി പ്രജോഷ്കുമാര്‍)

deshabhimani

No comments:

Post a Comment