Friday, September 20, 2013

വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന് 2 വയസ്സ്

ലോകസമരചരിത്രത്തില്‍ പുതിയ ഏട് എഴുതിച്ചേര്‍ത്ത അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് രണ്ടു വയസ്സ്. അമേരിക്കയിലെ സാമ്പത്തിക അസമത്വത്തിനെതിരായ പ്രക്ഷോഭം ലോകമെമ്പാടും സമാന സമരരൂപങ്ങളുടെ വേലിയേറ്റത്തിനു തന്നെ തുടക്കമിട്ടിരുന്നു.

അമേരിക്കയുടെ സാമ്പത്തിക വിനിമയ തലസ്ഥാനമായ വാള്‍സ്ട്രീറ്റ് സാധാരണക്കാര്‍ പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് രണ്ടുവര്‍ഷം മുമ്പാണ് ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ പാര്‍ക്കില്‍ പ്രക്ഷോഭകര്‍ തമ്പടിച്ചത്. വന്‍ജനകീയ പങ്കാളിത്തത്തോടെ മുന്നേറിയ സമരത്തിന്റെ രണ്ടാം വാര്‍ഷികത്തിന് തുടക്കം കുറിച്ച് ചൊവ്വാഴ്ച ന്യൂയോര്‍ക്ക് സ്റ്റോക് എക്സ്ചേഞ്ചിനും ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തിനും സമീപം ആയിരങ്ങള്‍ പ്രകടനം നടത്തി. "ഞങ്ങളാണ് 99 ശതമാനം" എന്ന സാധാരണക്കാരുടെ മുദ്രാവാക്യമുയര്‍ത്തിയ പ്രക്ഷോഭകര്‍ രണ്ടാം വാര്‍ഷികദിനത്തില്‍ പുതിയ ആശയം മുന്നോട്ടുവച്ചു. വാള്‍സ്ട്രീറ്റിലെ എല്ല പണമിടപാടുകള്‍ക്കും "റോബിന്‍ഹുഡ് ടാക്സ്" എന്ന പേരില്‍ പുതിയ നികുതി പിരിക്കണമെന്നാണ് പ്രക്ഷോഭകരുടെ നിര്‍ദേശം. അരശതമാനം വീതം നികുതി പിരിച്ചെടുക്കുന്ന പണം സ്കൂളുകള്‍ക്കും ആശുപത്രികള്‍ക്കും പ്രാദേശിക സര്‍ക്കാരുകള്‍ക്കും സന്നദ്ധപ്രവര്‍ത്തനത്തിനായി വിതരണം ചെയ്യണമെന്നാണ് പ്രക്ഷോഭകരുടെ നിര്‍ദേശം.

ജര്‍മനിയും ഫ്രാന്‍സും അടക്കമുള്ള യൂറോമേഖലയിലെ 11 രാജ്യത്തും സമാന നികുതി ഏര്‍പ്പെടുത്തണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തേക്കും ഭീമന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളിലേക്കും പ്രക്ഷോഭകരുടെ സംഘങ്ങള്‍ മാര്‍ച്ച് നടത്തി. ധനികര്‍ക്ക് കൂടുതല്‍ ധനികരാകാന്‍ അവസരം നല്‍കുന്ന സാമ്പത്തികനിയമങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ടാണ് രണ്ടുവര്‍ഷം മുമ്പ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകര്‍ സുക്കോട്ടി പാര്‍ക്കില്‍ തമ്പടിച്ചത്. 2011 നവംബറിലാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്ന് പ്രക്ഷോഭകരെ പൂര്‍ണമായി ഒഴിപ്പിച്ചത്.

deshabhimani

No comments:

Post a Comment