മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ തീവ്രവാദ ബന്ധവും തട്ടിപ്പുകളും പുറത്തുവരാതിരിക്കാന്‍ ആഭ്യന്തരമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട കൂടിയാലോചനയ്ക്ക് എന്ന പേരില്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സലിംരാജിനെ രക്ഷിക്കാനുള്ള കരുനീക്കമാണ് മുഖ്യമായും നടത്തിയത്. ആളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായ ക്വട്ടേഷന്‍സംഘത്തലവനായ സലിംരാജിന് കഴിയുന്നത്രവേഗം കോടതിയില്‍നിന്ന് ജാമ്യം നേടിക്കൊടുക്കാനാണ് ശ്രമം. ഇതിനാവശ്യമായ നടപടികള്‍ നീക്കാന്‍ ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഡിയോടും സിറ്റി പൊലീസ് കമീഷണറോടും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാക്കാല്‍ നിര്‍ദേശിച്ചു.
സലിംരാജിനെ പുറത്തിറക്കാന്‍ ഹവാലക്കേസിലെ പ്രതി രംഗത്തുവന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ സൂചനയാണ്. സലിംരാജിനൊപ്പം ജയിലിലായ രണ്ടു കൂട്ടുപ്രതികള്‍ തീവ്രവാദക്കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. എന്നിട്ടും സലിംരാജിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗികവസതിയും ഉപയോഗപ്പെടുത്തിയാണ് ഉമ്മന്‍ചാണ്ടിയുടെ നിഴലായി നടന്ന സലിംരാജ് തീവ്രവാദികള്‍ക്കും ഹവാലക്കേസിലെ പ്രതികള്‍ക്കും ഒപ്പം വിലസിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കരുത് എന്ന ഉമ്മന്‍ചാണ്ടിയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിത പരിപാടികളൊന്നുമില്ലാതെ കോഴിക്കോട് സന്ദര്‍ശിച്ച് രഹസ്യയോഗം ചേര്‍ന്നത്. തീവ്രവാദ, ഹവാലക്കേസുകളില്‍ സലിംരാജിന് പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വ്യാഴാഴ്ച രാത്രി മാധ്യമങ്ങളോടു പറഞ്ഞു
deshabhimani
No comments:
Post a Comment