Thursday, September 19, 2013

അന്വേഷണ ഉദ്യോഗസ്ഥരുമായി തിരുവഞ്ചൂരിന്റെ രഹസ്യചര്‍ച്ച

ചന്ദ്രശേഖരന്‍കേസിലെ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടര്‍മാരുമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ രഹസ്യ കൂടിക്കാഴ്ച. കോഴിക്കോട്- മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയില്‍ വെളിപ്പെടുത്താത്ത കേന്ദ്രത്തിലായിരുന്നു കൂടിക്കാഴ്ച. കേസില്‍ തെളിവുകളില്ലാത്തതിനാല്‍ 20 പേരെ വെറുതെവിട്ടതടക്കമുള്ള കാര്യങ്ങളില്‍ പ്രോസിക്യൂട്ടര്‍മാരോടും അന്വേഷണ ഉദ്യോഗസ്ഥരോടും തിരുവഞ്ചൂര്‍ ചര്‍ച്ച നടത്തിയതായാണ് സൂചന.

കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്താനായിരുന്നു ആദ്യം തീരുമാനം. ബുധനാഴ്ച ഉച്ചയോടെ ഗസ്റ്റ്ഹൗസില്‍ എത്തുമെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ വി സന്തോഷ്, എഡിജിപി എന്‍ ശങ്കര്‍റെഡ്ഡി, സിറ്റി പൊലീസ് മേധാവി ജി സ്പര്‍ജന്‍കുമാര്‍, നോര്‍ത്ത് എസി പ്രിന്‍സ് എബ്രഹാം തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഗസ്റ്റ്ഹൗസില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തി. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ ഗസ്റ്റ്ഹൗസില്‍ എത്തിയതോടെ ആഭ്യന്തരമന്ത്രി യോഗം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍, അഡീഷണല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടി, അന്വേഷണ ഉദ്യോഗസ്ഥരായ കെ വി സന്തോഷ്, എ പി ഷൗക്കത്തലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ആഭ്യന്തരമന്ത്രി എസ്കോര്‍ട്ട് ഒഴിവാക്കി വൈദ്യരങ്ങാടിവരെ എത്തിയപ്പോഴാണ് ഗസ്റ്റ്ഹൗസിന് മുന്നില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാരടക്കം ഉണ്ടെന്ന് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ച് ചര്‍ച്ച മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. 20 പേരെ വിട്ടയച്ച പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്തെങ്കിലും അന്തിമ തീരുമാനമായില്ല. കേസ് പാളിപ്പോയത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാക്കി ഐ ഗ്രൂപ്പ് മുതലെടുപ്പിന് ശ്രമിക്കുന്നതിനിടെയാണ് യോഗം. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം അപ്പീല്‍ നല്‍കുന്നത് തീരുമാനിക്കുമെന്ന് പിന്നീട് കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ ആഭ്യന്തരമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.

deshabhimani 190913

No comments:

Post a Comment