കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സുപ്രീംകോടതിയില്‍ വീണ്ടും ഉത്തരംമുട്ടി കേന്ദ്രസര്‍ക്കാര്‍. കോള്‍ ഇന്ത്യ ലിമിറ്റഡിന് അവകാശപ്പെട്ട കല്‍ക്കരിപ്പാടങ്ങള്‍ എങ്ങനെയാണ് സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചതെന്ന ചോദ്യമാണ് സര്‍ക്കാരിന്റെ ഉത്തരം മുട്ടിച്ചത്. സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി മറുപടി പറയാനാകാതെ കുഴങ്ങിയപ്പോള്‍ കാര്യങ്ങള്‍ ശരിയായി പഠിച്ചുവരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ 24 വരെ സമയം തേടി.
ജസ്റ്റിസുമാരായ ആര്‍ എം ലോധ, മദന്‍ ബി ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ച് മുമ്പാകെയാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും സര്‍ക്കാരിന്റെ വാദങ്ങള്‍ പാളിയത്. സര്‍ക്കാരിന്റെ ഭാഗം സമര്‍ഥിക്കാന്‍ എജിക്കു പുറമെ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പരസ് കുഹാദ് എന്നിവരും ഹാജരായെങ്കിലും കോടതിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഔദ്യോഗിക രേഖകള്‍ സഹിതം തയ്യാറെടുപ്പ് നടത്തി വരാന്‍ കോടതി അറ്റോര്‍ണി ജനറലിനോട് നിര്‍ദേശിച്ചു. കോള്‍ ഇന്ത്യയും കേന്ദ്ര ഖനന ആസൂത്രണ-രൂപകല്‍പ്പന ഇന്‍സ്റ്റിറ്റ്യൂട്ട് ലിമിറ്റഡും(സിഎംപിഡിഐഎല്‍) കണ്ടെത്തിയ കല്‍ക്കരി പ്പാടങ്ങള്‍ കോള്‍ ഇന്ത്യയുടെ പാട്ട അവകാശത്തില്‍ വരുന്ന പ്രദേശങ്ങളാണെങ്കില്‍ എങ്ങനെ മറ്റ് സ്ഥാപനങ്ങള്‍ക്ക് വിട്ടുനല്‍കിയെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. ഈ ചോദ്യം ഇതിനു മുമ്പ് കോടതി ഉന്നയിച്ചിട്ടില്ലാത്തതിനാല്‍ എന്താണ് സ്ഥിതിയെന്നു പരിശോധിക്കേണ്ടിവരുമെന്നും കേസ് അടുത്ത തവണ കേള്‍ക്കുമ്പോള്‍ വിശദീകരണം നല്‍കാമെന്നും എജി പ്രതികരിച്ചു.
കല്‍ക്കരിക്കേസില്‍ ഏറ്റവും നിര്‍ണായക ചോദ്യമാണിതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്താതെ കോടതിക്ക് മുന്നോട്ടുപോകാനില്ലെന്നും ജസ്റ്റിസ് ലോധ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സര്‍ക്കാരിനുണ്ടാകണമെന്നും ജസ്റ്റിസ് ലോധ പറഞ്ഞു. ബുധനാഴ്ച വൈകിട്ടുവരെ കല്‍ക്കരിക്കേസില്‍ വാദംകേള്‍ക്കാനാണ് കോടതി തീരുമാനിച്ചതെങ്കിലും നിര്‍ണായക ചോദ്യത്തിന് സര്‍ക്കാരിന് മറുപടിയില്ലാതെ വന്നതോടെ ഉച്ചയോടെ വാദംകേള്‍ക്കല്‍ നിര്‍ത്തുകയായിരുന്നു. സ്വകാര്യ കമ്പനികളുടെ അപേക്ഷ എങ്ങനെയാണ് കേന്ദ്രം സ്വീകരിച്ചതെന്ന് വിശദമാക്കുന്ന രേഖകളും കല്‍ക്കരിപ്പാടങ്ങള്‍ കണ്ടെത്തിയുള്ള സിഎംപിഡിഐഎല്ലിന്റെ കടലാസുകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കല്‍ക്കരിക്കേസ് ചൊവ്വാഴ്ച പരിഗണിച്ചപ്പോഴും കോടതി മുമ്പാകെ സര്‍ക്കാര്‍ അഭിഭാഷകര്‍ പതറി. കേസുമായി ബന്ധപ്പെട്ടുള്ളത് വിപുലമായ വിഷയമാണെന്നും അതുകൊണ്ടാണ് പലപ്പോഴും ആശയക്കുഴപ്പം സംഭവിക്കുന്നതെന്നുമായിരുന്നു എജിയുടെ വിശദീകരണം.
deshabhimani 190913
No comments:
Post a Comment