Wednesday, September 18, 2013

കേന്ദ്രസര്‍ക്കാരിന് വീണ്ടും സുപ്രീംകോടതി വിമര്‍ശം

കല്‍ക്കരി പാടം വിതരണ അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും സുപ്രീംകോടതിയുടെ വിമര്‍ശം. 1992ന് ശേഷം കല്‍ക്കരി പാടങ്ങള്‍ അനുവദിക്കുന്നതിന് പല മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനെല്ലാം നിയമപരമായ പിന്തുണയുണ്ടായിരുന്നോയെന്നും കോടതി ആരാഞ്ഞു. അന്തിമ തീരുമാനമെടുക്കുന്നതിന് മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കിയത് ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണെന്നും എന്തുകൊണ്ട് ലേലപ്രക്രിയ പിന്തുടര്‍ന്നില്ലെന്നും സുപ്രീംകോടതി ചോദിച്ചു. ഇതുള്‍പ്പടെ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയ്ക്ക് മറുപടിയുണ്ടായില്ല. ഒട്ടനവധി വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണെന്നും ആശയക്കുഴപ്പമുണ്ടെന്നും എജി കോടതി മുമ്പാകെ തുറന്നുപറഞ്ഞു. 1992 ലെ സാഹചര്യങ്ങള്‍ വിശദീകരിച്ച് ഇതിന് മറുപടി നല്‍കാനായിരുന്നു എജിയുടെയും ഒപ്പമുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്റെയും ശ്രമം. മാനദണ്ഡങ്ങളൊന്നും തെറ്റിച്ചിട്ടില്ലെന്നും ഓരോ ഘട്ടത്തിലും മേല്‍നോട്ടസമിതിയുടെ അംഗീകാരത്തോടെയാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

തൊണ്ണൂറുകളില്‍ ഉദാരവല്‍ക്കരണനയത്തിന് തുടക്കംകുറിച്ചശേഷം പുതിയ നയങ്ങള്‍ നടപ്പാക്കുന്നതിനാണ് കല്‍ക്കരി ദേശസാല്‍ക്കരണ നിയമം ഭേദഗതിചെയ്തത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് പുതിയ നയം സ്വീകരിക്കേണ്ടി വന്നത്. സ്വകാര്യവല്‍ക്കരണം നടപ്പാക്കിയിരുന്നില്ലെങ്കില്‍ രാജ്യം കടുത്ത ഊര്‍ജപ്രതിസന്ധിയെ അഭിമുഖീകരിച്ചേനെ. രണ്ടാഴ്ചത്തേക്കുമാത്രം പിടിച്ചുനില്‍ക്കാനാകുംവിധം 2500 കോടിയുടെ വിദേശനാണ്യമാണ് അന്ന് ശേഷിച്ചിരുന്നതെന്നും ഊര്‍ജോല്‍പ്പാദനത്തിനുമാത്രം 1,25,000 കോടി വേണ്ടി വരുന്ന ഘട്ടമായിരുന്നെന്നും അന്ന് ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ വാക്കുകള്‍ ഉദ്ധരിച്ച് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. കല്‍ക്കരിക്കേസില്‍ മുമ്പ് പലതവണ കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

deshabhimani

No comments:

Post a Comment