ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് 40 ദിവസം പിന്നിട്ടും പരിഗണനാ വിഷയങ്ങളില്‍പ്പോലും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉരുണ്ടുകളിക്കുന്നു. എല്‍ഡിഎഫ് നടത്തിയ രാപ്പകല്‍ സമരത്തെത്തുടര്‍ന്ന് ആഗസ്ത് 13നാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉമ്മന്‍ചാണ്ടി സമ്മതിച്ചത്. പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കാത്തത് പ്രതിപക്ഷം നിര്‍ദേശങ്ങള്‍ നല്‍കാത്തതുകൊണ്ടാണെന്ന് 21ന് മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ച് ഉമ്മന്‍ചാണ്ടി പറഞ്ഞു. "ഇന്ന് നിര്‍ദ്ദേശങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ ഇന്ന് തന്നെ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കുമായിരുന്നെന്നും" 21ന് ഉമ്മന്‍ചാണ്ടി വീരവാദം മുഴക്കി. അടുത്ത ദിവസംതന്നെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ നല്‍കി. ശേഷം മാസം ഒന്നുകഴിഞ്ഞിട്ടും അനക്കമില്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അന്വേഷണപരിധിയില്‍ വരണമെന്നായിരുന്നു പ്രധാന നിര്‍ദേശം. അതോടെ മുഖ്യമന്ത്രി അട്ടിമറിനീക്കവും തുടങ്ങി. മുഖ്യമന്ത്രിയെയും ഓഫീസിനെയും അന്വേഷണപരിധിയില്‍ വരുത്തരുതെന്ന് ഘടകകക്ഷികളെക്കൊണ്ട് പറയിപ്പിച്ചു. അപ്പോഴും സ്വന്തം പാര്‍ടിയുടെ നിലപാട് വിനയായി. പരിഗണനാവിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞു. നിയമോപദേശത്തിന്റെ പേരിലും പരിഗണനാവിഷയം തീരുമാനിക്കുന്നത് നീട്ടി. തന്നെയും തന്റെ ഓഫീസിനെയും ഒഴിവാക്കാനുള്ള വഴിയാണ് ഉമ്മന്‍ചാണ്ടി തേടുന്നത്.
അതുവരെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കാതിരിക്കുകയാണ് തന്ത്രം. അന്വേഷണപരിധിയില്‍ ഈ രണ്ടും വന്നാല്‍ രാജിയല്ലാതെ പോംവഴിയില്ലെന്ന് വിദഗ്ധോപദേശം കിട്ടിയതാണ് ഉമ്മന്‍ചാണ്ടിയെ കുഴയ്ക്കുന്നത്. അന്വേഷണത്തിന് ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ കിട്ടാന്‍ വീണ്ടും പേരിനൊരു കത്തുകൂടി എഴുതിയതൊഴിച്ചാല്‍ ഒരു തുടര്‍നടപടിയും ഉണ്ടായില്ല. ജഡ്ജിയെ കിട്ടരുതെന്ന് ആഗ്രഹിച്ചുള്ള നീക്കമാണ് നടത്തുന്നതും. സോണിയഗാന്ധി 29ന് തലസ്ഥാനത്ത് വന്നുപോയശേഷം തന്റെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങുമെന്നും ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ ഉമ്മന്‍ചാണ്ടിയുടെ പൊതുപരിപാടികള്‍ ഉപരോധിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. കടുത്ത പ്രതിഷേധം നിലനില്‍ക്കെ ജനസമ്പര്‍ക്ക പരിപാടി നടത്തുമെന്ന പ്രഖ്യാപനം പ്രതിപക്ഷത്തോട് ഏറ്റുമുട്ടാന്‍തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു.
deshabhimani
No comments:
Post a Comment