കോട്ടയം ചിങ്ങവനം ആസ്ഥാനമായ ട്രാവന്‍കൂര്‍ ഇലക്ട്രോ കെമിക്കല്‍സ് (ടെസില്‍) കമ്പനിയുടെ പേരിലാണ് ഖജനാവിന് കോടികളുടെ നഷ്ടമുണ്ടായത്. വന്‍കിട കമ്പനികള്‍ക്ക് സ്വന്തമായി വൈദ്യുതോല്‍പ്പാദനം അനുവദിക്കുക എന്ന ലക്ഷ്യത്തോടെ 1994ലെ യുഡിഎഫ് സര്‍ക്കാര്‍ ടെസിലിന് പത്തനംതിട്ട അള്ളുങ്കലില്‍ ഏഴു മെഗാവാട്ടിന്റെയും കാരിക്കയത്ത് 15 മെഗാവാട്ടിന്റെയും പദ്ധതികള്‍ അനുവദിച്ചു. സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ഉപയോഗിക്കാവുന്ന ക്യാപ്റ്റീവ് പവര്‍ പ്രോജക്ടായിരുന്നു ഇത്. വില്‍പ്പനാവകാശമില്ലാത്തതും 30 വര്‍ഷം കഴിഞ്ഞാല്‍ ഉടമസ്ഥത സര്‍ക്കാരിനു ലഭിക്കുന്നതുമായ പദ്ധതിയാണ് ക്യാപ്റ്റീവ് വിഭാഗത്തിലേത്. മൂന്നുവര്‍ഷത്തിനുള്ളില്‍ വൈദ്യുതോല്‍പ്പാദനം ആരംഭിക്കണമെന്നായിരുന്നു വ്യവസ്ഥ. ടെസിലിന് ഉണ്ടായിരുന്ന 29 ഏക്കര്‍ ഭൂമിക്കുപുറമെ 11.25 ഏക്കര്‍ വനഭൂമിയും സര്‍ക്കാര്‍ തുച്ഛവിലയ്ക്ക് നല്‍കി. എന്നാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ പദ്ധതി നിര്‍മാണം തുടങ്ങാന്‍പോലും ടെസിലിനായില്ല. 1997ല്‍ ചിങ്ങവനത്തെ ടെസില്‍കമ്പനി പൂട്ടുകയും ചെയ്തു.
തുടര്‍ന്ന് 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. കമ്പനി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് 2005 ഫെബ്രുവരിയില്‍ അധികൃതര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ജൂണില്‍ ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ധന, വൈദ്യുതി, ഗ്രാമവികസന മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു. പൂട്ടിപ്പോയ കമ്പനി തുറക്കാനും കാരിക്കയം, അള്ളുങ്കല്‍ പദ്ധതികള്‍ക്ക് വീണ്ടും അനുമതി നല്‍കാനും യോഗം തീരുമാനിച്ചു. ഇതേത്തുടര്‍ന്നാണ് അട്ടിമറി നടന്നത്. വില്‍ക്കാന്‍ കഴിയാത്ത ക്യാപ്റ്റീവ് പവര്‍ പ്രോജക്ടായി നേരത്തേ അനുമതി നല്‍കിയ വൈദ്യുതപദ്ധതികള്‍ വില്‍ക്കാന്‍കഴിയുന്ന ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രോജക്ടാക്കി (ഐപിപി) മാറ്റി. മുഖ്യമന്ത്രി അധ്യക്ഷനായി മന്ത്രിമാര്‍ പങ്കെടുത്ത യോഗമാണ് ഇതിന് അനുമതി നല്‍കിയത്. കെഎസ്ഐഡിസിയില്‍നിന്ന് ആറുകോടി രൂപ വായ്പയെടുക്കാനാണ് ഐപിപി ആക്കിയതെന്നായിരുന്നു വാദം. എന്നാല്‍ വില്‍പ്പനയായിരുന്നു ലക്ഷ്യമെന്ന് പിന്നീട് വ്യക്തമായി.
മുമ്പേ പദ്ധതി വില്‍ക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. കൊല്‍ക്കത്ത ആസ്ഥാനമായ എനര്‍ജി ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡു (ഇഡിസിഎല്‍)മായി ടെസില്‍ അധികൃതര്‍ ധാരണയിലെത്തി. അതനുസരിച്ച് അള്ളുങ്കല്‍, കാരിക്കയം പദ്ധതികള്‍ 112 കോടി രൂപയ്ക്ക് ഇഡിസിഎലിന് കൈമാറി. എന്നാല്‍ വില്‍പ്പന കരാറില്‍ 72 കോടി രൂപ മാത്രമാണ് കാണിച്ചതെന്ന് ഇഡിസിഎലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബാക്കി 42 കോടി എവിടെയെന്നത് അജ്ഞാതം. മറിച്ചുവില്‍ക്കാന്‍ പാടില്ലെന്ന ഉറപ്പില്‍ അനുവദിച്ച പദ്ധതി സര്‍ക്കാരിന്റെ ഒത്താശയോടെ ഇഡിസിഎലിന് വിറ്റപ്പോഴും പദ്ധതി കടലാസില്‍ മാത്രം. പിന്നീട് 2009ല്‍ പദ്ധതി പൂര്‍ത്തിയായെങ്കിലും ഗുണം ഇഡിസിഎലിനു മാത്രമാണ്. 30 വര്‍ഷത്തിനുശേഷം പൊതുസ്വത്താകേണ്ട പദ്ധതി അങ്ങനെ സ്വകാര്യസ്വത്തായി.
deshabhimani
No comments:
Post a Comment