കല്‍പ്പറ്റ: കൊക്കുകളുടെ ഗണത്തിലുള്ള അരിവാള്‍ കൊക്കന്റെ കേരളത്തിലെ ഏക പ്രജനന കേന്ദ്രമായ പനമരം കൊറ്റില്ലത്തില്‍ എത്തുന്ന പ്രാദേശിക ദേശാടനപക്ഷികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞതിനെ അപേക്ഷിച്ച് ഈ സീസണില്‍ എത്തിയ പക്ഷികളുടെ എണ്ണത്തില്‍ 30 ശതമാനത്തോളം കുറവാണ് പക്ഷി നിരീക്ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും കണക്കാക്കുന്നത്. പനമരം പുഴയോരത്തും കൊറ്റില്ലം സ്ഥിതിചെയ്യുന്ന തുരുത്തിലുമുള്ള മുളങ്കൂട്ടങ്ങള്‍ ഉണങ്ങി നശിച്ചതോടെ കൂടൊരുക്കാന്‍ ചില്ലകളില്ലാതായതാണ് കിളികളുടെ എണ്ണം കുറയാനിടയാക്കിയതെന്ന് പക്ഷി ശാസ്തജ്ഞന്‍ സി കെ വിഷ്ണുദാസ് പറഞ്ഞു. പുഴയുടെ തീരങ്ങളിലും തുരുത്തിലും മുളവല്‍കരണത്തിന് അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ കൊറ്റില്ലം കഥാവശേഷമാകാന്‍ ഏറെക്കാലമാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കാരാപ്പുഴ, വളളിയൂര്‍കാവ്, ആറാട്ടുതറ, കോട്ടത്തറ, പനമരം തുടങ്ങിയ ഇടങ്ങളിലായിലായി ചെറുതും വലുതുമായ 15 കൊറ്റില്ലങ്ങളാണ് 1980കളില്‍ വയനാട്ടില്‍ ഉണ്ടായിരുന്നത്. നിലവില്‍ പനമരത്തും കോട്ടത്തറയിലും മാത്രമാണവ. മലബാറിലെ പ്രധാനപ്പെട്ട കൊറ്റില്ലങ്ങളില്‍ ഒന്നാണ് പനമരത്തേത്. പുഴയ്ക്ക് നടുവില്‍ പ്രകൃതി രൂപപ്പെടുത്തിയ ഒന്നര ഏക്കറോളം വരുന്ന തുരുത്താണ് പക്ഷികളുടെ താവളം. അരിവാള്‍ക്കൊക്കന്‍, പാതിരാക്കൊക്ക്, കാലിക്കൊക്ക്, കുളക്കൊക്ക്, ഇടക്കൊക്ക്, ചാരക്കൊക്ക്, വലിയ വെള്ളരിക്കൊക്ക്, ചെറുമുണ്ടി, നീര്‍ക്കാക്ക തുടങ്ങിയവയാണ് തുരുത്തിലെ പതിവ് അതിഥികള്‍. എല്ലാ വര്‍ഷവും മെയ് അവസാനത്തോടെ എത്തുന്ന ഇവ കൂടൊരുക്കി വംശവര്‍ധന നടത്തി ഒക്ടോബര്‍ അവസാനത്തോടെയാണ് മടങ്ങുന്നത്. ഈ വര്‍ഷം എത്തിയതില്‍ ചാരക്കൊക്ക്, ഇടക്കൊക്ക്, അരിവാള്‍ക്കൊക്കന്‍, വലിയ വെള്ളരിക്കൊക്ക് എന്നിവയുടെ എണ്ണത്തിലാണ് കാര്യമായ കുറവെന്ന് വിഷ്ണുദാസ് പറഞ്ഞു.
ചില്ലകളുടെ അഭാവത്തില്‍ പക്ഷികളില്‍ കുറെ തുരുത്തിലെ നിലത്താണ് കൂടുവെച്ചത്. ഇത് മുതലകള്‍ പക്ഷികളെ കൂട്ടത്തോടെ പിടിക്കുന്നതിനും കാരണമായി. പാരിസ്ഥിതിക പ്രാധാന്യം ഏറെയുള്ള പനമരം കൊറ്റില്ലത്തിന്റെ സംരക്ഷണത്തില്‍ അധികാരകേന്ദ്രങ്ങള്‍ക്ക് പൊതുവെ ശുഷ്കാന്തിയില്ല. തുരുത്തിന്റെ ഉടമസ്ഥാവകാശമുളള റവന്യു വകുപ്പിലെ ഉന്നതരില്‍ പലര്‍ക്കും മുളങ്കൂട്ടങ്ങള്‍ നശിച്ചതിനെക്കുറിച്ചും ഇതുമൂലം പക്ഷികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ചം ആകുലതയില്ല. ഉടമസ്ഥാവകാശം അന്യ വകുപ്പിനായതിനാല്‍ വനം വകുപ്പും തുരുത്തിന്റെ കാര്യത്തില്‍ പ്രത്യേക താത്പര്യമെടുക്കുന്നില്ല.
കൊറ്റില്ലം പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി പ്രഖ്യാപിപ്പിക്കുന്നതിന് 2010ല്‍ മാനന്തവാടി റവന്യൂ ഡിവിഷന്‍ ഓഫീസറായിരുന്ന എന്‍ പ്രശാന്ത് ചില നീക്കങ്ങള്‍ നടത്തിയെങ്കിലും വനം വകുപ്പ് നിസഹകരിക്കുകയായിരുന്നു. തുരുത്തിലെ പക്ഷിവേട്ടയും മണലെടുപ്പും സംബന്ധിച്ച് പരാതികള്‍ തുടരെ ലഭിച്ചപ്പോഴായിരുന്നു ആര്‍ ഡി ഒയുടെ നീക്കം. കൊറ്റില്ല സംരക്ഷണത്തിന് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് പദ്ധതി ആസൂത്രണം ചെയ്തെങ്കിലും പ്രാവര്‍ത്തികമായില്ല. റവന്യൂ വകുപ്പിന്റെയും പനമരം പഞ്ചായത്ത് ജൈവ വൈവിധ്യ മാനേജ്മെന്റ് സമിതിയുടെയും സഹകരണത്തോടെയുള്ള പദ്ധതിയാണ് ജൈവ വൈവിധ്യ ബോര്‍ഡ് തയാറാക്കിയത്. അപ്പോഴേക്കും വയനാട് ജില്ലാ പഞ്ചായത്ത് കൊറ്റില്ല സംരക്ഷണത്തിനു 60 ലക്ഷം രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. വിശദമായ രൂപരേഖ തയാറാക്കാന്‍ വിദഗ്ധനെ ചുമതലപ്പെടുത്തി. ഇതോടെ ജൈവ വൈവിധ്യ ബോര്‍ഡ് പിന്‍വാങ്ങി. ജില്ലാ പഞ്ചായത്താകട്ടെ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരിഞ്ചുപോലും മുന്നോട്ടുപോയതുമില്ല.
deshabhimani
No comments:
Post a Comment