Sunday, September 22, 2013

സമസ്തയെ ലീഗ് മെരുക്കി; 'സുപ്രഭാതം' ഇനി വിടരില്ല

മുസ്ലിംലീഗ് നേതൃത്വം സുന്നികളുടെ സമസ്ത കേരള ജം-ഇയ്യത്തുല്‍ ഉലമയുമായി തിരക്കിട്ട ഒത്തുതീര്‍പ്പിലെത്താനുള്ള പ്രധാന കാരണങ്ങളിലൊന്ന് 'സുപ്രഭാതം' ദിനപത്രം. ലീഗിന്റെ മുഖപത്രമായ 'ചന്ദ്രിക' അവഗണിക്കുന്നെന്നും എതിര്‍ഗ്രൂപ്പായ കാന്തപുരം വിഭാഗത്തിന്റെ വാര്‍ത്തകള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നെന്നും പരാതിപ്പെട്ട് സ്വന്തമായി ദിനപത്രം തുടങ്ങാന്‍ സമസ്ത നീക്കം നടത്തുന്നതിനിടെയാണ് ലീഗ് മുറിവുണക്കല്‍ നടപടി സ്വീകരിച്ചത്.  പുതുതായി തുടങ്ങാനുദ്ദേശിച്ച 'സുപ്രഭാത'ത്തിന്റെ നടപടികള്‍ ഒത്തുതീര്‍പ്പു ധാരണകളുടെ ഭാഗമായി സമസ്ത മരവിപ്പിച്ചിരിക്കയാണ്.
കാന്തപുരം വിഭാഗത്തിന് സ്വന്തമായി 'സിറാജും'  ജമാ അത്തെ ഇസ്ലാമിക്ക് 'മാധ്യമ'വും ഉണ്ടായിരിക്കെ പ്രമുഖ മുസ്ലിം സംഘടനകളില്‍ സമസ്തക്കു മാത്രമാണ് മുഖപത്രമില്ലാതിരുന്നത്. അതിനാലാണ് പുതുതായൊരു പത്രം തുടങ്ങുന്നതിനെപ്പറ്റി സമസ്തയുടെ നേതൃത്വം ആലോചിച്ചു തുടങ്ങിയത്.

'സുപ്രഭാതം' എന്ന പേരില്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത സംഘടന പത്രം തുടങ്ങുന്നതിനു മുന്നോടിയായി ശില്‍പശാലകളും സംസ്ഥാനമുടനീളം തയാറെടുപ്പുകളും നടത്തി വരുകയായിരുന്നു. ഇതാണ് മുസ്ലിംലീഗ് നേതൃത്വത്തെ പെട്ടെന്നൊരു ഒത്തുതീര്‍പ്പിനു പ്രേരിപ്പിച്ചത്. കോഴിക്കോട്ടെ പുതുപ്പാടിയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ ആരംഭിക്കുന്ന മര്‍കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ലീഗ് മന്ത്രിമാര്‍ക്കുമെതിരെ സമസ്തയുടെ വിവിധ നേതാക്കള്‍ ശക്തമായി പ്രതികരിച്ചിരുന്നു.

ഇ അഹമ്മദ് അടക്കമുള്ള ലീഗിലെ തലമുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്നു സമസ്ത മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും ലീഗ് അതത്ര കാര്യമായെടുത്തിരുന്നില്ല. എന്നാല്‍, സംഘടന പുതിയ മുഖപത്രം ആരംഭിക്കാന്‍ പോകുന്നെന്ന വാര്‍ത്തയെ മതിയായ ഗൗരവത്തോടെ തന്നെയാണ് പാര്‍ട്ടി നോക്കിക്കണ്ടത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള 'ചന്ദ്രിക'യുടെ വായനക്കാരെ നിലവില്‍ അഞ്ചു പത്രങ്ങള്‍ പങ്കിട്ടെടുക്കുന്ന സ്ഥിതിയാണ്. വായനക്കാര്‍ നഷ്ടമാകുന്നതിലുപരിയായി പത്രങ്ങള്‍ വഴി ആദ്യം പാര്‍ട്ടിക്കെതിരായും പിന്നീട് നിക്ഷിപ്ത താല്‍പര്യങ്ങളിലും പ്രചാരണം നടക്കുന്നതായാണ് ഇതേപ്പറ്റി ലീഗ് വിലയിരുത്തല്‍.

രണ്ടു പതിറ്റാണ്ട് മുമ്പു മാത്രം ആരംഭിച്ച 'മാധ്യമം' പരിസ്ഥിതി-മനുഷ്യാവകാശ പ്രശ്‌നങ്ങളാണ് ആദ്യം ഉയര്‍ത്തിപ്പിടിച്ചിരുന്നതെങ്കിലും പിന്നീട് പതിയെ മതത്തിനുള്ളിലേക്കു തന്നെ മടങ്ങുകയായിരുന്നു. ലീഗിന്റെ അനുഭാവികളെയും ഇക്കൂട്ടത്തില്‍ ചോര്‍ത്തിയെടുക്കാന്‍ ജമാ അത്തെ ഇസ്ലാമിക്കു സാധിച്ചു. ഇതിലുപരിയായി വെല്‍ഫെയര്‍ പാര്‍ട്ടി എന്ന പേരില്‍  ജമാ അത്തെ ഇസ്ലാമി സ്വന്തമായി രാഷ്ട്രീയ സംഘടന രൂപീകരിച്ചതാണ് ലീഗിനെ ഞെട്ടിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി നിലവില്‍ വെല്ലുവിളിയല്ലെങ്കിലും 'മാധ്യമ'ത്തിലൂടെ നടക്കുന്ന കടുത്ത ആശയപ്രചാരണം ലീഗിനെ ആശങ്കയിലാക്കുന്നുണ്ട്.

ഒരു ദശാബ്ദത്തിന്റെയത്ര പോലും പഴക്കമില്ലാത്ത 'തേജസാ'ണ് ലീഗിന് ആശങ്ക പകരുന്ന മറ്റൊരു ദിനപത്രം. പത്രമെന്ന നിലയില്‍ മലബാറില്‍ 'മാധ്യമ'ത്തേക്കാളേറെ 'ചന്ദ്രിക'ക്കു വെല്ലുവിളിയാകുന്നതും എസ് ഡി പി ഐയുടെ മുഖപത്രമായ 'തേജസ്' തന്നെ. ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകള്‍ ഇഷ്ടമില്ലാതിരുന്ന വലിയൊരു യുവസമൂഹം 'മാധ്യമ'മുണ്ടെങ്കിലും 'ചന്ദ്രിക'യുടെ വരിക്കാരായാണ് തുടര്‍ന്നിരുന്നത്. എന്നാല്‍, കാര്യമായ രാഷ്ട്രീയ കെട്ടുപാടുകളില്ലാത്ത സ്വതന്ത്രപത്രമായി 'തേജസ്' എത്തിയപ്പോള്‍ വലിയൊരു വിഭാഗം ഇതിന്റെ വരിക്കാരായി. പത്രത്തിന്റെ ചാലകശക്തി എസ് ഡി പി ഐയാണെന്നതാണ് ലീഗിന്റെ ആശങ്ക.

ഈ സാഹചര്യത്തിലാണ് സമസ്തയുടെ പരാതികള്‍ തണുപ്പിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീരുമാനമുണ്ടായത്. പാണക്കാട് തറവാട്ടില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലെ ധാരണപ്രകാരം സമസ്തയുടെ വാര്‍ത്തകള്‍ക്കു 'ചന്ദ്രിക'യില്‍ മതിയായ പ്രാധാന്യം നല്‍കും. സുപ്രധാന വിഷയങ്ങളില്‍ സമസ്തയുടെ നേതാക്കളുമായി ആലോചിക്കുമെന്നും ലീഗ് നേതാക്കള്‍ ചര്‍ച്ചയില്‍ വാക്കു നല്‍കിയിട്ടുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ മുഖപത്രം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് സമസ്ത.
(കിഷോര്‍ എബ്രഹാം)

janayugom

No comments:

Post a Comment