Friday, September 20, 2013

പ്രകൃതിവാതക പദ്ധതി എവിടെ?

വന്‍കിട ഉപയോക്താക്കള്‍ക്ക് ഡീസല്‍ സബ്സിഡിയില്ലെന്ന തീരുമാനം വന്നപ്പോള്‍ ഡല്‍ഹിയിലേക്ക് പോയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്രത്തില്‍നിന്ന് കിട്ടിയ ഉറപ്പ് ഇപ്പോഴും കടലാസില്‍. ഡീസല്‍ വില കുറയ്ക്കാനാകില്ലെന്നും പകരം സമ്മര്‍ദിത പ്രകൃതിവാതകം ഉപയോഗിച്ചുള്ള പദ്ധതിക്ക് 100 കോടി രൂപ നല്‍കാമെന്നുമായിരുന്നു കേന്ദ്രവാഗ്ദാനം. പദ്ധതിയെ കുറിച്ച് തൊഴിലാളികളും വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചപ്പോഴും ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇത് വലിയ പദ്ധതിയായി കൊട്ടിഘോഷിച്ചു. അന്ന് മനോരമയും മാതൃഭൂമിയും ഉള്‍പ്പെടെ ഒന്നാം പേജില്‍ ലീഡ് വാര്‍ത്തയാക്കി. എന്നാല്‍, അതിനുശേഷം മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഈ പദ്ധതിക്കുവേണ്ടി അനങ്ങിയതേ ഇല്ല. ഇപ്പോഴാകട്ടെ ഈ പദ്ധതിയെക്കുറിച്ച് മിണ്ടാട്ടവുമില്ല. യുഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച മറ്റെല്ലാ കടലാസ് പദ്ധതികളെയും പോലെ ഇതും കടലാസിലായി.

ഡീസലിനു പകരം പ്രകൃതിവാതകം ഉപയോഗിക്കണമെങ്കില്‍ ബസുകളില്‍ ഇതിനുള്ള സംവിധാനം ഒരുക്കണം. ബസൊന്നിന് രണ്ടു ലക്ഷത്തോളം രൂപ വേണം. ഏതാണ്ട് 120 കോടി രൂപയെങ്കിലും കണ്ടെത്തണം. ഇത്രയും പണം മുടക്കി ബസുകള്‍ സജ്ജമാക്കിയാലും പ്രകൃതിവാതകം എവിടെനിന്ന് കിട്ടുമെന്ന് ധാരണയുണ്ടായിരുന്നില്ല. കൊച്ചിയില്‍ ഗെയിലിന്റെ പ്രകൃതിവാതക പൈപ്പ് ലൈന്‍ പൂര്‍ത്തിയായാലേ ഇന്ധനം കിട്ടൂ. അത് എന്നു നടക്കുമെന്ന് ഒരുറപ്പുമുണ്ടായിരുന്നില്ല. സംസ്ഥാനത്തെ പ്രധാന പാതകളില്‍ ഗ്യാസ് ഉപയോഗിച്ച് ബസ് സര്‍വീസ് നടത്താനാകുമെങ്കിലും മലയോരജില്ലകളിലും മറ്റുയര്‍ന്ന പ്രദേശങ്ങളിലും എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് ആശങ്കയുമുണ്ടായിരുന്നു. ഇതെല്ലാം മറച്ചുവെച്ചായിരുന്നു അന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടത്. അതും മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഇപ്പോള്‍ ഓര്‍ക്കുന്നുപോലുമില്ല.

deshabhimani

No comments:

Post a Comment