Wednesday, September 18, 2013

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കേന്ദ്രനയം മാറ്റണം: വിഎസ്

കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങളും നിലപാടും മൂലമാണ് കെഎസ്ആര്‍ടിസി പ്രതിസന്ധിയിലായതെന്നും ഇത് മറികടക്കാന്‍ കേന്ദ്രനയം മാറ്റണമെന്ന് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ഡീസല്‍ സബ്സിഡി ലഭ്യമാക്കി കെ.എസ്.ആര്‍.ടി.സിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം. കെ.എസ്.ആര്‍.ടി.സി വാങ്ങുന്ന ഡീസലിന് സബ്സിഡി നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിറക്കാന്‍ ഇടയായത് കേന്ദ്രഗവണ്‍മെന്റിന്റെ നയങ്ങളും നിലപാടും മൂലമാണ്.

സാധാരണക്കാരെ ദ്രോഹിക്കുകയും വന്‍ കോര്‍പ്പറേറ്റുകളെ വഴിവിട്ട് സഹായിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നയമാണ് ഇപ്പോള്‍ പെട്രോളിയം കമ്പനികള്‍ക്ക് തുണയാവുന്നത്. എണ്ണക്കമ്പനികള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി തന്നെ വാദത്തില്‍ ഇത് സമ്മതിച്ചിട്ടുമുണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും മറ്റും ഡീസലിന് ഉയര്‍ന്ന നിരക്ക് ഈടാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിന്റേതാണെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ കോടതി ഇടപെടേണ്ടതില്ലെന്നുമാണ് അദ്ദേഹം വാദിച്ചത്.അറ്റോര്‍ണി ജനറല്‍ ഉന്നയിച്ച വാദങ്ങളെ പ്രതിരോധിക്കാനോ മറികടക്കാനോ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് കഴിഞ്ഞതുമില്ല

കേന്ദ്രസര്‍ക്കാരിന്റെ ഈ നയംമൂലം ആത്യന്തികമായി ദുരിതമനുഭവിക്കാന്‍ പോകുന്നത് കേരളത്തിലെ സാധാരണക്കാരും പാവപ്പെട്ടവരുമാണ്. കേന്ദ്രസര്‍ക്കാരിനെ കൊണ്ട് ഈ നിലപാട് തിരുത്തിക്കുന്നതിനാവശ്യമായ സ്വാധീനവും സമ്മര്‍ദ്ദവും ചെലുത്താന്‍ യു.ഡി.എഫ് സര്‍ക്കാരും തയ്യാറാകണം. ഡീസല്‍ വിലയില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന വന്‍ നികുതി, പൊതുജനസേവന താല്‍പര്യം മുന്‍നിര്‍ത്തി കെ.എസ്.ആര്‍.ടി.സിക്ക് ഇളവ് ചെയ്തുകൊടുണ്ടക്കുന്നതിനെക്കുറിച്ചും ആലോചിക്കണം. കെ.എസ്.ആര്‍.ടി.സി യെ രക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് എല്ലാവിഭാഗം ആളുകളുടെയും പിന്തുണയുണ്ടാകണമെന്നും വി.എസ്. അഭ്യര്‍ത്ഥിച്ചു.

കെഎസ്ആര്‍ടിസി കൂടിയവിലയ്ക്ക് ഡീസല്‍ വാങ്ങിത്തുടങ്ങി

തിരു: ഡീസല്‍ സബ് സിഡി പിന്‍വലിച്ചതോടെ കെഎസ്ആര്‍ടിസി കുടുതല്‍ വില നല്‍കി ഡീസല്‍ വാങ്ങിത്തുടങ്ങി. ലിറ്ററിന് 19.39 രൂപ അധികം നല്‍കിയാണ് ബുധനാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ഡീസല്‍ അടിക്കുന്നത്. ലിറ്ററിന് 73.36 രൂപയാണ് നല്‍കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ എണ്ണക്കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദും തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി.

കെഎസ്ആര്‍ടിസിയുടെ പമ്പുകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ ഏല്‍പിച്ച് ഡീസല്‍ പ്രതിസന്ധി മറികടക്കാന്‍ ശ്രമം നടത്താനാണ് യോഗത്തില്‍ ധാരണയായത്. 67 പമ്പുകള്‍ ഇങ്ങനെ കൈമാറാനും അവിടെ നിന്ന് കെഎസ്ആര്‍ടിസിക്ക് ചില്ലറ വില്‍പ്പന നിരക്കില്‍് ഡീസല്‍ ലഭ്യമാക്കാനുമാണ് ആലോചന. എണ്ണ കമ്പനികള്‍ ഈ നിര്‍ദേശംതത്വത്തില്‍ അംഗീകരിച്ചതായി മരന്തി ആര്യാടന്‍ മുഹമ്മദ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ എണ്ണക്കമ്പനികള്‍ക്ക് ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. അവര്‍ അരിനു ശ്രമിക്കും. ഇരുപതിനു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഷെഡ്യൂള്‍ റദ്ദാക്കുന്നുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് മന്ത്രി അവകാശപ്പെട്ടു.

വിലവര്‍ധനവോടെ നാളിതുവരെയില്ലാത്ത പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി തിരുവോണനാളില്‍ 2225 സര്‍വീസ് വെട്ടിക്കുറച്ചു. ഏഴായിരം രൂപയില്‍ താഴെ വരുമാനമുള്ള ഷെഡ്യൂളുകളാണ് റദ്ദാക്കിയത്. ചൊവാഴ്ചയും രണ്ടായിരത്തിലേറെ സര്‍വീസുകള്‍ മുടങ്ങി. തിരുവനന്തപരം ജില്ലയിലാണ് ഏറ്റവും വലിയ വെട്ടിക്കുറയ്ക്കല്‍. അടിയന്തിര പരിഹാര നടപടി ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് നിര്‍ത്തിവക്കും. 5601 ബസുകളില്‍ 3376 എണ്ണമാണ് തിങ്കളാഴ്ച സര്‍വീസ് നടത്തിയത്. 320 ജന്‍റം സര്‍വീസുകളില്‍ 193 എണ്ണം റദ്ദാക്കി. 18,90,161 കിലോമീറ്റര്‍ സര്‍വീസ് നടത്തേണ്ടിടത്ത് 11,14,876 കിലോ മീറ്റര്‍ മാത്രമാണ് ഓടിയത്. ഇതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. മുന്‍ ആഴ്ചയില്‍ ഇതേദിവസത്തെ വരുമാനത്തെ അപേക്ഷിച്ച് 2.43 കോടിയിലേറെ രൂപയുടെ കുറവുണ്ടായി. 142 സര്‍വീസുള്ള തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 64 സര്‍വീസ് മാത്രമാണ് തിങ്കളാഴ്ച നടത്തിയത്. പാപ്പനംകോട്, പേരൂര്‍ക്കട, വികാസ് ഭവന്‍ തുടങ്ങിയ ഡിപ്പോകള്‍ അടക്കം തലസ്ഥാന നഗരത്തില്‍ 522 ഷെഡൂളുകളില്‍ 228 മാത്രമാണ് ഓടിയത്. ചൊവ്വാഴ്ച 12 സര്‍വീസ് പാലക്കാട് ഡിപ്പോയില്‍ റദ്ദാക്കി. തൃശൂര്‍ ജില്ലയില്‍ ദീര്‍ഘദൂരമടക്കം 61 സര്‍വീസ് റദ്ദാക്കി.

സബ്സിഡി നിരക്കില്‍ കെഎസ്ആര്‍ടിസിക്ക് ഡീസല്‍ അനുവദിക്കാനാവില്ലെന്ന സുപ്രീംകോടതി വിധിയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വന്‍കിട ഉപഭോക്താക്കള്‍ക്ക് സബ്സിഡിനിരക്കില്‍ ഡീസല്‍ നല്‍കണമെന്ന വിവിധ ഹൈക്കോടതി വിധികള്‍ ചോദ്യംചെയ്ത് എണ്ണക്കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവുകള്‍ റദ്ദാക്കിയ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചു. ഉയര്‍ന്ന നിരക്ക് ഈടാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിന്റെതാണെന്നും കോടതി ഈ വിഷയത്തില്‍ ഇടപെടുന്നത് ഉചിതമല്ലെന്നുമാണ് എണ്ണക്കമ്പനികള്‍ക്കായി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി വാദിച്ചത്. ഉയര്‍ന്ന നിരക്കില്‍ ഡീസല്‍ വാങ്ങുന്നത് കെഎസ്ആര്‍ടിസി അടച്ചുപൂട്ടാന്‍ ഇടയാക്കുമെന്നുള്ള വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. നടത്തിപ്പിലെ കെടുകാര്യസ്ഥതയുംജീവനക്കാരുടെ എണ്ണക്കൂടുതലും പെന്‍ഷന്‍ ബാധ്യതയും മറ്റുമാണ് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

സബ് സിഡി നിഷേധിച്ചത് കെഎസ്ആര്‍ടിസിക്ക് പ്രതിമാസം 22.6 കോടിയുടെ അധിക ചെലവാണ് ഉണ്ടാക്കുക. ഡീസല്‍ ലിറ്ററിന് നിലവിലെ 53.85 രൂപയില്‍നിന്ന് 71.26 രൂപയായാണ് വര്‍ധിക്കുക. നൂറുകോടി രൂപയുടെ പ്രതിമാസ നഷ്ടമുള്ള കോര്‍പറേഷന് പുതിയ ബാധ്യത താങ്ങാനാവില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 5,800 സര്‍വീസാണ് നടത്തിയിരുന്നത്. ഈ സര്‍ക്കാര്‍ വന്നശേഷം അത് 5601 ആയി കുറഞ്ഞു. ഇതിനിടയിലാണ് ഡീസല്‍ പ്രതിസന്ധിയുടെ പുതിയ ആഘാതം. എന്നാല്‍, ഡീസല്‍ സബ്സിഡി പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഷെഡ്യൂളുകളൊന്നുംവെട്ടിക്കുറച്ചിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ അവകാശവാദം. പ്രശ്നത്തില്‍ പൊതുമേഖലാ എണ്ണക്കമ്പനികളുമായി ബുധനാഴ്ച ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

deshabhimani

No comments:

Post a Comment