Wednesday, September 18, 2013

സ്വര്‍ണപ്പണയ വായ്പാ സ്ഥാപനങ്ങള്‍ക്കുമേല്‍ ആര്‍ബിഐ നിയന്ത്രണം

രാജ്യത്തെ സ്വര്‍ണപ്പണയ വായ്പാ സ്ഥാപനങ്ങള്‍ക്കുമേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സ്വര്‍ണവായ്പാവേളയില്‍ ഈടായി നല്‍കുന്ന ആഭരണത്തിന്റെ മൂല്യം നിര്‍ണയിക്കുന്നതിനായി ബോംബെ ബുള്ള്യന്‍ അസോസിയേഷന്റെ 30 ദിവസത്തെ ശരാശരി വില കണക്കാക്കി അതിനനുസരിച്ച് സ്വര്‍ണത്തിന് മൂല്യം കണക്കാക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. നിലവില്‍ മൂല്യനിര്‍ണയത്തിന് വ്യക്തമായ സംവിധാനമില്ല. അതുപോലെതന്നെ സ്വര്‍ണം സ്വീകരിച്ച് വായ്പനല്‍കുമ്പോള്‍ പരിശുദ്ധി, തൂക്കം എന്നിവ സ്ഥാപനത്തിന്റെ ബില്ലില്‍ വ്യക്തമായി രേഖപ്പെടുത്തി നല്‍കണമെന്നുണ്ട്. പരിശുദ്ധി കുറഞ്ഞ സ്വര്‍ണമാണെങ്കിലും കൃത്യമായ മൂല്യനിര്‍ണയം നടത്തണമെന്ന് നിഷ്ക്കര്‍ഷിക്കുന്നുണ്ട്. നല്‍കാവുന്ന വായ്പത്തുക സ്വര്‍ണവിലയുടെ 60 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നത് മാറ്റമില്ലാതെ തുടരും. ഇതിനുപുറമെ വായ്പാസ്ഥാപനത്തിന് സ്വര്‍ണം സൂക്ഷിക്കാനുള്ള മതിയായ ലോക്കറും മറ്റ് അടിസ്ഥാനസൗകര്യങ്ങളും അതത് ശാഖകളില്‍ നിര്‍ബന്ധമാക്കി. മതിയായ സ്റ്റോറേജില്ലാതെ പണമിടപാട് നടത്താന്‍ പാടില്ല. ആവശ്യമില്ലാത്ത ശാഖകള്‍ ഒരുമിച്ചാക്കാനും നിര്‍ദേശമുണ്ട്.

1000 ശാഖയില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ ആര്‍ബിഐയുടെ അനുമതി വാങ്ങിയശേഷമെ പുതിയത് ആരംഭിക്കാവൂ. പുതിയ ശാഖകളില്‍ സുരക്ഷിതമായി സ്വര്‍ണം സൂക്ഷിക്കാനുള്ള സംവിധാനങ്ങളെല്ലാം നിര്‍ബന്ധമാക്കിയിട്ടുണ്ട്. പണയ ഉരുപ്പടി ലേലം ചെയ്യുമ്പോള്‍ പണയംവച്ച അതേ ടൗണില്‍ത്തന്നെ ലേലം നടത്തണമെന്നും ലേലവേളയില്‍ പണയ ഉരുപ്പടിയുടെ കുടിശ്ശിക അടക്കമുള്ള എല്ലാ കാര്യങ്ങളും വിശദമാക്കണമെന്നും ആര്‍ബിഐ നിര്‍ദേശിക്കുന്നു. മാത്രമല്ല സ്ഥാപനത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ലേലവിവരങ്ങള്‍, വായ്പത്തുക, കുടിശ്ശിക, സ്വര്‍ണത്തിന്റെ ആകെ മൂല്യം, സഹോദരസ്ഥാപനം ലേലത്തില്‍ പങ്കെടുത്തെങ്കില്‍ അക്കാര്യം തുടങ്ങിയവയെല്ലാം വെളിപ്പെടുത്തേണ്ടതുണ്ട്. അഞ്ചുലക്ഷത്തിനു മുകളിലുള്ള സ്വര്‍ണവായ്പാ ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കി. ഒരുലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ ചെക്കുമുഖേനയേ പാടുള്ളു. എല്ലാ ശാഖയിലും പണയം സംബന്ധിച്ച രേഖകളെല്ലാം സൂക്ഷിക്കണം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും ആര്‍ബിഐ നല്‍കുന്നു.

deshabhimani

No comments:

Post a Comment