Saturday, November 2, 2013

ഫെഡറല്‍ ബാങ്ക് വിദേശഓഹരി 49 ശതമാനമാക്കണം

ഫെഡറല്‍ ബാങ്കിലെ വിദേശ ഓഹരി 49 ശതമാനമായി കുറയ്ക്കണമെന്ന് ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയനും ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി ആവശ്യപ്പെട്ടു. വിദേശനിക്ഷേപം 74 ശതമാനംവരെ ഉയര്‍ത്തുന്നതിന് എഫ്ഐപിബിയുടെ അനുവാദം വാങ്ങിയതു സംബന്ധിച്ച് ബാങ്ക് മാനേജ്മെന്റ് നല്‍കിയ വിശദീകരണം നിലനില്‍ക്കുന്ന ആശങ്കയകറ്റാന്‍ തീര്‍ത്തും അപര്യാപ്തമാണ്. വിദേശഓഹരി 49 ശതമാനമാക്കി പരിമിതപ്പെടുത്തണമെന്ന യൂണിയനുകളുടെ ആവശ്യത്തോട് മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനുപകരം 2006ല്‍ റിസര്‍വ് ബാങ്ക് നല്‍കിയ അനുവാദത്തിന്റെ മറപിടിച്ച് യഥാര്‍ഥവിഷയത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ്.

ഈവര്‍ഷം 74 ശതമാനം വിദേശനിക്ഷേപത്തിന് എഫ്ഐപിബിയോട് അപേക്ഷിക്കേണ്ട നിര്‍ബന്ധ സാഹചര്യം ബാങ്കിനില്ല. പുതിയ മാനേജ്മെന്റ് ചുമതല ഏറ്റെടുത്തതിനുശേഷമുള്ള നടപടികള്‍ ജീവനക്കാരുടെയും ഇടപാടുകാരുടെയും ആശങ്കയ്ക്ക് ആക്കംകൂട്ടുന്നതാണ്. ബാങ്കിന്റെ സ്ഥാപക ചെയര്‍മാന്‍ കെ പി ഹോര്‍മിസ് സ്ഥാപിച്ച ബാങ്കിന്റെ എംബ്ലം ബോര്‍ഡുകളില്‍നിന്നും പ്രസിദ്ധീകരണങ്ങളില്‍നിന്നും അപ്രത്യക്ഷമായത് നല്‍കുന്ന സൂചനകള്‍ ഒട്ടും ആശാവഹമല്ല. തലപ്പത്തിരിക്കുന്ന ചുരുക്കംചില വ്യക്തികള്‍ക്ക് എംപ്ലായീസ് സ്റ്റോക്ക് ഓപ്ഷന്‍ എന്ന പേരില്‍ ലക്ഷക്കണക്കിന് ഓഹരികള്‍ നല്‍കിയതും ലക്ഷങ്ങളുടെ ഇന്‍സെന്റീവ് നല്‍കുന്നതും ബാങ്കിന്റെ സംസ്കാരത്തിന് അന്യമായതും സ്ഥാപനത്തിന് ദോഷകരവുമാണ്. 2008ല്‍ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ അമേരിക്കയിലും മറ്റും നാനൂറിലേറെ ബാങ്കുകള്‍ തകര്‍ന്നടിഞ്ഞതിന്റെ പ്രധാന കാരണം സ്ഥാപനമേധാവികള്‍ ഇന്‍സെന്റീവുകള്‍ക്കും ബോണസിനും വേണ്ടി കുറുക്കുവഴികള്‍ തേടിയതാണ്്. അതിനാല്‍ വിദേശ ഓഹരി 49 ശതമാനത്തിലേക്ക് കുറയ്ക്കുന്നതിനുള്ള നയപരമായ തീരുമാനം മാനേജ്മെന്റ് സ്വീകരിക്കണം. അല്ലാത്തപക്ഷം ബഹുജനപിന്തുണയോടെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി പി പി വര്‍ഗിസും ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പോള്‍ മുണ്ടാടനും പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment