കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രശ്നത്തില്‍ ജനവിരുദ്ധമായ നടപടിയുണ്ടാകാതിരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിലല്ല, മറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആ റിപ്പോര്‍ട്ടിന് അനുകൂലമായ ന്യായവാദങ്ങള്‍ പരോക്ഷമായി മുന്നോട്ടുവയ്ക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രമം. ഈ നിലപാടിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച സിപിഐ എം നിലപാടിനെക്കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ പാകത്തിലുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന.
ആശങ്കയിലാണ്ട മലയോരജനതയുടെ രക്ഷയ്ക്കായി കേരളം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുന്നുവെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ ചുമതലയുള്ള മുഖ്യമന്ത്രിതന്നെ കേരളത്തില്‍ ഇക്കാര്യത്തില്‍ വ്യത്യസ്താഭിപ്രായങ്ങളാണുള്ളത് എന്ന പ്രതീതി ജനിപ്പിക്കാന്‍ ശ്രമിക്കുന്നത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ്? ആരുടെ താല്‍പ്പര്യത്തിലാണെങ്കിലും അത് കേരളതാല്‍പ്പര്യത്തിലല്ല എന്ന് വ്യക്തം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതേപടി അംഗീകരിക്കുന്നത് അസ്വീകാര്യമാണെന്നാണ് സിപിഐ എം പറഞ്ഞത്. ജനജീവിതത്തെ കൂട്ടത്തോടെ കടപുഴക്കിയെറിയുന്ന ഒരു നിലപാടിനെയും അംഗീകരിക്കില്ലെന്ന് സിപിഐ എം പറഞ്ഞിരിക്കെ, മറിച്ചെന്തോ ആണ് പറഞ്ഞിട്ടുള്ളത് എന്ന് വരുത്തിത്തീര്‍ക്കുന്നത്, ആര്‍ക്കുവേണ്ടിയാണ്? കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മാറ്റമില്ലാതെ നടപ്പാക്കുന്നതിനു വേണ്ട ന്യായവാദങ്ങള്‍ കേന്ദ്രത്തിന് സംഭാവനചെയ്യുകയാണ് സത്യവിരുദ്ധമായ നിലയില്‍ മുഖ്യമന്ത്രി. ആശങ്കാജനകമായ ഈ സ്ഥിതിവിശേഷം ഉണ്ടാക്കിവച്ചതുപോലും ഈ മുഖ്യമന്ത്രിയാണ്. കസ്തൂരിരംഗന്‍ ഇവിടെ സിറ്റിങ്ങിനായി വന്ന ഘട്ടത്തില്‍ അദ്ദേഹത്തെ കേരളത്തിലെ ജനനിബിഡതയടക്കമുള്ള സവിശേഷതകള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന് വീഴ്ചപറ്റി. ആ വീഴ്ചയ്ക്കാണിപ്പോള്‍ വില നല്‍കേണ്ടിവരുന്നത്. കസ്തൂരിരംഗന്‍ വിവരശേഖരണത്തിനായി ഇവിടെ വന്ന ഘട്ടത്തില്‍ അദ്ദേഹത്തിന് കേരളതാല്‍പ്പര്യത്തിലുള്ള വിവരങ്ങള്‍ നല്‍കുന്നതിലായിരുന്നില്ല, മറിച്ച് ജോപ്പന്‍ മുതല്‍ സലിംരാജ് വരെയുള്ളവരെ പരിരക്ഷിക്കുന്നതില്‍ വ്യാപൃതനാവാനായിരുന്നു മുഖ്യമന്ത്രിക്ക് താല്‍പ്പര്യം. തെളിവുകളാല്‍ പ്രതിക്കൂട്ടിലാക്കപ്പെട്ട തന്റെ സ്ഥാനം രക്ഷിക്കുന്നതിലും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി വന്ന തെളിവുകള്‍ ഓരോന്നായി നശിപ്പിച്ചെടുക്കുന്നതിലുമായിരുന്നു ഉമ്മന്‍ചാണ്ടിക്ക് താല്‍പ്പര്യം. ഭരണത്തിന്റെ പരിഗണനാവിഷയങ്ങള്‍ ഈ വിധത്തില്‍ മാറുമ്പോള്‍ സംസ്ഥാനതാല്‍പ്പര്യങ്ങള്‍ ബലികഴിക്കപ്പെടുകയാവുമുണ്ടാവുക. അതുതന്നെയാണിവിടെ സംഭവിച്ചത്.
ഇതൊക്കെ മറച്ചുപിടിക്കാനാണ് സിപിഐ എമ്മിനെതിരായ ആക്ഷേപവുമായി ഇപ്പോള്‍ അദ്ദേഹം ഇറങ്ങിയിരിക്കുന്നത്. കണ്ണാടി തകര്‍ത്ത് സ്വന്തം മുഖം രക്ഷിക്കാമെന്ന് ഉമ്മന്‍ചാണ്ടി കണക്കാക്കുന്നു. കണ്ണാണ് മോശം. അതിന് കണ്ണാടി എന്ത് പിഴച്ചു? കൊലയാളിയുമായി ചര്‍ച്ച നടത്തുക, ക്രിമിനലുകളെ മന്ത്രിസഭയില്‍ സംരക്ഷിക്കുക, തനിക്കെതിരായ തെളിവുകള്‍ നശിപ്പിക്കുക, അന്വേഷണ ഏജന്‍സികളെ ഭരണത്തിലൂടെ ഉപയോഗിച്ച് കുറ്റവിമുക്തനായി ചമയാന്‍ ശ്രമിക്കുക തുടങ്ങിയവയാണ് ഈ മുഖ്യമന്ത്രിയുടെ മിനിമം പരിപാടി. അതിന്റെ മുന്‍ഗണനാക്രമത്തിലെവിടെയും സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് പൊതുവിലോ മലയോരകര്‍ഷകരുടെ താല്‍പ്പര്യത്തിന് പ്രത്യേകിച്ചോ ഒരു സ്ഥാനവുമില്ല.
പശ്ചിമഘട്ട പരിസ്ഥിതിസംരക്ഷണം പ്രധാനമാണ്. എന്നാല്‍, ആ പരിസ്ഥിതിയുടെ ഭാഗമായുള്ള മനുഷ്യര്‍കൂടി സംരക്ഷിക്കപ്പെടണം. ജീവിക്കാനുള്ള മനുഷ്യന്റെ അവകാശവും അത് നടപ്പാക്കാനുള്ള ജീവനോപാധികളും സംരക്ഷിക്കപ്പെടണം. ആ നിലപാട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ തീരെയുണ്ടായിരുന്നില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വേണ്ട തോതില്‍ ഉണ്ടായിട്ടില്ല. ഇതാണ് സ്വാഭാവികമായും ജനങ്ങളെ ആശങ്കയിലാഴ്ത്തിയത്. ആ ആശങ്ക നീങ്ങണമെങ്കില്‍ കേന്ദ്ര നിലപാടില്‍ മാറ്റംവരണം. അതിനുവേണ്ടി ശ്രമിക്കേണ്ട ഘട്ടത്തില്‍, ആ ശ്രമം നടത്തുന്ന ശക്തികളെ ഛിദ്രമാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് ഉചിതമല്ല. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ഇടപെടുന്നതാകട്ടെ, അപലപനീയമാണു താനും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണമെന്ന് സിപിഐ എം പറഞ്ഞിട്ടുള്ളതിനര്‍ഥം ജനസംരക്ഷണം ഉറപ്പാക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തണം എന്നാണ്. അങ്ങനെ ബോധ്യപ്പെടുത്താന്‍ തദനുസൃതമായ നടപടികള്‍ വേണം. വാചകമടികൊണ്ട് ബോധ്യപ്പെടുത്താനാവില്ല. സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പാക്കലാണ് ജനങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള ഏക വഴി. ആ വഴി തേടേണ്ട മുഖ്യമന്ത്രി ഇപ്പോള്‍ സഞ്ചരിക്കുന്നത് അപകടകരമായ വഴികളിലൂടെയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നു എന്ന് മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം നടത്തുന്നത് മറ്റ് ഏതോ താല്‍പ്പര്യം സംരക്ഷിക്കാനാണ്.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിനുള്ള വ്യത്യസ്തതകള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ് ഈ ഘട്ടത്തില്‍ ശ്രമിക്കേണ്ടത്. മുഖ്യമന്ത്രി അതല്ല ചെയ്യുന്നത്. കേരളത്തിലെ ചില പ്രമുഖ പത്രങ്ങള്‍ അപഹാസ്യമായ ഞാണിന്മേല്‍ കളികളാണിപ്പോള്‍ നടത്തുന്നത്. പശ്ചിമഘട്ടപ്രശ്നം യുഡിഎഫ് മന്ത്രിസഭയ്ക്ക് ആപത്തുണ്ടാക്കുമെന്ന് വന്നപ്പോഴാണ് മന്ത്രിസഭയെ രക്ഷിച്ചെടുക്കാനുള്ള ഞാണിന്മേല്‍കളി ആരംഭിച്ചത്. മലയോരകര്‍ഷകര്‍ ആശങ്കപ്പെടേണ്ട നിലയാണുള്ളത് എന്ന് പറഞ്ഞിരുന്ന ചില പത്രങ്ങള്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന നിലയില്‍ സ്വരം മാറ്റി. ഒറ്റരാത്രികൊണ്ട് സ്ഥിതി എങ്ങനെ മാറി? കേന്ദ്രം എന്തെങ്കിലും ഉറപ്പ് ഇവര്‍ക്ക് കൊടുത്തോ? ഈ ചോദ്യങ്ങള്‍ക്ക് ഇവര്‍ ഉത്തരം പറയുന്നില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്ന കോടതി മണ്ണിലെ യാഥാര്‍ഥ്യമെന്തെന്ന് മനസിലാക്കാനുള്ള വിശാലഹൃദയത്വംകൂടി കാട്ടണമെന്ന് അഭ്യര്‍ഥിക്കട്ടെ.
deshabhimani editorial
No comments:
Post a Comment