Wednesday, November 20, 2013

കോര്‍പറേറ്റുകളുടെ ലക്ഷം കോടി കടം ബാങ്കുകള്‍ എഴുതിത്തള്ളി

14 വര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകള്‍ കോര്‍പറേറ്റുകള്‍ക്കു വേണ്ടി എഴുതിത്തള്ളിയത് ഒരു ലക്ഷം കോടി രൂപയുടെ വായ്പ. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികകടമായി എഴുതിത്തള്ളിയതിന്റെ പതിന്മടങ്ങാണ് കോര്‍പറേറ്റുകളുടെ കിട്ടാക്കടമായി തഴഞ്ഞത്. ബാങ്ക് മേധാവികളുടെ വാര്‍ഷിക സമ്മേളനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍. കാര്‍ഷിക ഉല്‍പ്പന്ന വിലയിടിവും വിളനാശവും കര്‍ഷകരെ കടക്കെണിയിലാക്കിയപ്പോള്‍ 2008ല്‍ കാര്‍ഷിക കടാശ്വാസ പദ്ധതി പ്രഖ്യാപിച്ച് 60,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയിരുന്നു. ഈ പേരിലും വന്‍കിട വായ്പ എഴുതിത്തള്ളിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് നിരീക്ഷിക്കുന്നു. 2001 മുതലുള്ള കണക്കാണ് റിസര്‍വ് ബാങ്ക് ശേഖരിച്ചത്. കിട്ടാക്കടത്തിന്റെ കണക്ക് ഓരോ വര്‍ഷവും കൂടി വരുന്നതായും റിസര്‍വ് ബാങ്ക് പറയുന്നു. 2001ല്‍ 6,446 കോടി രൂപ എഴുതിത്തള്ളി. 2013ല്‍ ഇത് 32,218 കോടിയിലെത്തി. ആകെ 2,04,512 കോടി രൂപ. ഇതില്‍ പകുതിയിലധികവും വന്‍കിട കോര്‍പറേറ്റുകളുടെ കിട്ടാക്കടമാണ്.

വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ കാര്യമായ നടപടിയെടുക്കുന്നില്ലെന്നും റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ശ്രമിച്ചാല്‍ പിരിഞ്ഞുകിട്ടാവുന്ന വായ്പയും കിട്ടാക്കടമായി പ്രഖ്യാപിച്ചു. നേരത്തെ കിട്ടാക്കടമായി കരുതിയതില്‍ 18.5 ശതമാനം പിന്നീട് തിരികെ കിട്ടിയത് ഇതിന്റെ സൂചനയാണ്. തിരിച്ചുകിട്ടിയ തുകയാകട്ടെ ചെറുകിട വായ്പകളില്‍നിന്നാണ്. വന്‍കിട വായ്പ തിരിച്ചുപിടിക്കാനും കമ്പനികള്‍ക്ക് നല്‍കുന്ന വായ്പ നിരീക്ഷിച്ച് തിരിച്ചുപിടിക്കല്‍ നടപടിയെടുക്കാനും ഉത്തരവാദിത്തമുള്ള ആരും ബാങ്കുകളില്‍ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാങ്കുകള്‍ക്ക് കൂടുതല്‍ നികുതിയിളവ് നല്‍കാനും നീക്കമുണ്ട്. ഡിസംബര്‍ അഞ്ചിന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് ധനമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സമ്മേളനത്തില്‍ ധനമന്ത്രി പ്രത്യക്ഷ നികുതിപിരിവിനായുള്ള പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കും. ഇതോടെ നികുതിയിളവിനുള്ള വ്യവസ്ഥകള്‍ നിലവില്‍ വരും. നിലവിലെ 33.99 ശതമാനം കോര്‍പറേറ്റ് നികുതി 18.5 ആയി വെട്ടിക്കുറയ്ക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.

deshabhimani

No comments:

Post a Comment