Wednesday, November 20, 2013

തെറ്റുചെയ്ത സഹമന്ത്രിമാരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: വി എസ്

സോളാര്‍തട്ടിപ്പ് പ്രതി സരിതനായരെ ലൈംഗീകമായി ഉപയോഗിച്ചു എന്ന ആരോപണത്തിന് വിധേയരായ സഹമന്ത്രിമാരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിമാര്‍ തെറ്റു ചെയ്തുവെന്നറിയുമ്പോള്‍ അവരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുകയും അവക്കെതിരെ ക്രിമനല്‍ കേസെടുപ്പിക്കുയും ചെയ്യേണ്ടയാളാണ് മുഖ്യമന്ത്രി എന്നാല്‍ വസ്തുതകള്‍ മറച്ചുവെച്ച് ഇരയെ അവഗണിക്കുകയും, ജനങ്ങളെ നുണ പറഞ്ഞ് തെറ്റിദ്ധിരിപ്പിക്കുകയുമാണ് ചെയ്യുന്നത്.

തെറ്റു ചെയ്തവരെ രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇത് അത്യന്തം അപലപനീയമാണ്. സഹമന്ത്രിമാര്‍ ഇത്തരം തെറ്റ് ചെയ്തത് മനസിലാക്കിയിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാതെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. അതിന് ജനങ്ങളോട് മാപ്പു പറയുകയും മുഖ്യമന്ത്രി കസേരയില്‍നിന്ന് ഉടനെ ഇറങ്ങിപോകുകയും വേണം. മുമ്പ് മറ്റൊരു പ്രതി ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരു മണിക്കുര്‍ നേരം മുറിയടച്ചിട്ട് ചര്‍ച്ച നടത്തിയത് അവരുടെ വീട്ടുകാര്യമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.ഈ കുടുംബകാര്യംകട്ടിക്കിടിച്ചാലും പുറത്തു പറയില്ലെന്നാണ് സുതാര്യതയെ പിടിച്ച് ആണയിടുന്ന ഉമ്മന്‍ചാണ്ടി പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ അത് എന്താണെന്ന് കഴിഞ്ഞ ദിവസം ബിജു തന്നെ വെളിപ്പെടുത്തി. കേന്ദ്ര സഹമന്ത്രി കെ.സി.വേണുഗോപാല്‍, സംസ്ഥാന ടൂറിസം മന്ത്രി എ പിഅനില്‍കുമാര്‍, മുന്‍മന്ത്രി കെ ബി ഗണേഷ്കുമാര്‍ എന്നിവര്‍ സരിതയെ ശാരീരികമായി ഉപയോഗിച്ചു എന്നാണ് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തിയിണ്‍രിക്കുന്നത്. അതിന്റെ തെളിവുകളും ബിജുവിന്റെ കൈയിലുണ്ടെന്നും പറഞ്ഞിട്ടുണ്ട്.

തന്നെ ലൈംഗീകമായി ഉപയോഗിച്ച ഉന്നതരുടെ പേരുകള്‍ സരിത മജ്സ്ട്രേറ്റിനോട് മൊഴിനല്‍കിയതാണ്. എന്നാല്‍ അദ്ദേഹം അത് രേഖപ്പെടുത്താന്‍ മിനക്കെട്ടില്ലെന്നു മാത്രമല്ല ഭയചകിതനായി ഇക്കാര്യം എഴുതിക്കൊടുക്കാന്‍ കല്‍പ്പിക്കുകയാണു ചെയ്തത്. പിന്നീട് 22 പേജില്‍ എഴുതി സരിത തന്റെ അഭിഭാഷകനായ ഫെന്നി ബാലകൃഷ്ണനെ ഏല്‍പ്പിച്ചതുമാണ്. എന്നാല്‍ പിന്നീട് അത് അട്ടിമറിക്കപ്പെടുകയും മൊഴി നാല്പേജായി ചുരുങ്ങുകയുമാണുണ്ടായത്. എ.സി.ജെ.എമ്മിന്റെ നടപടിയെ സംബന്ധിച്ച് വിവാദങ്ങള്‍ കത്തിപ്പടര്‍ന്നപ്പോള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച ഹൈക്കോടതി രജിസ്ട്രാര്‍ മുമ്പാകെ തത്ത പറയുന്നതുപോലെ എ.സി.ജെ.എം സരിതയുടെ മൊഴി ശരിവയ്ക്കുകയും ചെയ്തു.തുടക്കം മുതലേ കേസില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കാനാണ് അധികാരമുപയോഗിച്ച് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും വി എസ് പറഞ്ഞു.

മന്ത്രിമാരെക്കുറിച്ചുപോലും ഇത്ര ഗുരുതരമായ ആരോപണം തെളിവ് സഹിതം ഉണ്ടായിട്ടും അതൊന്നും കണ്ടെത്താന്‍ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. ഐപിഎസിന്റെ നക്ഷത്രചിഹ്നങ്ങള്‍ തോളില്‍ തൂക്കി നടക്കുന്ന യേമാന്‍മാര്‍ എന്താണാവോ സരിതയെയും മറ്റും ചോദ്യം ചെയ്ത് കണ്ടെത്തിയതെന്നും വി എസ് ചോദിച്ചു.

സാന്റിയാഗോ മാര്‍ട്ടിന് ലൈസന്‍സ് നല്‍കരുത്: വി എസ്

തിരു: സാന്റിയാഗോ മാര്‍ട്ടിന് വീണ്ടും ലോട്ടറി ലൈസന്‍സ് നല്‍കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നികുതി വകുപ്പും പാലക്കാട് നഗരസഭയും ഒത്താശ ചെയ്ത് നല്‍കിയ ലൈസന്‍സ് റദ്ദാക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇതേവരെ അത് ചെയ്തിട്ടില്ല. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ലൈസന്‍സ് തരപ്പെടുത്താനാണ് സാന്റിയാഗോ മാര്‍ട്ടിന്‍ ശ്രമിക്കുന്നത്. ലോട്ടറി മാഫിയക്ക് വീണ്ടും വഴിയൊരുക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഒത്താശയുണ്ട്. ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത ഇരുപത്തിമൂന്നോളം കേസുകളാണ് സിബിഐ എഴുതിത്തള്ളിയത്. നേരത്തെ സിക്കിം, ഭൂട്ടാന്‍ ലോട്ടറി വില്‍പ്പനയുടെ മറവില്‍ കേരളത്തില്‍നിന്ന് 5000 കോടി രൂപയിലേറെ മാര്‍ട്ടിന്‍ കൊള്ളയടിച്ചു എന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മാര്‍ട്ടിനെ പുറത്താക്കുകയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്. ഈ കേസുകളാണ് സിബിഐ കൂട്ടമായി എഴുതിത്തള്ളിയത്. ഇതിനെതിരെ സര്‍ക്കാര്‍ പേരിന് അപ്പീല്‍ നല്‍കിയെങ്കിലും നടപടിയൊന്നും ആയിട്ടില്ലെന്ന് വി എസ് പറഞ്ഞു.

deshabhimani

No comments:

Post a Comment