Sunday, November 3, 2013

വളര്‍ച്ച കോര്‍പറേറ്റുകള്‍ക്ക് ഗ്രാമീണവരുമാനം ഇടിഞ്ഞു

ഓഹരിവിപണിയിലെ വളര്‍ച്ചയും വ്യാപാരക്കമ്മി കുറഞ്ഞതും ചൂണ്ടിക്കാട്ടി രാജ്യത്തെ സാമ്പത്തികസ്ഥിതിയാകെ മെച്ചപ്പെട്ടെന്ന് അവകാശപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ പോക്കറ്റ് ചോരുന്നത് കാണുന്നില്ല. രാജ്യത്തേക്കുള്ള സ്ഥാപനനിക്ഷേപം മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഓഹരിവിപണി 21294 പോയിന്റ് എന്ന റെക്കോഡിലേക്ക് ഉയര്‍ന്നിരുന്നു. വ്യാപാരക്കമ്മി 6000 കോടി ഡോളര്‍ എന്ന നിലയിലേക്ക് മെച്ചപ്പെട്ടെന്നും ധനമന്ത്രി പി ചിദംബരം അവകാശപ്പെട്ടു.

എന്നാല്‍, ഗ്രാമീണജനതയുടെ, പ്രത്യേകിച്ച് കര്‍ഷകത്തൊഴിലാളികളുടെ യഥാര്‍ഥവരുമാനത്തില്‍ വന്‍കുറവുണ്ടായി. ആഗസ്തില്‍ അവസാനിച്ച ഒരുവര്‍ഷത്തിനിടയില്‍ ഗ്രാമീണവരുമാനത്തില്‍ മൈനസ് 0.1 ശതമാനമാണ് വളര്‍ച്ചാനിരക്ക്. വിലക്കയറ്റവും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തകര്‍ച്ചയുമാണ് കാരണം. കമീഷന്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസസിന്റെ (സിഎസിപി) റിപ്പോര്‍ട്ടിലാണ് വിവരം. സെപ്തംബറില്‍ എട്ട് പ്രധാന മേഖലകള്‍ വളര്‍ച്ച പ്രകടിപ്പിച്ചെന്ന് ചിദംബരം അവകാശപ്പെട്ടു. ആഗസ്തില്‍ ഗ്രാമീണജനങ്ങളുടെ യഥാര്‍ഥ വേതനവര്‍ധന 13.1 ശതമാനമായിരുന്നു. 2011ല്‍ വേതനവളര്‍ച്ച 23.4 ശതമാനമായിരുന്നു. 2011 ആഗസ്തില്‍ നാണയപ്പെരുപ്പവുമായി തട്ടിക്കിഴിച്ചശേഷമുള്ള യഥാര്‍ഥ വേതനവര്‍ധന 13.4 ശതമാനമായിരുന്നു. അതാണ് 2013ല്‍ പൂജ്യത്തിനുതാഴെ 0.1 ശതമാനമായി കുറഞ്ഞത്. തൊഴിലുറപ്പ് പദ്ധതിയിലൂടെയുള്ള തൊഴില്‍ദിനങ്ങളുടെ എണ്ണത്തിലും വേതനത്തിലുമുണ്ടായ കുറവാണ് ഇതിന് ഒരു കാരണം. ഭക്ഷ്യ നാണയപ്പെരുപ്പം 18 ശതമാനമായി ഉയര്‍ന്നതാണ് മറ്റൊരു കാരണം.

ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചെറുകിട, സൂക്ഷ്മവ്യവസായങ്ങള്‍ തകര്‍ന്നതും വരുമാനം ചോരാനിടയാക്കി. 2007-08 മുതല്‍ 2011-12 വരെയുള്ള കാലയളവില്‍ വേതനവര്‍ധന ശരാശരി 15 ശതമാനവും നാണയപ്പെരുപ്പവുമായി തട്ടിക്കിഴിച്ചശേഷമുള്ള യഥാര്‍ഥ വേതനവര്‍ധന 6.8 ശതമാനവുമായിരുന്നു. ഇതാണ് പൂജ്യത്തിനു താഴേക്കെത്തിയത്. സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന സബ്സിഡികളെല്ലാം പിന്‍വലിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ധനകമ്മി നിയന്ത്രിക്കുന്നത്. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് നേടുന്ന 40000 കോടി രൂപ കൂടി ധനകമ്മി 4.8 ശതമാനത്തിലേക്ക് ഒതുക്കാനായി വിനിയോഗിക്കും. ഡീസലിന്റെ വില അടിക്കടി വര്‍ധിപ്പിച്ച് നിത്യോപയോഗസാധനങ്ങളുടെ വിലയും കൃഷിച്ചെലവും അടിക്കടി വര്‍ധിപ്പിക്കുന്നു. ആനുകൂല്യങ്ങളും സൗജന്യങ്ങളും കോര്‍പറേറ്റുകള്‍ക്ക് മാത്രമാക്കി.
(വി ജയിന്‍)

deshabhimani

No comments:

Post a Comment