Wednesday, September 18, 2013

ബാങ്കുകളുടെ കിട്ടാക്കടം 2.06 ലക്ഷം കോടിയായി

രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം വന്‍ സാമ്പത്തികദുരന്തമായി വളരുന്നു. വന്‍കിട കോര്‍പറേറ്റുകള്‍ക്കടക്കം വായ്പ നല്‍കിയ ഇനത്തില്‍ 2013 ജൂണ്‍വരെയുള്ള കണക്കു പ്രകാരം 2.06 ലക്ഷം കോടി രൂപ കിട്ടാക്കടമായി ശേഷിക്കുകയാണ്. ബാങ്കുകള്‍ ആകെ നല്‍കിയ വായ്പത്തുകയുടെ 3.85 ശതമാനം വരും ഈ തുക. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിതരണംചെയ്ത വായ്പത്തുകയുടെ അഞ്ചുശതമാനത്തിലധികം കിട്ടാക്കടമായി മാറിക്കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയായതിനാല്‍ ഈ തുകയില്‍ പകുതിയും തിരിച്ചുകിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ച ഉപദേശം. എന്നാല്‍, കോര്‍പറേറ്റ് മേഖലയെ വായ്പാബാധ്യതയില്‍നിന്ന് രക്ഷിക്കാനുള്ള ആസൂത്രിതപദ്ധതിയുടെ ഭാഗമാണ് ഈ ഉപദേശം. കയറ്റുമതിമേഖലയ്ക്ക് നല്‍കിയ വായ്പകളാണ് തിരിച്ചുകിട്ടാന്‍ സാധ്യതയില്ലാത്ത വിഭാഗത്തിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നത്. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പേരില്‍ പലിശയിളവ്, നികുതിയിളവ് എന്നിവയടക്കം നിരവധി ആനുകൂല്യങ്ങള്‍ ലഭിച്ച മേഖലയാണിത്. രത്ന, ആഭരണ മേഖലയെ സാമ്പത്തികമാന്ദ്യം ഗുരുതരമായി ബാധിച്ചിട്ടുള്ളതുകൊണ്ട് ഈ മേഖലയില്‍ വിതരണംചെയ്ത വായ്പ തിരിച്ചുകിട്ടില്ലെന്നാണ് ഉപദേശകര്‍ കണ്ടെത്തിയിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 60,891.45 കോടി രൂപയാണ് കിട്ടാക്കടം. മൊത്തം വായ്പത്തുകയുടെ 5.56 ശതമാനംവരും ഈ തുക. കേന്ദ്രസര്‍ക്കാരിന്റെയും അതിന് നേതൃത്വം നല്‍കുന്നവരുടെയും സമ്മര്‍ദംമൂലം തിരിച്ചുകിട്ടാനുള്ള സാധ്യതപോലും പരിശോധിക്കാതെ കോര്‍പറേറ്റ് മേഖലയ്ക്ക് വായ്പ നല്‍കേണ്ടിവരുന്ന ബാങ്കാണിത്. 2010-11ല്‍ മൊത്തം വായ്പയുടെ 2.5 ശതമാനമായിരുന്നു കിട്ടാക്കടം. 2012-13 ആയപ്പോള്‍ അത് 3.5 ശതമാനമായി വര്‍ധിച്ചു. 2013 ജൂണ്‍ അവസാനമായപ്പോള്‍ 3.85 ശതമാനമായി ഉയര്‍ന്നു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ വായ്പയായി നല്‍കിയ തുകയുടെ 6.03 ശതമാനം കിട്ടാക്കടമായിക്കഴിഞ്ഞു. സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ബാങ്കായ ഐസിഐസിഐ ബാങ്കിന് വായ്പത്തുകയിലെ 3.23 ശതമാനം മാത്രമേ കിട്ടാക്കടമായുള്ളൂ. എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡസ് ബാങ്ക് എന്നിവയുടെ തിരിച്ചുകിട്ടാക്കടം താരതമ്യേന കുറവാണ് എന്നതും ശ്രദ്ധേയമാണ്. ഗുണ്ടാപ്പടയെ അടക്കം വിട്ട് വായ്പത്തുക തിരിച്ചുപിടിക്കുന്ന സംവിധാനമാണ് പുത്തന്‍തലമുറ സ്വകാര്യബാങ്കുകള്‍ക്കുള്ളത്. വന്‍ കോര്‍പറേറ്റുകള്‍ ഇത്തരം ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്നത് വളരെ കുറവാണ്. പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണ് കോര്‍പറേറ്റുകള്‍ അധികവും വായ്പയെടുക്കുന്നത്. പൊതുമേഖലാ ബാങ്കാകുമ്പോള്‍ കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തി തിരിച്ചടവിന് സാവകാശം നേടുകയോ വായ്പ എഴുതിത്തള്ളാന്‍ സമ്മര്‍ദം ചെലുത്തുകയോ ചെയ്യാമെന്നതാണ് കോര്‍പറേറ്റ് മേഖല കാണുന്ന മെച്ചം.

ഉല്‍പ്പാദനമേഖലയിലെ മാന്ദ്യമാണ് കിട്ടാക്കടങ്ങളുടെ മറ്റൊരു കാരണം. ആഗോളമാന്ദ്യത്തിന്റെ ഭാഗമായി കയറ്റുമതി കുറയുന്നതും ആഭ്യന്തരവിപണി ശക്തിപ്പെടാത്തതും ഉല്‍പ്പാദനമേഖലയുടെ തളര്‍ച്ചയ്ക്ക് കാരണങ്ങളാണ്. ഈ മേഖലയിലെ പദ്ധതികള്‍ക്കുവേണ്ടി എടുത്ത വായ്പകളുടെ തിരിച്ചടവാണ് കുറഞ്ഞിരിക്കുന്നത്.
(വി ജയിന്‍)

deshabhimani

No comments:

Post a Comment