Wednesday, September 18, 2013

സലിംരാജിന്റെ സസ്പന്‍ഷന്‍ കടലാസില്‍ മാത്രം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗണ്‍മാനും സോളാര്‍ ഇടപാടിലെ പ്രധാനിയുമായ സലിംരാജിന്റെ സസ്പന്‍ഷന്‍ കടലാസില്‍ മാത്രം. ക്രിമിനല്‍ കേസില്‍ അറസ്റ്റിലായിട്ടും സലിംരാജിനെതിരെ വകുപ്പുതല നടപടിയുണ്ടായിട്ടില്ല. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരുടെ സമ്മര്‍ദത്താലാണ് സസ്പെന്‍ഷന്‍ പ്രാബല്യത്തിലാവാത്തത്. ക്രിമിനല്‍കേസില്‍ പ്രതിയാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്നാണ് സര്‍വീസ് ചട്ടം. ഇതിന് വിരുദ്ധമായാണ് സലിംരാജ് തിരുവനന്തപുരത്ത് സ്റ്റേറ്റ് സ്പെഷല്‍ബ്രാഞ്ചില്‍ (എസ്എസ്ബി1960) തുടരുന്നത്. ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയെന്ന കുറ്റംചുമത്തി അഞ്ച് ജീവനക്കാരെ സസ്പന്‍ഡ്ചെയ്ത സര്‍ക്കാരാണ് തീവ്രവാദ-ഹവാല ബന്ധമടക്കം ആരോപിക്കപ്പെട്ട പൊലീസുകാരന് സംരക്ഷണം നല്‍കുന്നത്.

സോളാര്‍ അഴിമതി പുറത്തുവന്നതിനെ തുടര്‍ന്ന് ഭരണമുന്നണിയില്‍നിന്നടക്കം പ്രതിഷേധം ഉയര്‍ന്നതോടെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍സ്ഥാനത്തുനിന്ന് സലിംരാജിനെ മാറ്റിയിരുന്നു. ഇതോടൊപ്പം ഡിജിപി സസ്പെന്‍ഷന് ഉത്തരവിട്ടെങ്കിലും രണ്ട് മാസം പിന്നിട്ടിട്ടും ഇത് പ്രാബല്യത്തിലായില്ല. സസ്പെന്‍ഷന്‍ ഉത്തരവ് പ്രകാരം സലിംരാജിനെ ഇടുക്കിയിലേക്ക് (ഹോംയൂണിറ്റ്) മാറ്റേണ്ടതാണ്. എന്നാല്‍ തിരുവനന്തപുരത്ത് തുടരാന്‍ പൊലീസ്മേധാവികള്‍ മൗനാനുവാദം നല്‍കി. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കമുള്ളവര്‍ ഇടപെട്ടാണ് സസ്പെന്‍ഷന്‍ കടലാസില്‍ ഒതുങ്ങിയത്. സസ്പെന്‍ഷന്‍ അലവന്‍സിനായി സലിംരാജ് തിരുവനന്തപുരത്ത് എസ്എസ്ബിയില്‍ ഈ മാസമാദ്യം അപേക്ഷയും നല്‍കി. ഇടുക്കിയിലേക്ക് മാറ്റിയതായി ഡിജിപി ഉത്തരവിട്ടയാള്‍ക്ക് തിരുവനന്തപുരത്ത് അലവന്‍സ് നല്‍കാന്‍ പാടില്ല. പക്ഷെ സലിംരാജിന്റെ അപേക്ഷ സ്വീകരിച്ച് മേല്‍നടപടിക്ക് അയച്ചു. ഇതിനിടെ കോഴിക്കോട് തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ക്വട്ടേഷന്‍ സംഘത്തോടൊപ്പം അറസ്റ്റിലായതിനാല്‍ അലവന്‍സ് അനുവദിക്കാനായില്ല.

സലിംരാജിനെതിരെ നേരത്തെയും ഗുരുതരമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. സൂര്യനെല്ലി പെണ്‍കുട്ടിയുടെ സുരക്ഷാച്ചുമതലക്ക് നിയോഗിച്ച വേളയില്‍ പൊലീസിന് ചേരാത്ത പെരുമാറ്റവും ഉണ്ടായതായി ആക്ഷേപമുയര്‍ന്നു. സോളാര്‍തട്ടിപ്പില്‍ ജോപ്പനേക്കാള്‍ കൂടുതല്‍ തവണ സരിതയുമായി ഫോണില്‍ ബന്ധപ്പെട്ടത് സലിംരാജാണെന്ന് ചീഫ്വിപ്പ് പി സി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഫോണ്‍കോള്‍ വിശദാംശം നല്‍കുന്നതിനെ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. കഴക്കൂട്ടത്തെ ഭൂമികേസിലും ഇയാള്‍ക്ക് അനുകൂലമായാണ് എജി ഹൈക്കോടതിയില്‍ വാദിച്ചത്. കോഴിക്കോട്ട് കഴിഞ്ഞയാഴ്ചയുണ്ടായ തട്ടിക്കൊണ്ടുപോകല്‍ ശ്രമക്കേസില്‍ സലിംരാജിന് ജാമ്യത്തിനായി വാദിച്ചത് എജിയുടെ ബന്ധുവായ അഭിഭാഷകനായിരുന്നു. ഈ കേസില്‍ ജയിലില്‍ കഴിയുമ്പോഴാണ് ഇദ്ദേഹത്തിന്റെ തീവ്രവാദ-ഹവാലബന്ധങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ അതിലൊന്നും തുടര്‍ അന്വേഷണമുണ്ടായില്ല. അന്വേഷണമാകെ നിലച്ച സ്ഥിതിയിലാണ്.
(പി വി ജീജോ)

deshabhimani

No comments:

Post a Comment