സംസ്ഥാനത്ത് വൈദ്യുതി വാങ്ങുന്ന ഇനത്തില്‍ ദിവസേന നഷ്ടം മൂന്നുകോടി രൂപയിലധികം. സംസ്ഥാനത്തെ ഡാമുകളെല്ലാം നിറഞ്ഞ് പവര്‍ഹൗസുകളില്‍ വൈദ്യുതോല്‍പ്പാദനം പൂര്‍ണതോതില്‍ നടക്കുമ്പോഴാണ് ഈ സ്ഥിതി. കഴിഞ്ഞ ദിവസത്തെ വൈദ്യുതോല്‍പ്പാദനം 43.5034 ദശലക്ഷം യൂണിറ്റാണ്. പകല്‍ യൂണിറ്റ് ഒന്നിന് 2.75 രൂപ നിരക്കില്‍ 13.43 ദശലക്ഷം യൂണിറ്റ് വില്‍ക്കുമ്പോള്‍ ലഭിക്കുന്നത് മൂന്നരക്കോടിയിലേറെ രൂപയാണ്. അതേസമയം, രാത്രിയില്‍ അഞ്ചുരൂപയിലേറെ നിരക്കില്‍ 12.05 ദശലക്ഷം യൂണിറ്റാണ് കേന്ദ്രപൂളില്‍നിന്ന് വാങ്ങിയത്. ഈ ഇനത്തില്‍ ആറരക്കോടിയിലധികം രൂപ നല്‍കണം. വൈദ്യുതി വാങ്ങുന്നതിലും വില്‍ക്കുന്നതിലുമുള്ള വ്യത്യാസമാണ് പ്രതിദിനം മൂന്നുകോടി രൂപയുടെ നഷ്ടമുണ്ടാകുന്നത്.
വൈദ്യുതി കൈകാര്യം ചെയ്യുന്നതിലെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പദ്ധതികള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താത്തതുമാണ് പുറമേനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യം സൃഷ്ടിച്ചത്. സംസ്ഥാനത്തെ രാത്രിയിലെ ശരാശരി വൈദ്യുതി ഉപഭോഗം 54 ദശലക്ഷം യൂണിറ്റാണ്. രാത്രിയിലെ അപേക്ഷിച്ച് പകല്‍ ഉപഭോഗം കുറവായതിനാലാണ് പവര്‍ഗ്രിഡ് വഴി വൈദ്യുതി വില്‍ക്കുന്നത്. വാങ്ങുന്നതിനേക്കാള്‍ കുടുതല്‍ ദശലക്ഷം യൂണിറ്റ് വില്‍ക്കുന്നുണ്ടെങ്കിലും കുറഞ്ഞ നിരക്കായ ഒന്നു മുതല്‍ മൂന്ന് രൂപ വരെയാണ് യൂണിറ്റ് ഒന്നിന് ലഭിക്കുന്നത്. വൈദ്യുതി തികയാത്തതിനാല്‍ അഞ്ചു മുതല്‍ ഏഴു വരെ രൂപയ്ക്കാണ് രാത്രിയില്‍ വൈദ്യുതി വാങ്ങുന്നത്. ഈ മാസം ഒന്നുമുതല്‍ 20 വരെ 656.315 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചെങ്കിലും രാത്രി കാലങ്ങളില്‍ 430.16 ദശലക്ഷം യൂണിറ്റ് വാങ്ങേണ്ടി വന്നു.
ഇത്തവണത്തെ കനത്തമഴയില്‍ പതിനൊന്ന് വന്‍കിട ജലസംഭരണികളും 10 ചെറുകിട ഡാമുകളും നിറഞ്ഞു. സംഭരണികളുമായി ബന്ധപ്പെട്ട ജലവൈദ്യുത പദ്ധതികളിലും റെക്കോഡ് ഉല്‍പ്പാദനമാണ്. മൂലമറ്റത്ത് കഴിഞ്ഞദിവസങ്ങളില്‍ പരമാവധിയ്ക്കടുത്ത് 17.095 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. അടിയന്തരഘട്ടമുണ്ടായാല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ച് 18 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാനാവും. എന്നാല്‍, ഡാമുകളില്‍ ഒഴുകിയെത്തുന്ന വെള്ളം പൂര്‍ണമായി ഇപ്പോള്‍ ഉപയോഗപ്പെടുത്താനാവുന്നില്ല. അധിക വൈദ്യുതി ഉല്‍പ്പാദനം ലക്ഷ്യമിട്ട് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ചതും പൂര്‍ത്തീകരിക്കാറായതുമായ പദ്ധതികള്‍ ഇപ്പോള്‍ അവതാളത്തിലാണ്. പള്ളിവാസല്‍ വിപുലീകരണം, മാങ്കുളം, തൊട്ടിയാര്‍, ചെങ്കുളം ഓഗ്മെന്റേഷന്‍, രാജമല ഡൈവേര്‍ഷന്‍ തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
(കെ ടി രാജീവ്)
deshabhimani
No comments:
Post a Comment