Sunday, September 22, 2013

അധ്യാപകര്‍ക്ക് കോട്ട്; ജില്ലാ പഞ്ചായത്ത് തീരുമാനം വിവാദത്തില്‍

മലപ്പുറത്തെ പച്ചക്കോട്ട് വിവാദത്തിനു പിന്നാലെ അധ്യാപകരെ കോട്ട് ധരിപ്പിക്കാനുള്ള എറണാകുളം ജില്ലാ പഞ്ചായത്തിന്റെ തീരുമാനം വിവാദമാകുന്നു. ജില്ലാ പഞ്ചായത്തിനു കീഴിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ വസ്ത്രത്തിന് പുറമെ കോട്ട് കൂടി ധരിക്കണമെന്നാണ്് തീരുമാനം. വെള്ളിയാഴ്ച വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ഡിഇഒമാര്‍, എഇഒമാര്‍ എന്നിവര്‍ പങ്കെടുത്ത യോഗം ഇതിന് അംഗീകാരം നല്‍കി. അധ്യാപക സംഘടനാ പ്രതിനിധികളുമായി ഒക്ടോബര്‍ നാലിന് നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാകും തുടര്‍ നടപടിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. അതേസമയം, കോട്ട് ധരിപ്പിക്കല്‍ തീരുമാനത്തിനെതിരെ അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും രംഗത്തെത്തി.

അധ്യാപികമാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം തോന്നിപ്പിക്കാനാണ് കോട്ട് നിര്‍ബന്ധമാക്കുന്നതെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ അധികവും ചെറുപ്പക്കാരാണ്. ഇവരെ കുട്ടികളില്‍നിന്ന് വേര്‍തിരിച്ച് അറിയാന്‍കഴിയുന്നില്ല. വിദ്യാര്‍ഥികള്‍ അധ്യാപികമാരുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന സംഭവങ്ങള്‍ പലേടത്തും ഉണ്ടായി. ഇതിനൊക്കെ പരിഹാരമായാണ് കോട്ട് ഏര്‍പ്പെടുത്തുന്നത്. കോട്ട് വാങ്ങാന്‍ ജില്ലാ പഞ്ചായത്ത് പണം നല്‍കില്ല. നിറം സ്കൂളുകള്‍ക്ക് നിശ്ചയിക്കാം. അധ്യാപകരുമായുള്ള "പാര്‍ട്ണര്‍ഷിപ് ബിസിനസ്" ആയാണ് ഇതിനെ പരിഗണിക്കുന്നതെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.

അധ്യാപകരെ തിരിച്ചറിയാന്‍ കോട്ട് വേണമെന്ന വാദം വിചിത്രമാണെന്ന് കലിക്കറ്റ് സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. എം കെ പ്രസാദ് പറഞ്ഞു. കോട്ട് കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല. കോട്ടിടുന്നതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയരില്ലെന്നും അദ്ദേഹം പരിഹസിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഈ നീക്കം വിദ്യാഭ്യാസ ഫണ്ട് തിരിമറി നടത്താനാണെന്ന് ജില്ലാ വിദ്യാഭ്യാസസമിതി അംഗവും റിട്ട. അധ്യാപികയുമായ സോണി കോമത്ത് പറഞ്ഞു. പ്ലസ് ടു ക്ലാസുകളിലടക്കമുള്ള വിദ്യാര്‍ഥികള്‍ യൂണിഫോം ധരിക്കുന്നുണ്ട്. ഇവര്‍ക്കിടയില്‍ അധ്യാപകരെ തിരിച്ചറിയാന്‍ കോട്ടിന്റെ ആവശ്യമില്ല. മൊബൈല്‍ ഫോണില്‍ അധ്യാപകരുടെ ചിത്രം പകര്‍ത്തുന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും ആ പേരില്‍ കോട്ടിനുവേണ്ടി ശാഠ്യംപിടികരുതെന്നും സോണി കോമത്ത് പറഞ്ഞു.

കോട്ട് ധരിക്കണമെന്ന നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എന്‍ സജീവന്‍ പറഞ്ഞു. വേഷംകൊണ്ടല്ല കുട്ടികള്‍ അധ്യാപകരെ തിരിച്ചറിയേണ്ടതെന്നും സജീവന്‍ പറഞ്ഞു. മലപ്പുറം അരീക്കോട് സുല്ലുമസ്സലാം ഓറിയന്റല്‍ സ്കൂളില്‍ അധ്യാപികമാര്‍ക്ക് പച്ചക്കോട്ട് നിര്‍ബന്ധമാക്കിയ സംഭവം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഇത് ഇപ്പോള്‍ കോടതിനടപടി നേരിടുകയാണ്.

deshabhimani

No comments:

Post a Comment