Sunday, September 15, 2013

ഓര്‍മകളില്‍ പോലും നടുക്കം: സാക്കിയ ജാഫ്രി

""ഇനി നരേന്ദ്രമോഡി പ്രധാനമന്ത്രിയായിക്കൂടി വന്നാല്‍ ഞങ്ങളുടെ സ്ഥിതിയെന്താകും? രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുടെ വിത്തുപാകിയപോലെയുള്ളയാള്‍ പ്രധാനമന്ത്രിയായാല്‍ മതന്യൂനപക്ഷങ്ങളുടെ ഭാവി എന്തായിരിക്കും? സുരക്ഷയെപ്പറ്റി ചിന്തിക്കാന്‍പോലുമാകാത്ത ഞങ്ങള്‍ എങ്ങനെ ജീവിക്കും...""- വംശഹത്യക്കാലത്ത് സംഘപരിവാറുകാര്‍ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിയുടേതാണീ പൊള്ളിക്കുന്ന വാക്കുകള്‍. നരേന്ദ്രമോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി അവരോധിച്ചതിന്റെ ആഘോഷം ബിജെപിയും മാധ്യമങ്ങളും കൊണ്ടാടുമ്പോഴാണ് ജാഫ്രിയുടെ ഈ വാക്കുകള്‍.

മോഡിയുടെ "വൈഭവങ്ങളെ"പ്പറ്റി മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍ 11 വര്‍ഷംമുമ്പ് ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ വേദന ആരും ഓര്‍ക്കുന്നില്ല. വംശഹത്യക്കാലത്ത് സംഘപരിവാറുകാര്‍ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിയുടെ നിയമയുദ്ധം തുടരുകയാണ്. അഹമ്മദാബാദിലെ ചമന്‍പുരയില്‍ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ ചിലര്‍ ആക്രമിക്കാന്‍ വരുന്നത് കണ്ട് മന്ത്രിമാരെ ഫോണില്‍ വിളിച്ചിട്ടും ജാഫ്രി കൊലക്കത്തിക്കിരയായി. സാക്കിയയ്ക്കുപുറമേ, കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പരിക്കേറ്റവരുമെല്ലാം ഇപ്പോഴും ഭീതിയിലാണ്. ഗര്‍ഭിണികളുടെ വയറില്‍ വാള്‍ കുത്തിയിറക്കിയ ഹീനമായ മനോനിലയിലേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകരെ നയിച്ച നരേന്ദ്രമോഡിയെ എന്‍ഡിഎയെ തെരഞ്ഞെടുപ്പിന്റെ ചുമതലയേല്‍പ്പിക്കുമ്പോള്‍ അത് ഇന്ത്യയിലെ വര്‍ഗീയധ്രുവീകരണം തീവ്രമാക്കുന്നതിന്റെ സുപ്രധാന ഘട്ടമാകുന്നു. ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ഐപിഎസ് ഓഫീസര്‍ ഡിഐജി ഡി ജി വന്‍സാരയുടെ വെളിപ്പെടുത്തല്‍ വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ബിജെപിയുടെ സുപ്രധാനമായ തീരുമാനം. ഗോധ്രസംഭവം മറയാക്കി മുസ്ലിങ്ങളെ കൂട്ടക്കൊലചെയ്യാന്‍ സംഘപരിവാറിന് നിര്‍ദേശം നല്‍കിയെന്നതിന് തെളിവുകളുണ്ടെന്ന് പറഞ്ഞവരില്‍ മുന്‍ എഡിജിപി ആര്‍ ബി ശ്രീകുമാറും സസ്പെന്‍ഷനിലായ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടുമുണ്ട്.

ബിജെപിക്ക് അടിത്തറപാകിയ രണ്ട് നേതാക്കളെ പൂര്‍ണമായും ഇരുട്ടിലേക്ക് തള്ളിമാറ്റിയാണ് മോഡിയുടെ പദവിക്ക് നേതൃത്വം പച്ചക്കൊടി കാട്ടിയത്. മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ എതിര്‍പ്പ് തൃണവല്‍ഗണിച്ചു. എന്‍ഡിഎയെ തകര്‍ത്തു. ബിഹാറില്‍ ജെഡിയുവുമായുള്ള ബാന്ധവം പൊളിച്ചു. മാധ്യമങ്ങളിലൂടെ ഊതിവീര്‍പ്പിച്ച മോഡിയുടെ വ്യാജ പ്രതിച്ഛായയും വികസനത്തെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളെയും നേരിടാന്‍ കഴിയാത്ത കോണ്‍ഗ്രസിന്റെ ദൗര്‍ബല്യംകൂടിയാണ് പ്രകടമാകുന്നത്. ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ട് നേരിടുന്ന കോണ്‍ഗ്രസ്, ഗുജറാത്തില്‍ ബിജെപിയുടെ ബി ടീമായി അധഃപതിച്ചു. 2002 മുതല്‍ മോഡിവാഴ്ചയെ നിശബ്ദമായി പിന്തുണച്ച കോണ്‍ഗ്രസ്, ഇരകളുടെ മുറിവിനെ നോവിപ്പിക്കുകയായിരുന്നു.
(എന്‍ എസ് സജിത്)

deshabhimani

1 comment:

  1. 1984 ലെ ദല്‍ഹി സിഖ് വിരുദ്ധ കലാപത്തില്‍ കൂട്ടക്കൊലക്ക് ഇരയായവരുടെ കുടുംബാങ്ങളുടെ വിലാപങ്ങളും കേള്‍ക്കാന്‍ ആഗ്രഹമുണ്ട്.

    എവിടുന്നെങ്കിലും തപ്പി കൊണ്ട് തരുമോ...?

    അതെ പോലെ 1997 ലെ കോയമ്പത്തൂര്‍ സ്പോടന പരമ്പരയില്‍ കൊല്ലപ്പെട്ട അമ്പത്തി ഏഴു കരുകരുത്ത്ത തമിഴന്മാരുടെ കുട്മ്ബങ്ങങ്ങള്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു...? അവര്‍ക്കൊക്കെ അഷ്ടിക്കു വകയുണ്ടോ തുടങ്ങിയ കാര്യങ്ങളും അറിയാന്‍ താല്പര്യമുണ്ട്...


    സദയം അന്വേഷിച്ചു പറഞ്ഞു തരിക.

    ReplyDelete