Sunday, September 15, 2013

ഒളിച്ചോട്ടം; ഭീകരാന്തരീക്ഷം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്തനംതിട്ടയില്‍ എസ്എന്‍ഡിപി യോഗത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് അതീവ രഹസ്യമായ നീക്കത്തിലൂടെ. കോട്ടയത്തുനിന്ന് രാവിലെ പത്തോടെ പത്തനംതിട്ടയിലേക്ക് എത്തുന്നത് ഏതുവഴിയാണെന്നത് പൊലീസില്‍ അറിയാമായിരുന്നത് മൂന്ന് പേര്‍ക്ക് മാത്രം. ജില്ലാ പൊലീസ് മേധാവി, പത്തനംതിട്ട ഡിവൈഎസ്പി, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്നിവരെയാണ് ദൗത്യം ഏല്‍പ്പിച്ചത്. വയര്‍ലെസ് സെറ്റുകളിലൂടെയുള്ള സന്ദേശം പൂര്‍ണമായി ഒഴിവാക്കി മൊബൈല്‍ ഫോണിലൂടെയായിരുന്നു വിവരങ്ങള്‍ കൈമാറല്‍.

പത്തനംതിട്ട ടൗണിലേക്ക് കടക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങിലും രാവിലെ പത്തോടെ തന്നെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വരവിന് മുന്നോടിയായി പൊലീസിന്റെയും വക നഗരമാകെ സുരക്ഷ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. സെന്റ് പീറ്റേഴ്സ് ജങ്ഷനില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍, സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകര്‍ അണിനിരന്നത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുക മാത്രമായിരുന്നു എല്‍ഡിഎഫിന്റെ തീരുമാനം. എന്നാല്‍ ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരന്‍ പിള്ള, സിഐ മധു ബാബു എന്നിവര്‍ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ തയ്യാറായാണ് നിലയുറപ്പിച്ചത്. പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇലന്തൂര്‍ നെടുവേലി ജങ്ഷനില്‍നിന്ന് തിരിഞ്ഞ് പ്രക്കാനം ഭാഗത്തേക്ക് തിരിഞ്ഞു. പ്രക്കാനത്തുനിന്ന് തിരിഞ്ഞ് തോട്ടത്തില്‍ ഭാഗം വഴി സന്തോഷ് ജങ്ഷനിലെത്തി കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡിലേക്ക്. പതിനഞ്ചോളം വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു യാത്ര. വാഹനം കടന്നു പോയ ഇടങ്ങളിലെല്ലാം ഭീതിദമായ അന്തരീക്ഷമായിരുന്നു. എതിരെ വരുന്ന വാഹനയാത്രക്കാരും വഴിയാത്രക്കാരും ഭയന്ന് മാറി.

മുഖ്യമന്ത്രി പ്രതിഷേധം ഭയന്ന് വഴിതിരിച്ച് പോയതറിഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്റ്റേഡിയം റോഡിലേക്ക് പ്രകടനമായി നീങ്ങിയപ്പോഴാണ് പൊലീസിന്റെ അമിത വിധേയത്വം പ്രകടമായത്. പ്രകടനം നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. എന്നാല്‍, പൊലീസിന്റെ വിലക്ക് ലംഘിച്ച പ്രവര്‍ത്തകര്‍ സ്റ്റേഡിയം ജങ്ഷനിലേക്ക് കുതിക്കുകയായിരുന്നു. ഇതേസമയം പുതിയ ബസ് സ്റ്റാന്‍ഡ് റോഡ്, മൈലപ്ര പള്ളി ജങ്ഷന്‍, സെന്‍ട്രല്‍ ജങ്ഷന്‍ തുടങ്ങിയവിടങ്ങളിലെല്ലാം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി തയ്യാറായി നിന്നിരുന്നു.

നാടാകെ ഭീകരത പരത്തി അഴൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ എത്തിയ മുഖ്യമന്ത്രി ഇവിടെ കുറെനേരം തങ്ങിയശേഷം എസ്എന്‍ഡിപി യോഗത്തിന്റെ ചടങ്ങ് നടക്കുന്ന വേദിയിലേക്ക് . ഇതും അനുചരന്മാര്‍ തയ്യാറാക്കിയ നിര്‍ദേശ പ്രകാരമായിരുന്നു. ഗസ്റ്റ് ഹൗസിന്റെ പിന്നിലത്തെ വഴിയിലൂടെ കാതോലിക്കേറ്റ് കോളേജിന്റെ റോഡിലെത്തി അവിടെനിന്ന് കോളേജ് ജങ്ഷന്‍വഴി കരിമ്പനാക്കുഴിയില്‍ എത്തി പുന്നലത്ത് പടിവഴി ടി കെ റോഡിലേക്ക് കടക്കുകയായിരുന്നു. അവിടെനിന്നാണ് വെട്ടിപ്രംവഴി പരിപാടി സ്ഥലത്തേക്ക് എത്തിയത്.

ജനകീയ പ്രതിഷേധത്തെ കണ്ട് മുഖ്യമന്ത്രി വഴിമാറിയോടിയതിനെ തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. യോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍, സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല, സിപിഐ ജില്ലാ സെക്രട്ടറി പി പ്രസാദ്, ആര്‍എസ്പി ജില്ലാ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment