142 സര്‍വീസുള്ള തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 64 സര്‍വീസ് മാത്രമാണ് തിങ്കളാഴ്ച നടത്തിയത്. പാപ്പനംകോട്, പേരൂര്‍ക്കട, വികാസ്ഭവന്‍ തുടങ്ങിയ ഡിപ്പോകള്‍ അടക്കം തലസ്ഥാന നഗരത്തില്‍ 522 ഷെഡൂളുകളില്‍ 228 മാത്രമാണ് ഓടിയത്. ചൊവ്വാഴ്ച 12 സര്‍വീസ് പാലക്കാട് ഡിപ്പോയില്‍ റദ്ദാക്കി. തൃശൂര്‍ ജില്ലയില്‍ ദീര്‍ഘദൂരമടക്കം 61 സര്‍വീസ് റദ്ദാക്കി.
സബ്സിഡി നിരക്കില്‍ കെഎസ്ആര്‍ടിസിക്ക് ഡീസല്‍ അനുവദിക്കാനാവില്ലെന്ന സുപ്രീംകോടതി വിധിയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വന്‍കിട ഉപഭോക്താക്കള്‍ക്ക് സബ്സിഡിനിരക്കില്‍ ഡീസല്‍ നല്‍കണമെന്ന വിവിധ ഹൈക്കോടതി വിധികള്‍ ചോദ്യംചെയ്ത് എണ്ണക്കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവുകള്‍ റദ്ദാക്കിയ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചു. ഉയര്‍ന്ന നിരക്ക് ഈടാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിന്റെതാണെന്നും കോടതി ഈ വിഷയത്തില്‍ ഇടപെടുന്നത് ഉചിതമല്ലെന്നുമാണ് എണ്ണക്കമ്പനികള്‍ക്കായി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി വാദിച്ചത്.
ഉയര്‍ന്ന നിരക്കില്‍ ഡീസല്‍ വാങ്ങുന്നത് കെഎസ്ആര്‍ടിസി അടച്ചുപൂട്ടാന്‍ ഇടയാക്കുമെന്നുള്ള വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. നടത്തിപ്പിലെ കെടുകാര്യസ്ഥതയുംജീവനക്കാരുടെ എണ്ണക്കൂടുതലും പെന്‍ഷന്‍ ബാധ്യതയും മറ്റുമാണ് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
സബ്സിഡി നിഷേധിച്ചത് കെഎസ്ആര്‍ടിസിക്ക് പ്രതിമാസം 22.6 കോടിയുടെ അധിക ചെലവാണ് ഉണ്ടാക്കുക. ഡീസല്‍ ലിറ്ററിന് നിലവിലെ 53.85 രൂപയില്‍നിന്ന് 71.26 രൂപയായാണ് വര്‍ധിക്കുക. നൂറുകോടി രൂപയുടെ പ്രതിമാസ നഷ്ടമുള്ള കോര്‍പറേഷന് പുതിയ ബാധ്യത താങ്ങാനാവില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 5,800 സര്‍വീസാണ് നടത്തിയിരുന്നത്. ഈ സര്‍ക്കാര്‍ വന്നശേഷം അത് 5601 ആയി കുറഞ്ഞു. ഇതിനിടയിലാണ് ഡീസല്‍ പ്രതിസന്ധിയുടെ പുതിയ ആഘാതം. എന്നാല്‍, ഡീസല്‍ സബ്സിഡി പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഷെഡ്യൂളുകളൊന്നുംവെട്ടിക്കുറച്ചിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ അവകാശവാദം. പ്രശ്നത്തില്‍ പൊതുമേഖലാ എണ്ണക്കമ്പനികളുമായി ബുധനാഴ്ച ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം: സിഐടിയു
തിരു: കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഫലമായി പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണനയങ്ങളെ ഇരുകൈയും നീട്ടി സ്വാഗതംചെയ്യുന്നവരാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയും കുടിവെള്ള സ്വകാര്യവല്‍ക്കരണവുമെല്ലാം ഇതിന്റെ ഭാഗമാണ്. കേന്ദ്രനയംമൂലം ഉളവാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷവും കെഎസ്ആര്‍ടിസിക്ക് സാമ്പത്തികസഹായം ലഭിച്ചില്ല. പ്രതിദിനം ഒന്നരക്കോടി രൂപവീതം ശരാശരി വരുമാനനഷ്ടവുമുള്ള അവസ്ഥയിലാണ് ഡീസല്‍വില വര്‍ധിച്ചത്. 25 ശതമാനത്തോളം യാത്രക്കാര്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി മുടങ്ങിയാല്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും. കെഎസ്ആര്‍ടിസി സംരക്ഷണം സംബന്ധിച്ച് യുഡിഎഫ് ഗൗരവമായി ആലോചിച്ചിട്ടേയില്ല. കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സംസ്ഥാനത്തെ എല്ലാ തൊഴിലാളികളോടും ജനറല്‍ സെക്രട്ടറി എളമരം കരീം അഭ്യര്‍ഥിച്ചു.
deshabhimani
No comments:
Post a Comment