Wednesday, September 18, 2013

കെഎസ്ആര്‍ടിസി: ഉത്തരവിന് ഇടയാക്കിയത് കേന്ദ്രനിലപാട്

കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ ഡീസല്‍ വില്‍ക്കുന്നതില്‍ തെറ്റില്ലെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന് വഴിയൊരുക്കിയത് കേന്ദ്രസര്‍ക്കാര്‍ നിലപാട്. അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയാണ് തിങ്കളാഴ്ച എണ്ണക്കമ്പനികള്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. കെഎസ്ആര്‍ടിസിയില്‍നിന്നും മറ്റും ഡീസലിന് ഉയര്‍ന്ന നിരക്ക് ഈടാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിന്റേതാണെന്നും കോടതികള്‍ ഈ വിഷയത്തില്‍ ഇടപെടുന്നത് ഉചിതമല്ലെന്നുമാണ് വഹന്‍വതി അഭിപ്രായപ്പെട്ടത്. പൊതുഗതാഗത കോര്‍പറേഷനുകളില്‍നിന്ന് ഡീസലിന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് കേരള, ആന്ധ്ര ഹൈക്കോടതികള്‍ വിലക്കിയിരുന്നു. ഈ വിലക്കാണിപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ച് എണ്ണക്കമ്പനികള്‍ മറികടന്നത്. അറ്റോര്‍ണി ജനറലിന്റെ വാദങ്ങളെ ഫലപ്രദമായി മറികടക്കാന്‍ കേരള സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് കഴിഞ്ഞതുമില്ല.

വന്‍കിട ഉപയോക്താക്കളില്‍നിന്ന് ഉയര്‍ന്ന വില ഈടാക്കുകയെന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് വഹന്‍വതി പറഞ്ഞു. ക്രൂഡോയില്‍വില കുത്തനെ ഉയരുകയാണ്. സബ്സിഡി ചെലവും വര്‍ധിക്കുന്നു. ആവശ്യമായ ക്രൂഡോയിലിന്റെ 80 ശതമാനവും ഇറക്കുമതിചെയ്യുകയാണ്. വന്‍കിട ഉപയോക്താക്കളില്‍നിന്ന് വിപണിവില ഈടാക്കാനും മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഡീസല്‍ സബ്സിഡി ഘട്ടംഘട്ടമായി ഇല്ലാതാക്കാനും സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചിട്ടുണ്ട്. കോടതികള്‍ ഈ വിഷയത്തില്‍ ഇടപെടുന്നത് ഉചിതമല്ല. ദേശീയ വിലനിര്‍ണയനയമാണ് അട്ടിമറിക്കപ്പെടുക. എണ്ണക്കമ്പനികളുടെ നിലനില്‍പ്പുതന്നെ അവതാളത്തിലാകും- വഹന്‍വതി പറഞ്ഞു.

ജസ്റ്റിസുമാരായ ആര്‍ എം ലോധയും മദന്‍ ബി ലൊക്കുറും ഉള്‍പ്പെടുന്ന ബെഞ്ച് വഹന്‍വതിയുടെ വാദങ്ങള്‍ ശരിവച്ചു. നടത്തിപ്പിലെ കെടുകാര്യസ്ഥതയാണ് കെഎസ്ആര്‍ടിസിപോലുള്ള സ്ഥാപനങ്ങള്‍ നഷ്ടത്തിലാകുന്നതിന് കാരണമെന്ന നിരീക്ഷണവും കോടതി നടത്തി. എംഎല്‍എമാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ സൗജന്യയാത്ര അനുവദിക്കേണ്ടതിന്റെ ആവശ്യകതയെന്തെന്നും കോടതി ആരാഞ്ഞു. നിരക്കുവര്‍ധന ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ വരുമാനവര്‍ധനയ്ക്ക് കെഎസ്ആര്‍ടിസി ശ്രമിക്കണം. കഴിഞ്ഞ ഒരുമാസം സമ്പദ്വ്യവസ്ഥ മോശപ്പെട്ട അവസ്ഥയിലായിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയാണ്. വ്യാപാരകമ്മി വര്‍ധിക്കാന്‍ ഇതിടയാക്കുന്നു. സബ്സിഡികളില്‍ തൂങ്ങി നിലനില്‍ക്കാനുള്ള പ്രവണത കെഎസ്ആര്‍ടിസിയും മറ്റും ഉപേക്ഷിക്കണം. ഇരുപതോളം ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ രാജ്യത്തുണ്ട്. ഇവയില്‍ പലതിനും പ്രൊഫഷണല്‍ മാനേജ്മെന്റോ തൊഴില്‍സംസ്കാരമോ ഇല്ല. ജീവനക്കാര്‍ അധികമാണുതാനും- കോടതി പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍നിന്ന് ഉയര്‍ന്ന നിരക്ക് ഈടാക്കരുതെന്ന ഹൈക്കോടതി ഉത്തരവ് 2013 മാര്‍ച്ചിലായിരുന്നു. ഇതിനുശേഷം ഇതുവരെ സബ്സിഡി നിരക്കാണ് കെഎസ്ആര്‍ടിസി നല്‍കിയതെങ്കിലും കുടിശിക ഈടാക്കേണ്ടതില്ലെന്ന് എണ്ണക്കമ്പനികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ ഹൈക്കോടതി വിധി സ്റ്റേചെയ്ത സുപ്രീംകോടതി കേസ് വീണ്ടും ഒക്ടോബര്‍ 21ന് പരിഗണിക്കും.

ബോഡി നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

മലപ്പുറം: കോടികളുടെ സാമ്പത്തിക ബാധ്യതയും സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടുംമൂലം സംസ്ഥാനത്തെ അഞ്ച് കെഎസ്ആര്‍ടിസി ബസ് ബോഡി നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ബസ് നിര്‍മാണത്തിനാവശ്യമായ ചേസിസിന്റെയും അനുബന്ധ സാമഗ്രികളുടെയും കുറവുമൂലം നാമമാത്രമായ ജോലി മാത്രമാണ് നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ സബ്സിഡി എടുത്തുകളഞ്ഞതോടെ സാമ്പത്തിക ബാധ്യതയിലായ കെഎസ്ആര്‍ടിസി നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലാണ്.

തിരുവനന്തപുരം സെന്‍ട്രല്‍, മാവേലിക്കര, ആലുവ, എടപ്പാള്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ബോഡി നിര്‍മാണ യൂണിറ്റുകളുള്ളത്. അഞ്ചിടത്തായി നിലവില്‍ പത്ത് ബസുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. നിലവില്‍ 5793 കെഎസ്ആര്‍ടിസി ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ 15 വര്‍ഷം പൂര്‍ത്തിയായ 1165 ബസുകള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കണം. 2013ല്‍ 726, 2014ല്‍ 251, 2015ല്‍ 188 എന്നിങ്ങനെയാണിത്. ഇവയില്‍ 890 ബസുകള്‍ കട്ടപ്പുറത്താണ്. ഇവയ്ക്ക് പകരം പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ നിലവിലെ സ്ഥിതിയില്‍ കെഎസ്ആര്‍ടിസിക്കാവില്ല. ഇതോടെ നിരവധി സര്‍വീസ് മുടങ്ങും. ചേസിസുകളുടെ ലഭ്യതക്കുറവാണ് പ്രധാന വെല്ലുവിളി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇറക്കിയ ചേസിസുകള്‍ ഉപയോഗിച്ചാണ് ഇപ്പോഴും നിര്‍മാണം. നാമമാത്ര ചേസിസുകള്‍ മാത്രമാണ് പുതുതായി വാങ്ങിയത്. ടയറും സ്പെയര്‍പാര്‍ട്സുകളും ഉള്‍പ്പെടെ അനുബന്ധ സാമഗ്രികളും കുറവാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ഇവ വാങ്ങാനാവില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്.

ബോഡി നിര്‍മാണ യൂണിറ്റുകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ സമഗ്ര പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. എല്‍ഐസി, കെടിഡിഎഫ്സി, ഹഡ്കോ എന്നിവയില്‍നിന്നും വായ്പയെടുത്താണ് നവീകരണ പ്രവൃത്തികള്‍ നടത്തിയത്. സര്‍ക്കാര്‍ മാറിയതോടെ തുടര്‍പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചു. കെഎസ്ആടിസിയുടെ കടബാധ്യത 1500 കോടിയില്‍ എത്തി നില്‍ക്കുകയാണ്. മാര്‍ച്ചിലെ കണക്കനുസരിച്ച് കെടിഡിഎഫ്സിക്ക് 1100 കോടി, ഹഡ്കോ 200, എല്‍ഐസി 65 കോടി എന്നിങ്ങനെയാണ് കടബാധ്യത. ഇത് അടച്ചുതീര്‍ക്കാതെ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും ഇനി വായ്പ ലഭിക്കില്ല. 2013-14 ബജറ്റില്‍ 186 കോടി പ്ലാന്‍ഫണ്ടും 200 കോടി അടിയന്തരാശ്വാസവും മാത്രമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം രണ്ടു വര്‍ഷത്തിനുള്ളില്‍ 746 ബസുകളാണ് പുറത്തിറക്കിയത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ വര്‍ഷത്തില്‍ ആയിരം പുതിയ ബസുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്നു. 2007 മുതല്‍ 2011 വരെ 3200 ബസുകളാണ് പുതുതായി നിരത്തിലിറങ്ങിയത്. തിരുകൊച്ചി, മലബാര്‍ സര്‍വീസുകളും സുപ്രധാന നേട്ടമായിരുന്നു. ഇപ്പോള്‍ ഈ സര്‍വീസുകള്‍ നിലനിര്‍ത്താന്‍ പോലുമാവാത്ത സ്ഥിതിയിലാണ്.
(സി പ്രജോഷ്കുമാര്‍)

ജലഗതാഗതവും പ്രതിസന്ധിയില്‍

ആലപ്പുഴ: വന്‍കിട ഉപയോക്താക്കള്‍ക്കുള്ള ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയത് ജലഗതാഗത വകുപ്പിനെയും പ്രതിസന്ധിയിലാക്കും. പ്രതിവര്‍ഷം 12 കോടി രൂപയുടെ അധിക ബാധ്യതയാണ് ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് ജലഗതാഗത വകുപ്പിന് ഉണ്ടാകുക. സബ്സിഡി പുനഃസ്ഥാപിച്ചില്ലെങ്കില്‍ സര്‍വ്വീസ് വെട്ടിച്ചുരുക്കുന്നതിന് നിര്‍ബന്ധിതമാകും. ഒറ്റപ്പെട്ട ദ്വീപുകളിലെയും തുരുത്തുകളിലെയും ജനങ്ങളെ ഇത് ദുരിതത്തിലാക്കും. ഇന്ധന വില അടിക്കടി വര്‍ധിച്ച കഴിഞ്ഞവര്‍ഷം നാലുകോടി രൂപയായിരുന്നു നഷ്ടം. ഇത്തവണ ആറുകോടി കവിയും. സംസ്ഥാനത്ത് 50 ബോട്ടുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇതിന് ദിവസം 7,000 ലിറ്റര്‍ ഡീസല്‍ വേണം. സബ്സിഡി നിര്‍ത്തലാക്കിയതോടെ ലിറ്ററിന് 17.50 രൂപ വീതമാണ് അധികം നല്‍കേണ്ടത്. ഇതുമൂലം ദിവസവും 1,22,500 രൂപ അധികം കണ്ടെത്തണം. കഴിഞ്ഞ ജൂലൈയില്‍ ബോട്ട് യാത്രാനിരക്ക് കുത്തനെ കൂട്ടിയിരുന്നു. കുമരകം-മുഹമ്മ യാത്രക്കൂലി 5 രൂപയില്‍ നിന്ന് 10 രൂപ ആയാണ് വര്‍ധിപ്പിച്ചത്.

തനിയേ നിന്നോളും: മന്ത്രി

കൊച്ചി: പ്രതിസന്ധി പരിഹരിക്കാന്‍ പറ്റിയില്ലെങ്കില്‍ സമീപഭാവിയില്‍ കെഎസ്ആര്‍ടിസി തനിയെ നിന്നുപോകുമെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. സബ്സിഡി ഇല്ലാതായതോടെ ഒരു ലിറ്റര്‍ ഡീസലിന് 17.40 രൂപയാണ് കെഎസ്ആര്‍ടിസി അധികമായി നല്‍കേണ്ടിവരുന്നത്. ഈ രീതിയില്‍ പോയാല്‍ വാര്‍ഷികനഷ്ടം 1000 കോടിയില്‍ അധികമാകുമെന്ന് ആര്യാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സബ്സിഡി ലഭിച്ചാല്‍ത്തന്നെ ഇന്നത്തെ നിലയ്ക്ക് ഡീസല്‍ വില വര്‍ധിക്കുകയാണെങ്കില്‍ ഭാവിയില്‍ പ്രതിസന്ധി രൂക്ഷമാകും. കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഒന്നും ചെയ്യാന്‍പറ്റില്ല. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ എംഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 20നു ചേരുന്ന മന്ത്രിസഭായോഗം പറ്റാവുന്ന നടപടി സ്വീകരിക്കും. ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയോ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയോ ഇല്ലെന്ന് മന്ത്രി പറഞ്ഞു. ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടില്ല. സൗജന്യപാസുകളും വിദ്യാര്‍ഥി കണ്‍സഷനും തുടരും.

കെഎസ്ആര്‍ടിസി പ്രതിസന്ധി: അടിയന്തര നടപടി വേണം- ട്രാന്‍.കോണ്‍ഫെഡറേഷന്‍

തിരു: കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി നന്ദകുമാര്‍ ആവശ്യപ്പെട്ടു. ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയതുമൂലം കോര്‍പറേഷനുണ്ടായ അധികഭാരം വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. 2000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജും പെന്‍ഷന്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് അനുകൂല തീരുമാനവും കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. ഷെഡ്യൂള്‍ നിര്‍ത്തലാക്കാനും താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനും ശ്രമിക്കുന്നത് കെഎസ്ആര്‍ടിസിയുടെ തകര്‍ച്ചയ്ക്കു മാത്രമേ സഹായിക്കൂ- നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.

അധികബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം: കെഎസ്ആര്‍ടിഇഎ

തിരു: കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ സബ്സിഡി അധികബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെഎസ്ആര്‍ടിഇഎ ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയെ ആശ്രയിച്ച് യാത്രചെയ്യുന്ന 35 ലക്ഷം സാധാരണക്കാരായ യാത്രക്കാര്‍ക്കും എഴുപതിനായിരത്തോളം തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇരുട്ടടിയായി മാറുന്നതാണ് സുപ്രീംകോടതി വിധി. കെഎസ്ആര്‍ടിസിപോലുള്ള പൊതുമേഖലാ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ക്കുള്ള സബ്സിഡി നിര്‍ത്തലാക്കി ആനുപാതികമായി ബസ്ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ദൗര്‍ഭാഗ്യവും ജനവിരുദ്ധവുമാണ്. സാമൂഹ്യപ്രതിബദ്ധതയുടെപേരില്‍ വിദ്യാര്‍ഥികള്‍, വികലാംഗര്‍, അന്ധര്‍ എന്നിവര്‍ക്ക് നല്‍കുന്ന എല്ലാ സൗജന്യവും സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തെ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ചെറുത്തുതോല്‍പ്പിക്കും.

ഡീസല്‍ വിലവര്‍ധനമൂലം ഉണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി രണ്ടായിരത്തോളം ഷെഡ്യൂള്‍ നിര്‍ത്തലാക്കാനുള്ള നീക്കം ജനങ്ങളുടെ യാത്രാദുരിതം വര്‍ധിപ്പിക്കും. സ്വകാര്യബസ് ഉടമകള്‍ക്ക് സബ്സിഡി നിരക്കില്‍ ഡീസല്‍ ലഭിക്കുന്നതിനാല്‍ ചാര്‍ജ്വര്‍ധനമൂലം സ്വകാര്യബസ് ഉടകള്‍ക്കുമാത്രം കൊള്ളലാഭം ഉണ്ടാകുന്ന സാഹചര്യമാണ് സുപ്രീംകോടതി ഉത്തരവിലൂടെ ഉണ്ടാകുന്നതെന്നും കെഎസ്ആര്‍ടിഇഎ ചൂണ്ടിക്കാട്ടി. വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന പൊതുജനങ്ങള്‍ക്കുമേല്‍ ചാര്‍ജ്വര്‍ധന അടിച്ചേല്‍പ്പിക്കാനുള്ള നിര്‍ദേശം അപ്രായോഗികവും അപലപനീയവുമാണ്. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാരും മാനേജ്മെന്റും തയ്യാറാകണമെന്നും എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ് ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment