Sunday, September 15, 2013

ഹാന്‍ടെക്സ് ഷോറൂമുകള്‍ പൂട്ടാന്‍ ആസൂത്രിതനീക്കം

സംസ്ഥാനത്തെ പ്രാഥമിക കൈത്തറി സഹകരണസംഘങ്ങളുടെ അപ്പെക്സ് വേദിയായ ഹാന്റക്സിന്റെ ഷോറൂമുകള്‍ അടച്ചുപൂട്ടാന്‍ ആസൂത്രിതനീക്കം. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും ഓണവിപണിയില്‍ റെക്കോഡ് വില്‍പ്പന നടത്തിയതുമായ ഷോറൂമുകളാണ് നഷ്ടക്കണക്കിന്റെയും കെട്ടിട-വാടകത്തര്‍ക്കങ്ങളുടെയും പേരില്‍ പൂട്ടാന്‍ മാനേജ്മെന്റ് ശ്രമിക്കുന്നത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഷോറൂം ഓണം വരുന്നതിനുമുമ്പേ പൂട്ടി. വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഷോറൂമുകള്‍ വാടകത്തര്‍ക്കത്തിന്റെ പേരില്‍ ഒഴിപ്പിക്കുമ്പോള്‍ പകരം സംവിധാനം കണ്ടെത്താതെ എത്ര വില്‍പ്പനയുള്ള ഷോറൂമായാലും അടച്ചുപൂട്ടുകയാണ് മാനേജ്മെന്റ്.

എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിനടുത്തുള്ള ഷോറൂം നല്ലനിലയില്‍ വില്‍പ്പന നടക്കുന്നതാണ്. ഈ ഷോറൂമും ഇപ്പോള്‍ അടച്ചുപൂട്ടല്‍ഭീഷണി നേരിടുന്നു. എറണാകുളം വാരിയം റോഡിലെ ഷോറൂം ഒരുകോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ സ്റ്റോക്കും അത്രതന്നെ വാര്‍ഷികവിറ്റുവരവുമുള്ള കേരളത്തിലെ ഒന്നാംനിര വില്‍പ്പന കേന്ദ്രമാണ്. അതിന് കെട്ടിടഉടമയുമായുള്ള കേസില്‍ പ്രതികൂലവിധിയാണ് വന്നിരിക്കുന്നത്. എന്നാല്‍, പകരംസംവിധാനം കണ്ടെത്തി പുതിയ കെട്ടിടത്തിലേക്കു മാറ്റാന്‍ മാനേജ്മെന്റ് ശ്രമിക്കുന്നില്ല. സംസ്ഥാനത്തെ വിവിധ നഗരങ്ങളിലുള്ള ഷോറൂമുകളും പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടങ്ങളിലാണ്. ഈ കെട്ടിടങ്ങളുടെ ഉടമകളും മാനേജ്മെന്റിലെ ഉന്നതനും ചേര്‍ന്നാണ് പല ഷോറൂമുകളും ഒഴിപ്പിക്കാന്‍ നീക്കം ആസൂത്രണം ചെയ്യുന്നത്. ഒഴിപ്പിക്കുന്ന മുറികള്‍ വന്‍ വാടകയ്ക്ക് മറിച്ചുവില്‍ക്കാന്‍ കെട്ടിടഉടമകളെ സഹായിക്കുമ്പോള്‍ അതിന്റെ വിഹിതം കമീഷനായി ഉന്നതന് എത്തുന്നതായും ആക്ഷേപമുണ്ട്.

കേരളത്തില്‍ നൂറിലധികം വില്‍പ്പനകേന്ദ്രങ്ങള്‍ ഹാന്റക്സിനുണ്ട്. ഇതില്‍ പകുതിയോളം കേന്ദ്രങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. വില്‍പ്പനയുടെ കാര്യത്തില്‍ പാലക്കാട് മേഖല മുന്നിലുമാണ്. നികത്താനാവുന്ന നഷ്ടമാണ് ഇപ്പോള്‍ ഹാന്റക്സ് മാനേജ്മെന്റ് പെരുപ്പിച്ചുകാണിക്കുന്നത്. നഷ്ടത്തിലോടുന്ന നെയ്തുസംഘങ്ങളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പല പദ്ധതികളും നേടിയെടുക്കാന്‍ ഇപ്പോഴത്തെ മാനേജ്മെന്റ് ശ്രമിക്കുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹാന്റക്സിന്റെ കടം തീര്‍ക്കാന്‍ നടപടി സ്വീകരിച്ചതാണ്. വകുപ്പുമന്ത്രിമാരും സംസ്ഥാന സഹകരണബാങ്ക് മാനേജ്മെന്റുമായി ചര്‍ച്ചകള്‍ നടത്തി ധാരണയായതാണ്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അത് മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചില്ല. നെയ്തുസംഘങ്ങളുടെ കടമെഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയിലും ഹാന്റക്സിനെ ഉള്‍പ്പെടുത്താനായില്ല. സംസ്ഥാനത്തെ വിവിധ സഹകരണ നെയ്തുസംഘങ്ങളില്‍നിന്നും ഉല്‍പ്പന്നം വാങ്ങാതെ പവര്‍ലൂം ഉല്‍പ്പന്നം വാങ്ങി പരമ്പരാഗത നെയ്തുസംഘങ്ങളെ ഇല്ലാതാക്കുന്ന നയവും ഇപ്പോഴത്തെ മാനേജ്മെന്റ് സ്വീകരിക്കുന്നു. ഈ വ്യവസായവുമായി ബന്ധമില്ലാത്തയാളെയാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രധാന സ്ഥാനത്ത് അവരോധിച്ചത്.

deshabhimani

No comments:

Post a Comment