ഹിന്ദുത്വവാദവും ന്യൂനപക്ഷവിരോധവും മുഖമുദ്രയാക്കിയ നരേന്ദ്രമോഡിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നില്‍ ആര്‍എസ്എസ് ആസൂത്രണം. വര്‍ഷങ്ങളായി ആര്‍എസ്എസ് ഏറ്റെടുത്ത് നടത്തിയ പദ്ധതിയുടെ പരിണതഫലമാണ് മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ മോഡി സംഘപരിവാറിന്റെ അജന്‍ഡ ഏറ്റവും നന്നായി ഗുജറാത്തില്‍ നടപ്പാക്കുകവഴി കഴിവ് തെളിയിച്ചെന്നാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിലേക്ക് അദ്ദേഹത്തെ പരിഗണിക്കാന്‍ ആര്‍എസ്എസിനെ പ്രേരിപ്പിച്ചത്. ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത് ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുമായെല്ലാം ഒരു വര്‍ഷമായി ഇതിനായി ആശയവിനിമയം നടത്തിയിരുന്നു. അദ്വാനിയെ നേരിട്ടുകണ്ട് മോഡി ചര്‍ച്ച നടത്തിയെങ്കിലും അദ്വാനി വഴങ്ങിയില്ല. അദ്വാനിക്കൊപ്പം നിന്ന നേതാക്കളെ ഭീഷണിപ്പെടുത്തിയും അനുനയിപ്പിച്ചും വശത്താക്കാനാണ് പിന്നീട് ആര്‍എസ്എസ് ശ്രമിച്ചത്. സുഷമ സ്വരാജിനെപ്പോലുള്ള നേതാക്കള്‍ ആര്‍എസ്എസിന്റെ അന്ത്യശാസനത്തിലാണ് വഴങ്ങിയത്.
നിതിന്‍ ഗഡ്കരിയെ ബിജെപി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയപ്പോള്‍ പകരം ആര്‍എസ്എസുകാരനായിരിക്കണം അധ്യക്ഷനെന്ന് ആര്‍എസ്എസ് നേതൃത്വം ശഠിച്ചു. ഏറെ ആശയക്കുഴപ്പങ്ങള്‍ക്കുശേഷം രാജ്നാഥ്സിങ് അധ്യക്ഷപദവിയിലെത്തിയത് അങ്ങനെയാണ്. രാജ്നാഥ്സിങ്ങിനെ ഉപയോഗിച്ച് മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനാണ് ആര്‍എസ്എസ് കരുക്കള്‍ നീക്കിയത്. രാജ്നാഥ്സിങ്ങാകട്ടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് മോഡിയെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. രാമക്ഷേത്രമെന്ന മുദ്രാവാക്യവുമായി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്ന് ആര്‍എസ്എസിന് ബോധ്യമായിരുന്നു. ഇതിനുപകരം പ്രാദേശികമായി വര്‍ഗീയ ധ്രുവീകരണം നടത്താനും ആര്‍എസ്എസ് നേതൃത്വം തീരുമാനിച്ചു. വര്‍ഗീയ ധ്രുവീകരണത്തിന് സമര്‍ഥമായ നേതൃത്വം വഹിക്കാന്‍ കഴിയുക മോഡിക്കാണെന്ന് ആര്‍എസ്എസ് വിലയിരുത്തുന്നു. താനൊരു "ഹിന്ദു ദേശീയവാദിയാണെന്ന്" മോഡി പ്രഖ്യാപിക്കുന്നത് ആര്‍എസ്എസ് നേതൃത്വത്തെയും അണികളെയും സ്വാധീനിക്കാനാണ്. ബിജെപി സംഘടനാപരമായി നേരിടുന്ന പ്രതിസന്ധികളെയും പരിമിതികളെയും മോഡിയെപ്പോലുള്ള നേതാവിലൂടെ മറികടക്കാന്‍ കഴിയുമെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
deshabhimani
No comments:
Post a Comment