Friday, September 20, 2013

ഭരണത്തണലിലെ ചോരക്കളി

പൊലീസ് ഒരുക്കിക്കൊടുത്ത തണലിലാണ് ഉദുമയിലെ സിപിഐ എം പ്രവര്‍ത്തകനായ എം ബി ബാലകൃഷ്ണനെ കോണ്‍ഗ്രസ് ക്രിമിനല്‍സംഘം നിഷ്ഠുരമായി കൊലപ്പെടുത്തിയത്. നിരവധി മാസങ്ങളായി സിപിഐ എമ്മിനെതിരെ തുടര്‍ച്ചയായി നടന്നുവന്ന ആക്രമണപരമ്പരയാണ് അതിക്രൂരമായ ഈ കൊലപാതകത്തിലെത്തിനില്‍ക്കുന്നത്. ഈ ആക്രമണങ്ങളുടെ ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് അക്രമികളെ തടയാന്‍ പൊലീസുണ്ടായില്ല. ആക്രമണങ്ങള്‍ക്കുശേഷമാകട്ടെ, അക്രമികള്‍ക്കെതിരെ പൊലീസിന്റെ നടപടിയുമുണ്ടായില്ല. ഈ നിഷ്ക്രിയത്വമാണ് കൂടുതല്‍ കൊടിയ അക്രമത്തിനു മുതിരാന്‍ അവര്‍ക്ക് അരങ്ങൊരുക്കിക്കൊടുത്തത്. പൊലീസ് ഭരണത്തിന്റെ കടിഞ്ഞാണ്‍ തങ്ങളുടെ നേതാവിന്റെ പക്കലാണെന്നും അതുകൊണ്ടുതന്നെ ഒന്നും ഭയക്കാനില്ലെന്നും അവര്‍ നിശ്ചയിച്ചു. കോണ്‍ഗ്രസിന്റെ സംഘടനാനേതൃത്വവും പൊലീസ് അധികാരികളും ആ നിശ്ചയത്തിന് മൗനംകൊണ്ട് സമ്മതം നല്‍കി. അതിന്റെ തിക്തഫലമാണ് ഈ ദുരന്തം.

സിപിഐ എമ്മിന്റെ ഊര്‍ജസ്വലനായ പ്രവര്‍ത്തകനായിരുന്നു എം ബി ബാലകൃഷ്ണന്‍. ആര്യടുക്കത്തെ പാവപ്പെട്ട ആദിവാസി യുവാക്കളില്‍ കുറേപ്പേരെ മദ്യവും കഞ്ചാവും നല്‍കി വഴിതെറ്റിക്കാന്‍ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം ശ്രമിച്ചുപോരുകയായിരുന്നു കുറേക്കാലമായി അവിടെ. ആദിവാസി വിഭാഗങ്ങളില്‍തന്നെ ഇതിനെതിരെ പ്രതിഷേധമുയര്‍ന്നു. അവിടത്തെ യുവാക്കളെ ഉണര്‍ത്തി മദ്യത്തിനും കഞ്ചാവിനുമെതിരായ പ്രവര്‍ത്തനങ്ങള്‍ നീക്കുന്നതിന് ബാലകൃഷ്ണന്‍ മുന്‍നിരയിലുണ്ടായിരുന്നു. ആ വിധത്തിലുള്ള ബാലകൃഷ്ണന്റെ അവിടത്തെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ മദ്യ-കഞ്ചാവ് കച്ചവടത്തിനും അതുവഴി യുവാക്കളെ വഴിതെറ്റിച്ച് രാഷ്ട്രീയമായി ദുരുപയോഗിക്കാനുള്ള തങ്ങളുടെ ഗൂഢതന്ത്രങ്ങള്‍ക്കും വിഘാതമാണെന്ന് കോണ്‍ഗ്രസ് സംഘം വിലയിരുത്തി. അതേത്തുടര്‍ന്ന് ആസൂത്രിതമായി ആ വിഘാതം നീക്കുകയായിരുന്നു; ബാലകൃഷ്ണനെ അതിക്രൂരമായി കൊലചെയ്യുകയായിരുന്നു. കഞ്ചാവുകച്ചവടത്തിനും വ്യാജമദ്യക്കടത്തിനുമൊക്കെ എതിരെ നില്‍ക്കേണ്ട പൊലീസ് ഇതൊക്കെ നടത്തുന്ന അക്രമിസംഘത്തിന്റെ രാഷ്ട്രീയ രക്ഷാകര്‍തൃത്വമേറ്റെടുക്കുന്ന നിലയാണ് ഏറെക്കാലമായി അവിടെ നിലവിലുള്ളത്. പരാതിയുണ്ടായാല്‍പ്പോലും നടപടിയില്ല. സ്വമേധയായുള്ള നടപടിയുടെ കാര്യംപിന്നെ പറയേണ്ടല്ലോ. ഈ അവസ്ഥ ക്രിമിനല്‍സംഘത്തിന് വളംവച്ചുകൊടുത്തു.

ഈ ക്രിമിനല്‍സംഘം രണ്ടാഴ്ചമുമ്പ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേര്‍ക്ക് ആക്രമണം നടത്തിയിരുന്നു. അതിനുംമുമ്പ് ബാലകൃഷ്ണന്റെ സഹോദരനെ ആക്രമിച്ച് അപായപ്പെടുത്താന്‍ നോക്കിയിരുന്നു. ആ കേസുകളിലൊന്നിലും ഒരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ബാലകൃഷ്ണന്റെ സഹോദരനെ ആക്രമിച്ച കേസിലെ പ്രതികള്‍ കൊലവിളിയുമായി ആര്യടുക്ക ഭാഗത്ത് വിഹരിച്ചു. ആ പ്രതികളിലൊരാള്‍തന്നെയാണിപ്പോള്‍ ബാലകൃഷ്ണനെ വധിച്ച സംഭവത്തിലുമുള്ളത് എന്നാണ് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ ഉണ്ടായ അക്രമങ്ങള്‍ മുന്‍നിര്‍ത്തി പൊലീസ് കര്‍ശനമായ നടപടിയെടുത്തിരുന്നെങ്കില്‍ ഈ കൊലപാതകം ഒഴിവായേനേ. പൊലീസിനെ കോണ്‍ഗ്രസ് താല്‍പ്പര്യപ്രകാരം നിര്‍വീര്യമാക്കി നിര്‍ത്തിയതിന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഉത്തരം പറയേണ്ടത്. വൈദഗ്ധ്യംനേടിയ കൊലയാളികളാണ് കോണ്‍ഗ്രസ് അക്രമിസംഘത്തിലുണ്ടായിരുന്നത്. പുറത്തേക്ക് രക്തംവരാതെ ആന്തരാവയവങ്ങളാകെ ഛിന്നഭിന്നമാക്കുന്ന പ്രത്യേകതരം ആയുധമുപയോഗിച്ചതും കൊലനടത്തിയ മറ്റ് രീതികളും ഇക്കാര്യം വെളിവാക്കുന്നു. ഡോക്ടര്‍ മൃതദേഹം പരിശോധിച്ചപ്പോള്‍മാത്രമാണ് പുറത്തു കാര്യമായ മുറിവുകാണിക്കാതെ അകമാകെ മുറിച്ചുതള്ളുന്ന ഈ പ്രത്യേക ആയുധത്തെക്കുറിച്ച് നാട്ടുകാര്‍ അറിഞ്ഞതുതന്നെ.

കഞ്ചാവ്-മദ്യ മാഫിയാസംഘത്തെ എതിര്‍ത്തതും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നിന്നതുമാണ് കോണ്‍ഗ്രസ് അക്രമിസംഘത്തെ പ്രകോപിപ്പിച്ചത്. തിരുവോണനാളില്‍ ഊര്‍ജസ്വലനായ ഒരു രാഷ്ട്രീയപ്രവര്‍ത്തകനെ അരുംകൊല ചെയ്തിട്ട് അവിടേക്ക് ഒരു ഫോണ്‍ അന്വേഷണംപോലും നടത്താന്‍ കൂട്ടാക്കാതിരുന്ന ഇതേ ആഭ്യന്തരമന്ത്രി മുമ്പ് ഒരു വ്യക്തി കൊലചെയ്യപ്പെട്ടപ്പോള്‍ അവിടേക്ക് ഓടിച്ചെന്നതും മുഖ്യമന്ത്രിയെക്കൂടി വിളിച്ചുവരുത്തിയതും കൊലപാതകം നടത്തിയത് ഇന്ന കൂട്ടരാണെന്ന് പൊലീസിന് നിര്‍ദേശം നല്‍കുംവിധം പ്രഖ്യാപിച്ചതും ഒന്നും മറക്കാറായിട്ടില്ല. ഇവിടെ കൊലചെയ്യപ്പെട്ടതും മനുഷ്യന്‍തന്നെയെന്ന് ഇരട്ടത്താപ്പുകളുടെ കസ്റ്റോഡിയനായ മന്ത്രിക്ക് സമൂഹം പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു.

deshabhimani editorial 200913

No comments:

Post a Comment