പാര്‍ലമെന്റ് പാസാക്കിയ ആണവബാധ്യതാ നിയമം മറികടന്ന് അമേരിക്കന്‍ ആണവ കമ്പനികളെ സഹായിക്കുന്ന കരാറില്‍ ഒപ്പിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. സുരക്ഷയ്ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അടുത്തുതന്നെ ഇതിന് അംഗീകാരം നല്‍കും. ഇന്ത്യന്‍ ആണവോര്‍ജ കോര്‍പറേഷനും അമേരിക്കയിലെ വെസ്റ്റിങ്ഹൗസ് ഇലക്ട്രിക് കമ്പനിയുമായി പ്രത്യേക കരാര്‍ ഒപ്പിടാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുപ്പ്. തുടര്‍ന്ന് മറ്റ് കമ്പനികളുമായും ഇതേ രീതിയില്‍ കരാറിലേര്‍പ്പെടും.
നേരത്തെ ഒപ്പിട്ട ആണവ സഹകരണകരാറില്‍ അമേരിക്ക കാണുന്ന തടസ്സം നഷ്ടപരിഹാരത്തിന്റെ ബാധ്യതയ്ക്കുള്ള നിയമമാണ്. ആണവദുരന്തമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്‍നിന്ന് അമേരിക്കന്‍ കമ്പനികളെ ഒഴിവാക്കിക്കൊടുക്കണമെന്ന് ഒബാമ സര്‍ക്കാര്‍ കുറേക്കാലമായി സമ്മര്‍ദം ചെലുത്തിവരികയാണ്. മന്‍മോഹന്‍സിങ്ങിന്റെ വാഷിങ്ടണ്‍ സന്ദര്‍ശനത്തോടെ അമേരിക്ക ആവശ്യപ്പെട്ട ഇളവുകള്‍ പ്രാബല്യത്തില്‍ വരുത്താനാണ് നീക്കം. ഈ മാസം 27നാണ് മന്‍മോഹന്‍സിങ്ങും ഒബാമയുമായുള്ള കൂടിക്കാഴ്ച. ദുരന്തത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയുണ്ടെന്ന വ്യവസ്ഥയനുസരിച്ച്, ആണവ റിയാക്ടറുകള്‍ നല്‍കിയ കമ്പനികള്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാന്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന് (എന്‍പിസിഐഎല്‍) കഴിയും. നിയമത്തിലെ ഈ പതിനേഴാം വകുപ്പ് ഭേദഗതിചെയ്ത് എന്‍സിപിഐഎല്ലിന് താല്‍പ്പര്യമില്ലെങ്കില്‍ നഷ്ടപരിഹാരത്തിനുള്ള വ്യവഹാരം ഒഴിവാക്കാമെന്ന വ്യവസ്ഥയാണ് പുതുതായി കൊണ്ടുവരിക. ഇത്തരം നിയമഭേദഗതി കൊണ്ടുവന്ന് അമേരിക്കന്‍ കമ്പനികളെ രക്ഷപ്പെടുത്താനുള്ള നിയമോപദേശം നല്‍കാന്‍ അറ്റോര്‍ണി ജനറലിനോട് കേന്ദ്രം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ആണവനിലയം നടത്തുന്ന കമ്പനിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചാല്‍ മതിയെന്നും നിര്‍ബന്ധമായും കോടതിയെ സമീപിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്നുമായിരുന്നു അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം. ഇതനുസരിച്ച് ഭേദഗതി വരുത്തിയാല്‍ അമേരിക്കന്‍ ആണവകമ്പനികള്‍ക്ക് നഷ്ടപരിഹാര ബാധ്യതയില്‍നിന്ന് രക്ഷപ്പെടാം. പൊതുമേഖലാ സ്ഥാപനമായ എന്‍പിസിഐഎല്ലിന് എങ്ങനെയാണ് പാര്‍ലമെന്റ് പാസാക്കിയ നിയമം മറികടന്ന് കരാറില്‍ ഏര്‍പ്പെടാന്‍ കഴിയുകയെന്ന ചോദ്യത്തിന് അറ്റോര്‍ണി ജനറലിന് മറുപടിയില്ല.
അമേരിക്കയിലെ ആണവ വിതരണ കമ്പനികളുമായി വെവ്വേറെ കരാറുകളില്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനെക്കൊണ്ട് ഒപ്പിടീക്കാനാണ് ശ്രമം. ജനറല്‍ ഇലക്ട്രിക്കല്‍ കമ്പനിയും ആണവബാധ്യതാ നിയമം ലഘൂകരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. ആണവകരാര്‍ നടപ്പാക്കണമെങ്കില്‍ ആണവബാധ്യതാ നിയമം നിര്‍ബന്ധമായി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത് ഇടതുപക്ഷമാണ്. അതനുസരിച്ചാണ് 2010ല്‍ പാര്‍ലമെന്റ് നിയമം അംഗീകരിച്ചത്. ഇത് അട്ടിമറിക്കാനാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് ശ്രമിക്കുന്നത്. രാജ്യത്തിന് ദ്രോഹകരമാകുന്ന നയങ്ങളും നിമങ്ങളും കൊണ്ടുവരികയെന്ന നയമാണ് ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം മുതല്‍ ആണവ ബാധ്യതാ നിയമം വരെയുള്ള കാര്യങ്ങളില്‍ അമേരിക്കയ്ക്കു വേണ്ടി മന്‍മോഹന്‍സിങ് നടപ്പാക്കുന്നത്.
(വി ജയിന്‍)
deshabhimani
No comments:
Post a Comment