Thursday, September 19, 2013

സര്‍ക്കാര്‍ ലക്ഷ്യം ഭൂമാഫിയയെ സംരക്ഷിക്കല്‍

സംസ്ഥാനത്തെ നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാനുള്ള ഡാറ്റാ ബാങ്ക് തയ്യാറാക്കല്‍ പാതിവഴിയില്‍. പ്രാദേശിക മേല്‍നോട്ട കമ്മിറ്റി തയ്യാറാക്കിയ കരട് ലിസ്റ്റ് സാറ്റലൈറ്റ് സംവിധാനത്തോടെ കൃത്യത വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ഭൂമാഫിയയെ സംരക്ഷിക്കാനാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 2008ല്‍ എല്‍ഡിഎഫ് ഭരണകാലത്താണ് നെല്‍വയല്‍, നീര്‍ത്തട സംരക്ഷണനിയമം പാസാക്കിയത്. യുഡിഎഫ് അധികാരത്തിലെത്തി രണ്ടുവര്‍ഷം പിന്നിട്ടിട്ടും നെല്‍വയല്‍ സംരക്ഷിക്കാനുള്ള ഡാറ്റാ ബാങ്ക് തയ്യാറാക്കല്‍ പൂര്‍ത്തീകരിച്ചിട്ടില്ല. ഇതുമൂലം സാധാരണക്കാര്‍ക്ക് വീടു നിര്‍മിക്കാനോ ഭൂമി കൈമാറ്റം ചെയ്യാനോ സാധിക്കുന്നില്ല.

2008ലെ നെല്‍വയല്‍, നീര്‍ത്തട സംരക്ഷണ നിയമപ്രകാരം സംസ്ഥാനത്തെ ഭൂമിയെ തരംതിരിക്കുകയും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഏതെന്ന് വ്യക്തമാക്കുകയും വേണം. ഇതിനു കൃഷിഓഫീസര്‍ കണ്‍വീനര്‍ ആയി പ്രാദേശിക മേല്‍നോട്ട കമ്മിറ്റി രൂപീകരിക്കണം. വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ്, രണ്ടു കര്‍ഷകപ്രതിനിധികള്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് വില്ലേജ് പ്രദേശത്തെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കണ്ടെത്തി രേഖപ്പെടുത്തേണ്ടത്. രൂപമാറ്റം വരുത്തിയ ഭൂമി ഏതെന്ന് കണ്ടെത്താന്‍ സ്ഥലം സന്ദര്‍ശിക്കണം. കൃത്യത ഉറപ്പാക്കാന്‍ സാറ്റലൈറ്റ് ഇമേജ് സംവിധാനം ഉപയോഗപ്പെടുത്തണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടപടി ആരംഭിച്ചെങ്കിലും യുഡിഎഫ് വന്നതോടെ മുടങ്ങി. ഡാറ്റാ ബാങ്ക് പിഴവില്ലാതെ നിലവില്‍ വന്നാല്‍ ഭൂമാഫിയക്ക് നെല്‍വയല്‍ നികത്താന്‍ കഴിയില്ല. കൃഷി ആവശ്യത്തിനാണെന്ന് ഉറപ്പുവരുത്തി മാത്രമേ നെല്‍വയല്‍ കൈമാറ്റം ചെയ്യാവൂ. പല വില്ലേജുകളിലും തയ്യാറാക്കിയ കരട്ലിസ്റ്റ് അബദ്ധങ്ങളും പിഴവുകളും നിറഞ്ഞതാണെന്ന ആക്ഷേപമുണ്ട്. വില്ലേജ് ഓഫീസുകളില്‍ നിലവിലെ അടിസ്ഥാനനികുതി രജിസ്റ്ററിലെ (ബിടിആര്‍) വിവരങ്ങള്‍ അതേപടി ചേര്‍ത്താണ് ഡാറ്റാ ബാങ്കിന്റെ കരടുണ്ടാക്കിയിരിക്കുന്നത്. വര്‍ഷങ്ങളായി ഉപയോഗിച്ചിരിക്കുന്ന പുരയിടങ്ങള്‍ രേഖകളില്‍ നിലമെന്നുതന്നെയാണ് കാണിച്ചിരിക്കുന്നത്. ഇതിനാല്‍ തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് വീട് നിര്‍മിക്കാന്‍ തുക അനുവദിച്ചാലും ഭൂമി നിലമെന്ന് കാണിച്ചിരിക്കുന്നതിനാല്‍ സാധാരണക്കാര്‍ ഏറെ വിഷമിക്കുന്നു. ഇത്തരം പിഴവുകള്‍ തിരുത്താന്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തണം. റവന്യുവകുപ്പ് ഡാറ്റാ ബാങ്ക് തയ്യാറാക്കിയശേഷം അത് തദ്ദേശസ്വയംഭരണ വകുപ്പ് പ്രസിദ്ധീകരിക്കണം. ആക്ഷേപങ്ങള്‍ പരിഹരിച്ചശേഷം പൂര്‍ണ ഡാറ്റാ ബാങ്ക് സംസ്ഥാന അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കണം. എന്നാല്‍, വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രദേശിക ഡാറ്റാ ബാങ്ക് തയ്യാറാക്കാന്‍പോലും നടപടിയായിട്ടില്ല.

പ്രാദേശികസമിതികളുടെ പരാജയവും സാറ്റലൈറ്റ് സംവിധാനമുപയോഗിച്ചുള്ള അളക്കല്‍ നടപ്പാക്കാത്തതും നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നതിന് തിരിച്ചടിയായി. അനിയന്ത്രിതമായ നികത്തല്‍, രൂപംമാറ്റല്‍ എന്നിവയില്‍നിന്ന് ഭൂമിയെ സംരക്ഷിക്കാനാണ് നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണനിയമം പാസാക്കിയത്. കേരളത്തിലെ ഭക്ഷ്യസുരക്ഷയും കണക്കാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നിയമം പൂര്‍ണമാകണമെങ്കില്‍ ഡാറ്റാ ബാങ്ക് കൂടി പ്രസിദ്ധീകരിക്കേണ്ടതുണ്ട്. എന്നാല്‍, ഭൂമാഫിയകളെ സഹായിക്കുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികളൊന്നുമെടുത്തിട്ടില്ല.
(സി എന്‍ റെജി)

deshabhimani 190913

No comments:

Post a Comment