Saturday, September 21, 2013

വി കെ സിങ് കശ്മീരില്‍ അട്ടിമറിക്ക് ശ്രമിച്ചു

ജമ്മു കശ്മീരിലെ ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെ അട്ടിമറിക്കുന്നത് ഉള്‍പ്പെടെയുള്ള വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ കരസേനാ മേധാവി ജനറല്‍ വി കെ സിങ് ശ്രമിച്ചതായി സൈന്യത്തിന്റെ രഹസ്യറിപ്പോര്‍ട്ട്. പ്രതിരോധമന്ത്രി എ കെ ആന്റണിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പിന്നീട് പ്രധാനമന്ത്രികാര്യാലയത്തിന് കൈമാറി. നരേന്ദ്രമോഡിക്ക് പിന്തുണ പ്രഖ്യാപിച്ച് അടുത്തയിടെ ബിജെപിയില്‍ ചേര്‍ന്നതിനുപിന്നാലെയാണ് വി കെ സിങ്ങിനെതിരായ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്ന് മാധ്യമവാര്‍ത്തകളോട് പ്രതികരിച്ച് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിശോധിച്ച് നടപടി സ്വീകരിക്കും. അസ്വീകാര്യമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് സൈന്യത്തില്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സിബിഐ അന്വേഷണത്തെ കുറിച്ച് ആലോചിച്ചിട്ടില്ല- കുറിപ്പില്‍ പറഞ്ഞു. രഹസ്യപ്രവര്‍ത്തനത്തിനെന്ന പേരില്‍ സൈന്യത്തിന് ലഭിക്കുന്ന ഫണ്ട് ദുരുപയോഗപ്പെടുത്തിയാണ് കശ്മീര്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ജനറല്‍ വി കെ സിങ് ഏര്‍പ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ജനറല്‍ വി കെ സിങ് തന്നെ സ്ഥാപിച്ച സൈനിക രഹസ്യാന്വേഷണ യൂണിറ്റായ സാങ്കേതിക പിന്തുണ വിഭാഗത്തിന്റെ (ടിഎസ്ഡി) മറവിലായിരുന്നു ഗൂഢനീക്കങ്ങള്‍. മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ വിനോദ് ഭാട്യയുടെ നേതൃത്വത്തില്‍ സൈനികോദ്യോഗസ്ഥരുടെ സംഘം രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് വി കെ സിങ്ങിന്റെ അട്ടിമറിശ്രമങ്ങള്‍ തെളിവടക്കം പുറത്തായത്. കശ്മീരിലെ കോണ്‍ഗ്രസ് നേതാവും കൃഷിമന്ത്രിയുമായ ഗുലാം ഹസ്സന്‍ മിറിനെ ഉപയോഗിച്ചായിരുന്നു അട്ടിമറിനീക്കം. ഇതിനായി 1.19 കോടി രൂപ ഗുലാംഹസ്സന്‍ മിറിന് കൈമാറി. രഹസ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള (എസ്എസ്) ഫണ്ടില്‍നിന്നായിരുന്നു പണമെടുത്തത്. എസ്ബിഐയുടെ എസ്എസ് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കപ്പെട്ടതിന്റെ തെളിവടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. എന്നാല്‍, അട്ടിമറിശ്രമം നടത്തിയെന്ന ആരോപണം ഗുലാംഹസ്സന്‍ മിര്‍ നിഷേധിച്ചിട്ടുണ്ട്. തനിക്കു പിന്നാലെ കരസേനാ മേധാവിയായ ജനറല്‍ ബിക്രംസിങ്ങിനെതിരായ വ്യാജ ഏറ്റുമുട്ടല്‍ക്കേസ് പൊക്കിക്കൊണ്ടുവരാനും ജനറല്‍ വി കെ സിങ് ടിഎസ്ഡിയെ ഉപയോഗിച്ചു. കരസേനാ ആസ്ഥാനത്തിന്റെ നിര്‍ദേശപ്രകാരം ഹക്കീക്കത്ത് സിങ് എന്ന വ്യക്തിക്ക് 2.38 കോടി രൂപ എസ്എസ് ഫണ്ടില്‍നിന്ന് കൈമാറി. ജമ്മു കശ്മീര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ ഒരു സര്‍ക്കാരിതര സംഘടനയ്ക്ക്(എന്‍ജിഒ) ഹക്കീക്കത്ത് സിങ് രൂപംനല്‍കി. "യെസ് കശ്മീര്‍" എന്ന മറ്റൊരു സംഘടനയുമായി അടുത്ത് ബന്ധപ്പെട്ടായിരുന്നു ഹക്കീക്കത്ത് സിങ്ങിന്റെ എന്‍ജിഒയുടെ പ്രവര്‍ത്തനം. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം ആരോപിച്ച് ബിക്രംസിങ്ങിനെതിരെ പൊതുതാല്‍പ്പര്യഹര്‍ജി ഫയല്‍ചെയ്തത് യെസ് കശ്മീര്‍ എന്ന സംഘടനയായിരുന്നു. കേസ് നടത്തിപ്പിനാണോ ഹക്കീക്കത്ത് സിങ്ങിന് പണം കൈമാറിയതെന്ന സംശയമാണ് നിലനില്‍ക്കുന്നത്.

ഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്ന ഉപകരണം സിംഗപ്പൂരില്‍നിന്ന് വാങ്ങാന്‍ എസ്എസ് ഫണ്ടില്‍നിന്ന് എട്ടുകോടി രൂപ വി കെ സിങ്ങിന്റെ കാലത്ത് മുടക്കി. ജമ്മു കശ്മീരിലെ സേനാവിഭാഗത്തിനെന്ന പേരില്‍ 2010ല്‍ വാങ്ങിയ ഉപകരണം 2012 മാര്‍ച്ചില്‍ മിലിട്ടറി ഇന്റലിജന്‍സ് ഡിജിപിയുടെ നിര്‍ദേശപ്രകാരം നശിപ്പിച്ചു. ഇത്തരമൊരു ഉപകരണം രാഷ്ട്രീയനേതാക്കളുടെ ഫോണ്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്നുവെന്ന് മാധ്യമവാര്‍ത്തകള്‍ വന്ന് ദിവസങ്ങള്‍ക്കകമാണ് ഉപകരണം നശിപ്പിക്കാന്‍ നിര്‍ദേശം പോയത്. ചില ഉദ്യോഗസ്ഥരെ അപകീര്‍ത്തിപ്പെടുത്താന്‍ ടിഎസ്ഡി ഉദ്യോഗസ്ഥര്‍ രേഖകളില്‍ കൃത്രിമം കാട്ടിയതും ചില ടിഎസ്ഡി ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി വിദേശയാത്രകള്‍ നടത്തിയതും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മോഡിക്കൊപ്പം വേദി പങ്കിട്ടതിന്റെ പ്രതികാരമായാണ് ജനറല്‍ വി കെ സിങിനെതിരെ രഹസ്യറിപ്പോര്‍ട്ടുമായി സര്‍ക്കാര്‍ രംഗത്തുവരുന്നതെന്ന് ബിജെപി വക്താവ് നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നത് ആലോചിച്ച് വരികയാണെന്ന് ജനറല്‍ വി കെ സിങ് പ്രതികരിച്ചു.
(എം പ്രശാന്ത്)

deshabhimani 210913

No comments:

Post a Comment