Saturday, September 21, 2013

മോഡിക്കു വേണ്ടി പ്രചാരണം; കൃഷ്ണയ്യരുടെ പ്രസ്താവനമറച്ച്

ജ. വി ആര്‍ കൃഷ്ണയ്യര്‍ നരേന്ദ്ര മോഡിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന രൂപത്തില്‍ മാധ്യമങ്ങള്‍ പ്രചാരണം നടത്തിയത് പല കാര്യങ്ങളും മറച്ചുവച്ച്. മോഡിയുടെ ദേശീയ മാനിഫെസ്റ്റോയുടെ അവിഭാജ്യഘടകമാകേണ്ട ഏഴു കാര്യങ്ങള്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മോഡി മുസ്ലിം വിരുദ്ധനും ഇന്ത്യയുടെ അഖണ്ഡതയ്ക്കും സാഹോദര്യത്തിനും എതിരായ നിലപാടുള്ള ആളുമാണെങ്കില്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന തനിക്ക് അദ്ദേഹത്തെ പിന്തുണയ്ക്കാനാകില്ലെന്ന് കൃഷ്ണയ്യര്‍ അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയത് പല മാധ്യമങ്ങളും കണ്ടില്ല. താന്‍ സോഷ്യലിസത്തിനുവേണ്ടി നിലകൊള്ളുന്നയാളാണ്. മോഡി സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയെ പിന്തുണച്ചില്ലെങ്കില്‍ തനിക്ക് അദ്ദേഹത്തെ പിന്തുണയ്ക്കാനാകില്ല. താന്‍ നിര്‍ദേശിച്ച ഏഴു കാര്യങ്ങളില്‍ ഒരു പ്രമുഖ പത്രം ഒന്നു മാത്രമെ കണ്ടുള്ളൂവെന്ന് ജ. കൃഷ്ണയ്യര്‍ "ദേശാഭിമാനി"യോടു പറഞ്ഞു.

മദ്യനിരോധത്തിനും സൗരോര്‍ജ പദ്ധതികള്‍ സ്ഥാപിക്കുന്നതിനുമാണ് തന്റെ പിന്തുണ. സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ നീതിക്കാണ് താന്‍ നിലക്കൊള്ളുന്നത്. നമ്മുടെ നീതിവ്യവസ്ഥ സോഷ്യലിസ്റ്റ് സ്വഭാവം ഉള്ളതാകണം. നമ്മള്‍ പിന്തുടരുന്നത് ബ്രിട്ടീഷ് നീതിവ്യവസ്ഥയാണ്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സാമൂഹ്യ ഘടന സംബന്ധിച്ച് ഭരണഘടനയുടെ ആമുഖത്തിലുള്ള വാഗ്ദാനങ്ങളോടൊപ്പമാണ് താന്‍ നിലകൊള്ളുന്നത്. ഇതിനോടൊപ്പം പൂര്‍ണമായും സജീവമായും സക്രിയമായും മോഡി നിലകൊള്ളണം. പാവപ്പെട്ടവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കാനുള്ള സമഗ്രമായ നയം ഉണ്ടെങ്കിലേ സൗജന്യ നിയമസഹായവും നീതിയും പൂര്‍ണമായി ജനാധിപത്യപരമാകൂ. സര്‍വവ്യാപിയായ അഴിമതിയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു. അഴിമതി നിര്‍മാര്‍ജനത്തിനുവേണ്ടിയുള്ള സമ്പൂര്‍ണ പ്രചാരണമാകണം മോഡിയുടെ സജീവ നയങ്ങളിലൊന്ന്. അഴിമതിയുടെ തരിപോലുമില്ലാത്തവിധം സമൂഹത്തെ വൃത്തിയാക്കിയെടുക്കുകയാകണം ഏതൊരു ഗവണ്‍മെന്റിന്റെയും പ്രധാനപ്പെട്ട നയമെന്നും ജ. വി ആര്‍ കൃഷ്ണയ്യര്‍ വ്യക്തമാക്കി

deshabhimani

No comments:

Post a Comment