Saturday, September 21, 2013

ധാബോല്‍ക്കര്‍ വധത്തിന് ഒരു മാസം: അന്വേഷണം എങ്ങുമെത്തിയില്ല

മഹാരാഷ്ട്രയില്‍ മന്ത്രവാദങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ നരേന്ദ്ര ധാബോല്‍ക്കറെ കൊലപ്പെടുത്തി ഒരു മാസം പിന്നിട്ടിട്ടും ഇതുസംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല. പ്രതികളെപ്പറ്റി ഒരു സൂചനപോലും ഇതുവരെ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. പുണെ പൊലീസ് പ്രത്യേകസംഘം രൂപീകരിച്ചിരുന്നെങ്കിലും സംഭവത്തിനുപിന്നില്‍ ആരാണെന്ന് കണ്ടെത്തുന്നതില്‍ നിസ്സംഗത തുടരുകയാണ്. അതേസമയം, കേസന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ധാബോല്‍ക്കറിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. ഇക്കാര്യം ഉന്നയിച്ച് വിവിധ സംഘടനകള്‍ ഉടന്‍ മഹാരാഷ്ട്ര ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി സമര്‍പ്പിച്ചേക്കും.

കഴിഞ്ഞമാസം 20ന് പ്രഭാത സവാരിക്കിടെയാണ് ധാബോല്‍ക്കര്‍ വെടിയേറ്റുമരിച്ചത്. ബൈക്കിലെത്തിയ സംഘമായിരുന്നു നിറയൊഴിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ആറ് ദൃക്സാക്ഷികളുടെ മൊഴിയും എടുത്തു. എന്നാല്‍, ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലെന്നും അതിനാല്‍ പ്രതികളെപ്പറ്റി സൂചന കിട്ടിയില്ലെന്നുമായിരുന്നു പൊലീസ് ഭാഷ്യം. സംഭവത്തില്‍ രാജ്യമൊട്ടുക്ക് പ്രതിഷേധം ഉയര്‍ന്നതോടെയാണ് അന്വേഷണത്തിന് 20 പ്രത്യേകസംഘത്തെ നിയോഗിച്ചത്. പ്രതികളുടെ രേഖാചിത്രം തയ്യാറാക്കിയശേഷം നിരവധി പേരെ ചോദ്യം ചെയ്തു. എന്നാല്‍, പ്രതികളെപ്പറ്റി സൂചനയൊന്നും ലഭിച്ചില്ല.

അനാചാരങ്ങള്‍ക്കും മന്ത്രവാദത്തിനുമെതിരായി പ്രത്യേകബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ നേതൃത്വം ധാബോല്‍ക്കറിനായിരുന്നു. സനാതന്‍ സംസ്ഥാന്‍ അടക്കമുള്ള ഹിന്ദുത്വസംഘടനകള്‍ക്ക് കൊലയില്‍ പങ്കാളിത്തമുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍, ഈ ദിശയില്‍ അന്വേഷണം നീങ്ങിയില്ല. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് പ്രതികളെ പിടികൂടാന്‍ കഴിയാത്തതെന്ന് ധാബോല്‍ക്കറിന്റെ മകള്‍ മുക്ത ധാബോല്‍ക്കര്‍ പറഞ്ഞു. ഇതുവരെയുള്ള അന്വേഷണത്തില്‍ സന്തുഷ്ടരല്ലെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. അതേസമയം, അന്വേഷണത്തില്‍ അലംഭാവമില്ലെന്നും കുറ്റക്കാര്‍ക്കുവേണ്ടി സമഗ്രമായ തെരച്ചില്‍ നടത്തിവരകിയാണെന്നും പൊലീസ് അസിസ്റ്റന്റ് കമീഷണര്‍ രാജേന്ദ്ര ഭമാരെ പറഞ്ഞു.

deshabhimani

No comments:

Post a Comment