Sunday, September 15, 2013

ഇവന്റ് മാനേജര്‍


ലണ്ടനില്‍ ജനനം. കൊല്‍ക്കത്തയിലും മുംബൈയിലും കൗമാരം. അമേരിക്കയില്‍ ഉപരിപഠനം. ജനഗണമനയോ വന്ദേമാതരമോ കേട്ടു പഴക്കമില്ല. ദൈവം രാജാവിനെ രക്ഷിക്കട്ടെ എന്നാണ് ലണ്ടനില്‍ പാടുന്നത്. അമേരിക്കയിലാകട്ടെ, അവരുടെ പതാകയെ വാഴുത്തുന്ന ഗാനം. രണ്ടും ആംഗലേയത്തില്‍. രബീന്ദ്രനാഥ ടാഗോര്‍ ജനഗണമന എഴുതിയത് സായ്പിന്റെ ഭാഷയിലല്ല. അനന്തപുരിയുടെ സ്വപ്നങ്ങള്‍ പാര്‍ലമെന്റില്‍ പറയാനുള്ള ഇംഗ്ലീഷും തലസ്ഥാന നഗരത്തെ സ്പെയിനിലെ ബാഴ്സലോണയുടെ ശേലില്‍ ഇരട്ട നഗരമാക്കാനുള്ള സ്പാനിഷും പിന്നെ സ്വല്‍പ്പം മംഗ്ലീഷുമേ ശശി തരൂര്‍ പഠിച്ചിട്ടുള്ളൂ.

ജനഗണമന കേട്ടാല്‍ ബംഗാളിയാണോ സംസ്കൃതമാണോ സംസ്കൃതവല്‍ക്കരിക്കപ്പെട്ട ബംഗാളിയാണോ മലയാളമാണോ എന്ന് തിരിച്ചറിയാന്‍ കഴിയില്ല. ജനിക്കുംമുമ്പ് ഇംഗ്ലീഷു പഠിക്കാന്‍ ലണ്ടനില്‍ത്തന്നെ പിറവികൊണ്ടത് അപരാധമല്ല. വഴിതെറ്റിയാണ് രാഷ്ട്രീയാഗമനം. ഐക്യരാഷ്ട്രസഭയില്‍ പരമസുഖമായിരുന്നു. വിവാദമില്ല; വിവേകം വേണ്ട- വെറുതെ ഇരുന്നാല്‍ പ്രശസ്തിയും പ്രതിഫലവും പ്രാപ്തമായിക്കൊള്ളും. ഇന്ത്യയില്‍ വന്നപ്പോള്‍ കോണ്‍ഗ്രസാകാന്‍ തോന്നി. യുഎന്‍ റിട്ടേണ്‍ഡ് കോമള കളേബരന് പറ്റിക്കാന്‍ പറ്റിയ സ്ഥലം അനന്തപത്മനാഭന്റെ നാടാണെന്ന് ഹൈക്കമാന്‍ഡ്. കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴം കോമളവദനന്‍ ജൂബയും ഷാളുമണിഞ്ഞ് മംഗ്ലീഷില്‍ ചിരിച്ച് കൊത്തിക്കൊണ്ടുപോകുന്നത് കണ്ട് കണ്ണീരണിഞ്ഞവര്‍ അശ്രുവില്‍ മുക്കാന്‍ ഖദര്‍ഷാള്‍ വേറെ വാങ്ങി. വെള്ളം കോരാനും വിറകുവെട്ടാനും പരിശീലനം സിദ്ധിച്ചവര്‍ അറിയാവുന്ന ജോലിയില്‍ മുഴുകി. അല്ലാത്ത ചിലര്‍ ചെലവിട്ട കോടികളുടെ കണക്കുപറഞ്ഞു കെറുവിച്ചു. അവരെ വിനോദസഞ്ചാര വികസനത്തിന്റെ കരാര്‍ കൊടുത്ത് സമാധാനിപ്പിച്ചു. തലസ്ഥാനത്തിന് ഒരു തരൂരേയുള്ളൂ എന്ന് പറയിക്കാനുള്ള എല്ലാം പൂര്‍ത്തിയായി. അതിനിടയിലാണ് ചില ചില അവാര്‍ഡുകളൊക്കെ വേണമെന്ന് തോന്നിത്തുടങ്ങിയത്.

മറ്റുള്ള എംപിമാരെപ്പോലെ കഷ്ടപ്പെട്ട് നാട്ടുകാരെ സേവിക്കേണ്ടതില്ല. സഭയില്‍ ചെന്ന് ഭക്ഷ്യ സുരക്ഷയെക്കുറിച്ച് പഠിച്ച് പ്രസംഗിക്കേണ്ടതില്ല. ഇടയ്ക്ക് ഒരു വിവാദം. അത് വാമൊഴിയായോ ട്വീറ്റായോ ആകാം. എന്തെങ്കിലും വിവരക്കേട് വിളിച്ചുപറഞ്ഞാല്‍ പത്രവാര്‍ത്തയാകും; എതിര്‍പ്പുവരും; പേര് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കും. അത്രയൊക്കെയേ വേണ്ടൂ. പക്ഷേ, രണ്ടാംവട്ടം തെരഞ്ഞെടുപ്പിനു പോകുമ്പോള്‍ പഴയ പേരുദോഷം ഒന്നു മാറ്റിയെടുക്കാന്‍ ചിലതെല്ലാം ചെയ്യണം എന്നൊരു തോന്നല്‍. നാണംകെട്ടും അവാര്‍ഡ് വാങ്ങിയാല്‍ നാണക്കേടാ അവാര്‍ഡ് തീര്‍ത്തുകൊള്ളും. മംഗള പത്രവും ശില്‍പ്പവും ആശംസാപ്രസംഗവുമെല്ലാം ചാലക്കമ്പോളത്തില്‍ ആദായവിലയ്ക്ക് കിട്ടും. ഒരു ചടങ്ങുവേണം, അതില്‍ അവാര്‍ഡ് സമ്മാനിക്കാന്‍ ഒരുന്നതനും. തലസ്ഥാനത്താകുമ്പോള്‍ സൗന്ദര്യവും ചിരിയും വീട്ടുപേരും തറവാട്ടു മഹിമയും വോട്ടാകുമെന്നാണ് യുഎന്‍ പുസ്തകത്തിലെ ലിഖിതം. അയ്യന്‍കാളി, ശ്രീനാരായണ ഗുരു, വൈകുണ്ഠസ്വാമി എന്നിങ്ങനെ ചില പേരുകളില്‍ അവാര്‍ഡ് കിട്ടിയാല്‍ പ്രശസ്തിയും തരാവും വോട്ടും തരപ്പെടുമെന്നും അനന്തപുരിപ്പെരുമയായി പുരാണങ്ങളിലുണ്ട്.

ആഗോളം, മതേതരം, സമാധാനം ഇത്യാദി മരുന്നുകള്‍ക്കാണെങ്കില്‍ നാട്ടില്‍ ഒരു പഞ്ഞവുമില്ല. തോക്കുസ്വാമിമുതല്‍ ബാബാ രാംദേവ് വരെ ദിനേന സേവിക്കുന്ന അവയെല്ലാം ചേര്‍ത്ത് ശ്രീനാരായണഗുരു ഗ്ലോബല്‍ സെക്യുലര്‍ ആന്‍ഡ് പീസ് അവാര്‍ഡിന്റെ സൃഷ്ടിയും സ്വീകാരവും എന്ന മഹദ്കര്‍മം തരൂരിന്റെ തലയില്‍ വന്നുപെട്ടത് അങ്ങനെ. കുഴപ്പം കുന്നുകയറിയും വരും. ടാഗോറിന് തരൂരിനോട് മുജ്ജന്മ ശത്രുതയുണ്ട്. ജനഗണമന എന്ന് എവിടെ പാടിയാലും തരൂര്‍ പ്രതിയാകും. നെഞ്ചില്‍ കൈവച്ച് ജനഗണമന പാടി ദേശീയഗാനത്തെ ആഗോളവല്‍ക്കരിക്കാന്‍ ശ്രമിച്ചതിന് പഴികേട്ടതും മാപ്പുപറഞ്ഞ് തടിയൂരിയതും ഒരു സ്വപ്നംപോലെ കഴിഞ്ഞു. ഇപ്പോള്‍ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ഒരു പോസ്റ്ററൊട്ടിപ്പുകാരനെക്കൊണ്ട് ജനഗണമന പാടിച്ചു എന്നതാണ് കുറ്റം. ഉപരാഷ്ട്രപതിയെ വിഡ്ഢിദിനത്തില്‍ ജനിച്ചവനെന്നു വിളിക്കാനും പോസ്റ്ററൊട്ടിക്കാനും ജനഗണമന പാടി പടുപാട്ടുകാരനാകാനും കൂലികൊടുത്താല്‍ ആളെക്കിട്ടും. അത് നാട്ടുനടപ്പാണ്. കൂലികൊടുത്ത് വോട്ടുചെയ്യിക്കാമെങ്കില്‍ ജനഗണമന പാടുന്നതില്‍ അതായിക്കൂടേ എന്ന് ചോദിക്കാം. ശ്രീനാരായണ ഗുരു വെള്ളാപ്പള്ളിയുടെയും ശിവഗിരി മഠത്തിന്റെയും സ്വകാര്യസ്വത്തല്ലാത്തതുകൊണ്ട് ആ പേരിന്റെ പകര്‍പ്പവകാശത്തിലും തര്‍ക്കമില്ല. എന്നിട്ടും വിവാദമെന്തിന് ഈ പാവത്തിനെതിരെ? ദേശീയഗാനം ഒന്നാം വരിയും അവസാന വരിയും പാടിതെറ്റിച്ചതിന് കൂലിക്കാര്യത്തില്‍ കണക്കുപറഞ്ഞാല്‍ തീരാവുന്ന പ്രശ്നം തരൂരിന്റെ തലയില്‍ ഇടുന്നതാണ് യഥാര്‍ഥ പ്രശ്നം. വെറുതെയാണ് വിവാദങ്ങള്‍.

"ഇന്ത്യ ഇസ്രയേലിനോട് അസൂയപ്പെടുന്നു" എന്നെഴുതിയത് ആദ്യം വിവാദമാക്കി. കേന്ദ്ര മന്ത്രിയായപ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ സാധാരണമുറിയില്‍ സ്ഥിരതാമസമാക്കിയത് ശത്രുക്കള്‍ക്ക് പിടിച്ചില്ല. സോണിയ സാദാവിമാനത്തിലും രാഹുല്‍ ട്രെയിനിലും സഞ്ചരിച്ചപ്പോള്‍, "കന്നുകാലി ക്ലാസില്‍" സഞ്ചരിക്കാന്‍ത്തന്നെ കിട്ടില്ലെന്നു തുറന്നു പറഞ്ഞപ്പോള്‍ കപട ലോകത്തിലെ ആത്മാര്‍ഥ ഹൃദയം പ്രതിക്കൂട്ടിലായി. ഇന്ത്യ-പാക് ചര്‍ച്ചയില്‍ സൗദി അറേബ്യയും പങ്കാളിയാകണമെന്ന് അവിടെച്ചെന്ന് പറയാന്‍ തന്റേടം കാട്ടിയപ്പോള്‍, ചേരയെ തിന്നുന്ന നാട്ടില്‍ നടുക്കഷണം തിന്നണമെന്ന തത്വം അറിയാത്തവര്‍ ഒച്ചവച്ചു. ഐപിഎല്‍ കളിയില്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ഇടപെട്ട് വിയര്‍പ്പോഹരി വാങ്ങിയപ്പോള്‍ അതിലും കണ്ണുകടി. വിയര്‍പ്പോഹരിപറ്റിയ സുനന്ദയെ ജീവിതസഖിയാക്കിയപ്പോള്‍ വിവാദക്കണ്ണേറുകള്‍ നവദമ്പതികള്‍ക്കുമേല്‍ പതിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിന് കണ്‍സള്‍ട്ടസി എന്ന ഉഗ്രഭാരം തലയില്‍വച്ചതിന് പ്രതിഫലം പറ്റിയതും തെറ്റാണുപോലും. അസൂയക്കാര്‍ മന്ത്രിപദം തെറിപ്പിച്ചേ അടങ്ങിയുള്ളൂ.

നല്ലനടപ്പുകാലം ഒരുവിധം പൂര്‍ത്തിയാക്കി മന്ത്രിപദം വീണ്ടും കിട്ടിയതേയുള്ളൂ. അതൊന്നുറപ്പിക്കാന്‍ അവാര്‍ഡ് യജ്ഞം നടത്തുമ്പോഴേക്കും വീണ്ടും വിവാദത്തില്‍ കുളിക്കേണ്ടിവരുന്നത് കഷ്ടംതന്നെ. വിവേകാനന്ദന്‍ മധുപാനിയും മാംസഭോജിയുമാണെന്നു പറഞ്ഞാല്‍ അത്, സമൂഹത്തിലെ മദ്യപരെയും മാംസാഹാരികളെയും സന്തോഷിപ്പിക്കേണ്ട കാര്യമല്ലേ? ഉപരാഷ്ട്രപതിക്കുമുന്നില്‍ ദേശീയഗാനം തെറ്റായാലപിച്ചാല്‍, നേരെ ചൊവ്വെ അതെങ്കിലും പാടാന്‍ പഠിപ്പിക്കാത്ത വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരായ കടന്നാക്രമണമല്ലേ? ഇതൊക്കെ മനസ്സിലാക്കി അനന്തപുരിക്കാര്‍ ഇനിയും തരൂരിനെത്തന്നെ ജയിപ്പിക്കും. മനസ്സിലാകാത്തവരുണ്ടെങ്കില്‍ തക്ക പ്രതിഫലം നല്‍കി മനസ്സിലാക്കിക്കുന്നതുമാണ്.

deshabhimani varanthapathipp 150913

No comments:

Post a Comment