Sunday, September 15, 2013

കരിമണല്‍ മാഫിയക്ക് സര്‍ക്കാര്‍ സഹായം

കരിമണല്‍ കടത്തലിന് മാഫിയക്ക് സര്‍ക്കാറിന്റെ സഹായം. സ്വന്തമായി ഖനനഭൂമിയുള്ള കേരള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡിനെ (കെഎംഎംഎല്‍) ഖനനത്തിന് അനുവദിക്കാതെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സില്‍(ഐആര്‍ഇ)നിന്ന് ഇല്‍മനൈറ്റ് വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. പൊതുമേഖലയിലെ ടിടിപി, സ്വകാര്യമേഖലയിലെ സിഎംആര്‍എല്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഇല്‍മനൈറ്റ് നല്‍കാന്‍ നിയമപ്രകാരം ബാധ്യതയുള്ള സ്ഥാപനമാണ് ഐആര്‍ഇ. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലൂടെ രാജ്യത്തിന് കോടിക്കണക്കിന് രൂപ വിദേശനാണ്യം നേടിത്തരുന്ന സിഎംആര്‍എല്‍ ആരംഭിച്ചതുതന്നെ ഈ സ്ഥാപനത്തിനുവേണ്ട ഇല്‍മനൈറ്റ് ഐആര്‍ഇ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്

എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വന്നശേഷം സിഎംആര്‍എലിന് ഇല്‍മനൈറ്റ് നല്‍കിവന്നിരുന്നത് പൂര്‍ണമായി നിലച്ചു. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനത്തിന്റെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഐആര്‍ഇയില്‍നിന്ന് ഇല്‍മനൈറ്റ് വേണ്ടെന്ന നിലപാടാണ് കെഎംഎംഎല്‍ എടുത്തത്. ഐആര്‍ഇക്ക് ധാതുമണല്‍ഖനനത്തിന് കേവലം 173 ഹെക്ടര്‍ ഭൂമി മാത്രമാണുള്ളത്. ഇവിടെനിന്നാണ് സിഎംആര്‍എലിന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലംവരെ ഇല്‍മനൈറ്റ് ലഭിച്ചുവന്നത്. കെഎംഎംഎലിന് ഐആര്‍ഇ ഇല്‍മനൈറ്റ് നല്‍കിത്തുടങ്ങിയതു മൂലം ടൈറ്റാനിയവും സിഎംആര്‍എലും പ്രതിസന്ധിയിലാണ്.

ആലപ്പുഴ, കൊല്ലം ജില്ലകളിലെ കരിമണല്‍ മാഫിയകളെയാണ് സര്‍ക്കാര്‍ നടപടി സഹായിക്കുന്നത്. പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ കരിമണലാണ് ഇവിടെനിന്ന് മാഫിയകള്‍ തൂത്തുക്കുടി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് കടത്തുന്നത്. യുഡിഎഫ് സര്‍ക്കാരിലെ ചില മന്ത്രിമാര്‍ക്കും ഒരു കേന്ദ്രമന്ത്രിക്കും കരിമണല്‍ ലോബിയുമായുള്ള ബന്ധത്തിന്റെയും ഉന്നതതല ഗൂഢാലോചനയുടെയും ഫലമായാണിത്. തൂത്തുക്കുടിയില്‍ അധികൃതര്‍ നടത്തിയ റെയ്ഡില്‍ ലക്ഷക്കണക്കിന് ടണ്‍ കരിമണല്‍ പിടികൂടിയിരുന്നു. കേരളത്തില്‍നിന്ന് കടത്തിക്കൊണ്ടുവന്നതായി കണ്ടെത്തിയ കരിമണല്‍ പിടികൂടിയ കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അനധികൃത ഖനനവും കള്ളക്കടത്തും നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചപ്പോഴും അത് നടപ്പാക്കാത്ത ഏക സംസ്ഥാനം കേരളമാണ്.

deshabhimani

No comments:

Post a Comment