Saturday, September 21, 2013

നിയമനനിരോധനം പിന്‍വലിക്കണം: ഡിവൈഎഫ്ഐ

ചെലവുചുരുക്കലിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നിയമനനിരോധനം അടിയന്തരമായി പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. നിലവില്‍ ഒഴിവുള്ള എല്ലാ തസ്തികകളും നികത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഡിവൈഎഫ്ഐ പ്രസിഡന്റ് എം ബി രാജേഷും ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജിയും പ്രസ്താവനയില്‍ പറഞ്ഞു.

സെപ്തംബര്‍ 18ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ചെലവുചുരുക്കലിന്റെ ഭാഗമായി സമ്പൂര്‍ണ നിയമനനിരോധനം പ്രഖ്യാപിച്ചിട്ടുള്ളത്. ഒരുവര്‍ഷത്തില്‍ ഏറെയായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്. രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. യുവാക്കള്‍ക്ക് കനത്ത തിരിച്ചടിയാണിത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരേപോലെ തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. വിവിധ തലങ്ങളില്‍ ലക്ഷക്കണക്കിന് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. റെയില്‍വേയില്‍മാത്രം മൂന്ന് ലക്ഷത്തിലേറെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. നിയമനം നിരോധിച്ചും ഒഴിവുള്ള തസ്തികകള്‍ റദ്ദാക്കിയും ചെലവുചുരുക്കലിനാണ് സര്‍ക്കാര്‍ ശ്രമം. കരാര്‍തൊഴിലും പുറംതൊഴില്‍ നല്‍കലും നിയമനങ്ങള്‍ താല്‍ക്കാലികമാക്കുന്നതുമെല്ലാം യുവജനങ്ങളെ കൂടുതല്‍ ചൂഷണത്തിന് വിധേയമാക്കും. അരക്ഷിതത്വബോധം യുവജനങ്ങളില്‍ വര്‍ധിക്കുകയാണ്. വര്‍ഗീയ ശക്തികളും മറ്റ് പ്രതിലോമശക്തികളും ഈ സാഹചര്യം ചൂഷണം ചെയ്യുന്നു. മതത്തിന്റെയും മേഖലയുടെയും അടിസ്ഥാനത്തിലുള്ള ചേരിതിരിവ് രാജ്യത്തിന്റെ ഭാവിക്ക് ദോഷകരമാണ്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും പോലുള്ള ഗുരുതര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കയാണ്-പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment