Saturday, September 21, 2013

വകുപ്പുകള്‍ക്കെതിരെ ഉമ്മന്‍ചാണ്ടി

ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമായതും ക്ഷേമപെന്‍ഷന്‍ വിതരണം അവതാളത്തിലായതും വകുപ്പുകളുടെ വീഴ്ചമൂലമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി സഭായോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ഓണക്കാലത്തെ വിപണി ഇടപെടലും പെന്‍ഷന്‍വിതരണവും വന്‍ പരാജയമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണം, നഗരാസൂത്രണം, സിവില്‍ സപ്ലൈസ്, കൃഷി, സഹകരണ വകുപ്പുകള്‍ക്കെതിരെ മുഖ്യമന്ത്രി പരസ്യമായി രംഗത്തെത്തിയത്.

ഓണത്തിന് ക്ഷേമപെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതില്‍ വീഴ്ചവന്നതില്‍ ദുഃഖമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഴിയാണ് ഇവ വിതരണംചെയ്യുന്നത്. പണം സര്‍ക്കാര്‍ കൃത്യമായി നല്‍കി. എന്നാല്‍, ഗുണഭോക്താക്കള്‍ക്ക് എത്തിക്കുന്നതില്‍ വീഴ്ചയുണ്ടായി. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ് തുടങ്ങിയവയ്ക്ക് പണം നല്‍കിയിരുന്നു. ഈ സ്ഥാപനങ്ങളുടെ വരവുചെലവുകണക്കുകള്‍ വിശദമായി പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിപണി ഇടപെടലിന് അനുവദിച്ച കോടികള്‍ വകമാറ്റിയെന്ന ആരോപണം അന്വേഷിക്കും. ഓണക്കാലത്ത് പാചകവാതകക്ഷാമം ഒരിടത്തും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. തലസ്ഥാനത്ത് നിലവില്‍ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment