Saturday, September 21, 2013

ഗ്രൗണ്ട് ഹാന്‍ഡ്ലിങ് വിദേശ കമ്പനിക്ക്; വ്യവസായവകുപ്പിനെതിരെ ഐഎന്‍ടിയുസി

കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിങ്, എയര്‍ കാര്‍ഗോ ജോലികള്‍ വിദേശ കമ്പനിക്കു കൈമാറാന്‍ വ്യവസായവകുപ്പ് മൗനാനുവാദം നല്‍കുകയാണെന്ന് ഐഎന്‍ടിയുസി. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തെങ്കിലും മന്ത്രി ഇതിന് പുല്ലുവിലയാണ് കല്‍പ്പിച്ചതെന്നും ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയും എയര്‍പോര്‍ട്ട് വര്‍ക്കേഴ്സ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റുമായ വി പി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജോലി വിദേശ കമ്പനിക്കു കൈമാറുന്നതിനെതിരെ അടുത്തമാസം തൊഴിലാളികളുടെ കണ്‍വന്‍ഷന്‍ വിളിക്കുമെന്നും മറ്റു സംഘടനകളുമായി ചേര്‍ന്ന് പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

കരിപ്പുര്‍, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ഏഴായിരത്തിലധികം തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ നല്‍കുന്നത് വ്യവസായവകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് (കെഎസ്ഐഇ) ആണ്. ഇതിന്റെ നിയന്ത്രണത്തില്‍, സിംഗപ്പുര്‍ ആസ്ഥാനമായ സാക്സ് (ഇവിടെ എയര്‍ഇന്ത്യ സാക്സ്) എന്ന കമ്പനിയാണ് ഗ്രൗണ്ട് ഹാന്‍ഡ്ലിങ്, എയര്‍ കാര്‍ഗോ ജോലികള്‍ ചെയ്യുന്നത്. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പുര്‍ എന്നിവിടങ്ങളിലെ കാര്‍ഗോ കോംപ്ലക്സുകള്‍ പൂര്‍ണമായി ഈ കമ്പനിക്കു കൈമാറാനാണ് നീക്കം. ഇതോടെ കെഎസ്ഐഇ അടച്ചുപൂട്ടേണ്ടിവരും. വ്യവസായവകുപ്പിന്റെ മൗനാനുവാദത്തോടെയാണ് സിംഗപ്പുര്‍ കമ്പനിയുടെ നീക്കം. പൊതുമേഖലാ സ്ഥാപനമാണെന്നു പറഞ്ഞ് എയര്‍ഇന്ത്യ സാക്സ് സര്‍ക്കാരിനെയും പൊതുജനങ്ങളെയും കബളിപ്പിക്കുകയാണ്. ഇവര്‍ അഞ്ചുവര്‍ഷമായി എയര്‍ ഇന്ത്യക്ക് ലാഭവിഹിതം നല്‍കിയിട്ടില്ല. ഇതേപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമീഷണര്‍ക്ക് ഐഎന്‍ടിയുസി പരാതി നല്‍കിയിട്ടുണ്ട്- വി പി ജോര്‍ജ് പറഞ്ഞു.

ജനറല്‍ സെക്രട്ടറി ജീമോന്‍ കൈയാല, സെക്രട്ടറിമാരായ ഷിജോ തച്ചപ്പിള്ളി, രഞ്ജിത് മത്തായി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment