മുസഫര്‍ നഗര്‍ കലാപം; ഒരു ബിജെപി എംഎല്‍എ കൂടി അറസ്റ്റില്‍
ന്യൂഡല്‍ഹി: മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ഒരു ബിജെപി എംഎല്‍എ കൂടി അറസ്റ്റിലായി. സംഗീത് സോം ആണ് ശനിയാഴ്ച അറസ്റ്റിലായത്. മീററ്റ് ജില്ലയിലെ സര്‍ധാനയില്‍ നിന്നുള്ള എംഎല്‍എയാണ് സംഗീത് സോം. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ് മുസഫര്‍നഗര്‍ സന്ദര്‍ശനം മാറ്റിവെച്ചു.
നിരോധാജ്ഞ ലംഘിച്ച് ആളുകളെ സംഘടിപ്പിക്കുകയും പ്രകോപനപരമായി പ്രസംഗിച്ച് കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തതിന് കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എ സുരേഷ് റാണ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ എംഎല്‍എമാര്‍ ഉള്‍പ്പെടെ 16 നേതാക്കള്‍ക്കെതിരെ മുസാഫര്‍നഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ബിജെപി എംഎല്‍എ ബര്‍തേന്ദു സിങ്, ബിഎസ്പിയുടെ എംപി കാദിര്‍ റാണ, ബിഎസ്പി എംഎല്‍എമാരായ ജമീല്‍ അഹമ്മദ്, നൂര്‍ സലീം റാണ, കോണ്‍ഗ്രസ് നേതാവ് സഈദുദ്ദീന്‍, ജാട്ട് കര്‍ഷക സംഘടന നേതാവ് നരേഷ് തികായത്ത്, സമാജ് വാദി പാര്‍ട്ടി നേതാവ് റഷീദ് സിദ്ദീഖി തുടങ്ങിയവര്‍ക്കെതിരെയും ജാമ്യമില്ലാ വാറന്റ് നിലവിലുണ്ട്.
കര്‍ണാടക എംഎല്‍എ അറസ്റ്റില്‍
ബംഗളൂരു: ബല്‍ക്കേരി ഇരുമ്പയിര് അഴിമതിക്കേസില്‍ കര്‍ണാടക എംഎല്‍എയെ സിബിഐ അറസ്റ്റുചെയ്തു. ബല്ലാരി ജില്ലയിലെ കാപ്ലി എംഎല്‍എ സുരേഷ്ബാബുവിനെയാണ് വ്യാഴാഴ്ച അറസ്റ്റുചെയ്തത്. ബിഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയായ സുരേഷ്ബാബു കോടിക്കണക്കിന് രൂപയുടെ ഇരുമ്പയിര് അനധികൃതമായി കടത്തിയെന്നാണ് കേസ്.
ലൈംഗിക പീഡനം: രാജസ്ഥാനില്‍ കോണ്‍ഗ്രസ് മന്ത്രി രാജിവച്ചു
ബലാത്സംഗക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജസ്ഥാനില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ക്ഷീര വികസനമന്ത്രിയുമായ ബാബുലാല്‍നഗര്‍ സ്ഥാനം രാജിവച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ടിനാണ് ബാബുലാല്‍ രാജിക്കത്ത് കൈമാറിയത്. രാജി സ്വീകരിച്ചതായി കോണ്‍ഗ്രസ് നേതാവ് ഗുരുദാസ് കാമത്ത് അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മുതിര്‍ന്ന നേതാവ് ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ടത് കോണ്‍ഗ്രസിന് തിരിച്ചടിയായി. നേരത്തെ ഭന്‍വാരിദേവിയെന്ന നേഴ്സിനെ പീഡിപ്പിച്ചശേഷം കൊന്ന സംഭവത്തില്‍ ആരോഗ്യ- ജലവിഭവ മന്ത്രി മഹിപാല്‍ മദേര്‍നയും രാജിവെച്ചിരുന്നു.
ജോലി വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് ബാബുലാല്‍നഗറിന്റെ വസതിയിലേക്ക് വിളിപ്പിച്ചശേഷം ബലാത്സംഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മുപ്പത്തഞ്ചുകാരി കോടതിയില്‍ പരാതി നല്‍കിയിരുന്നു. പൊലീസില്‍ പരാതി നല്‍കിയാല്‍ നീതി കിട്ടില്ലെന്നതിനാലാണ് നേരിട്ട് സമീപിക്കുന്നതെന്ന് യുവതി കോടതി മുമ്പാകെ പറഞ്ഞു. തുടര്‍ന്ന് പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. കേസെടുത്തതിനെ തുടര്‍ന്ന് മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ സിബിഐ റെയ്ഡ് നടത്തി. പരാതിക്കാരിയെയും കൂട്ടിയാണ് സിബിഐയുടെ പ്രത്യേകസംഘം റെയ്ഡിനെത്തിയത്. കഴിഞ്ഞദിവസം അന്വേഷണസംഘം യുവതിയോടൊപ്പം മന്ത്രിയുടെ വീട്ടിലെത്തി തെളിവെടുത്തു. പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന ദിവസം താന്‍ വസതിയിലുണ്ടായിരുന്നുവെന്ന് ബാബുലാല്‍ സമ്മതിച്ചുവെങ്കിലും പീഡിപ്പിച്ചിട്ടില്ലെന്നാണ് അവകാശവാദം. പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന അഞ്ചുമണിക്ക് കുടുംബാംഗങ്ങളും നിരവധി പാര്‍ടി പ്രവര്‍ത്തകരും വീട്ടില്‍ ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
deshabhimani
No comments:
Post a Comment